സംസ്ഥാന ബജറ്റ്‌ മൂന്നിന്‌ ; വളർച്ച നിലനിർത്താൻ കർമ പരിപാടി


തിരുവനന്തപുരം
കോവിഡാനന്തരം കേരളം കൈവരിച്ച വളർച്ച നിലനിർത്താനുള്ള കർമപരിപാടിയായിരിക്കും സംസ്ഥാന ബജറ്റിന്റെ കാതൽ. സംസ്ഥാന സമ്പദ്വ്യവസ്ഥ സ്ഥിരവിലയിൽ 12 ശതമാനവും നടപ്പുവിലയിൽ 17 ശതമാനവും വളർച്ച നേടിയതായാണ് റിസർവ് ബാങ്ക് വിലയിരുത്തൽ. കൃഷി, വ്യവസായം, സേവനം തുടങ്ങിയ മേഖലകൾക്ക് ഊന്നൽ നൽകിയായിരിക്കും ഫെബ്രുവരി മൂന്നിന് ധനമന്ത്രി കെ എൻ ബാലഗോപാൽ ബജറ്റ് അവതരിപ്പിക്കുക.

ഉൽപ്പാദനമേഖലകളുടെ ഉത്തേജനത്തിലൂടെ സാമ്പത്തിക വളർച്ച എന്നതായിരിക്കും മുഖമുദ്ര. ഉയർന്ന ഉൽപ്പാദനവും തൊഴിലവസരവും സമ്പദ്ഘടനയിൽ സൃഷ്ടിക്കുന്ന ചലനങ്ങൾ സർക്കാർ വരുമാനം ഉയർത്തുമെന്നാണ് കണക്കുകൂട്ടൽ. കൃഷി, മൂല്യവർധിത ഉൽപ്പന്നങ്ങൾ എന്നിവയ്ക്ക് കാര്യമായ വകയിരുത്തലുണ്ടായേക്കും. വ്യവസായരംഗത്ത് സംരംഭകത്വത്തിനും സ്റ്റാർട്ടപ്പുകൾക്കും സഹായങ്ങൾ തുടരും. സംരംഭകത്വ വർഷം പദ്ധതിയുടെ വിജയം മേഖലയിൽ കൂടുതൽ പ്രതീക്ഷ നൽകുന്നു. ഹോട്ടൽ, റസ്റ്റോറന്റ്, ടൂറിസം, വാണിജ്യം തുടങ്ങിയവയ്ക്കും മുന്തിയ പരിഗണനയുണ്ടാകും. ഐടി പാർക്കുകളുടെ സൗകര്യം ഉയർത്തി കൂടുതൽ കമ്പനികളെ ആകർഷിക്കും.

വരുമാനം ഉയർത്തൽ ധനമന്ത്രിക്കു മുന്നിലെ വലിയ വെല്ലുവിളിയാകും. ജിഎസ്ടി കാലഘട്ടത്തിൽ നികുതികളിലെ വർധനയ്ക്കുള്ള സാധ്യതകൾ പരിമിതമാണ്. മദ്യ, ഇന്ധന നികുതികൾ ഉയർത്താനാകില്ല. മറ്റുള്ളതിൽ വലിയ മാറ്റവും സാധ്യമല്ല. സേവനമേഖലയിലെ ഫീസ്, ചാർജ്, പിഴ എന്നിവ ഉയർത്തുകയെന്ന നിർദേശം ചർച്ചകളിൽ ഉയർന്നിരുന്നു. വർഷങ്ങൾക്കുമുമ്പ് നിർണയിച്ച ഫീസുകളും മറ്റും കാലികമാക്കണമെന്നാണ് നിർദേശം. ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലാകും മാറ്റം. സംസ്ഥാനത്തിന്റെ പ്രതിശീർഷ വരുമാനം ഇന്ത്യയുടെ ശരാശരിയുടെ ഒന്നര ഇരട്ടിയായി. വരുമാനമുള്ളവരിൽനിന്ന് ന്യായമായ ഫീസ് ഈടാക്കാമെന്ന അഭിപ്രായം ശക്തമാണ്. ഈ വർഷം തനതു വരുമാനത്തിൽ 12,000 കോടി രൂപയുടെ വർധനയുണ്ടായി. അടുത്തവർഷം 10,000 കോടി രൂപയുടെ വർധന കണക്കുകൂട്ടുന്നു. ശമ്പളം, പെൻഷൻ പരിഷ്കരണത്തിന്റെ ഭാഗമായി വർഷം 20,000 കോടിയോളം രൂപയുടെ അധിക ബാധ്യതയുമുണ്ടാകും.



Credits Kerala || Deshabhimani ​Online ​News https://ift.tt/eIBNlPG

Comments

Archive

Contact Form

Send