എന്നും പിന്നാക്കക്കാർക്കൊപ്പം നിലകൊണ്ട സോഷ്യലിസ്റ്റ്
ന്യൂഡൽഹി
ജബൽപുർ എൻജിനിയറിങ് കോളേജിൽനിന്ന് സ്വർണമെഡലോടെ പാസായിട്ടും ശരദ് യാദവ് തെരഞ്ഞെടുത്തത് രാഷ്ട്രീയത്തിന്റെ വഴി. പഠനകാലത്തുതന്നെ രാം മനോഹർ ലോഹ്യയുടെ ആശയങ്ങളിൽ ആകൃഷ്ടനായി വിദ്യാർഥി സംഘടനാ പ്രവർത്തനങ്ങളിൽ സജീവമായി. 1974ലെ ജബൽപുർ ഉപതെരഞ്ഞെടുപ്പ് വഴിത്തിരിവായി. ജബൽപുരിൽ കോൺഗ്രസിനെ തോൽപ്പിച്ച് ഇന്ദിരയ്ക്ക് തിരിച്ചടിയേകാൻ ജയപ്രകാശ് നാരായൺ തേടിയത് മികച്ചൊരു യുവസ്ഥാനാർഥിയെ. ജെപി ഏൽപ്പിച്ച ഉത്തരവാദിത്വം ശരദ് യാദവ് ഭംഗിയായി നിറവേറ്റി. തുടർന്നുള്ള അഞ്ചു ദശകം ശരദ് യാദവ് ദേശീയ രാഷ്ട്രീയത്തിൽ ഭരണപക്ഷത്തും പ്രതിപക്ഷത്തുമായി നിറഞ്ഞുനിന്നു.
അടിയുറച്ച സോഷ്യലിസ്റ്റുകാരനായ ശരദ് യാദവ് കേന്ദ്രത്തിലെ പല സഖ്യ സർക്കാരുകളിലും നിർണായക കണ്ണിയായി. മുലായം, ലാലു തുടങ്ങി മറ്റു നേതാക്കളെപ്പോലെ വിപുലമായ ജനകീയ അടിത്തറയില്ലെങ്കിലും സോഷ്യലിസ്റ്റ് രാഷ്ട്രീയത്തിൽ തന്റേതായ ഇടം നേടിയെടുത്തു. ഏഴുവട്ടം ലോക്സഭാംഗവും മൂന്നുവട്ടം രാജ്യസഭാംഗവുമായി. വി പി സിങ് സർക്കാരിലും വാജ്പേയി സർക്കാരിലും മന്ത്രിയായി. ആദ്യ രണ്ടുവട്ടം മധ്യപ്രദേശിൽനിന്ന് ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടെങ്കിലും പിന്നീട് ബിഹാറിലേക്ക് കളംമാറ്റി.
മണ്ഡൽ കമീഷൻ റിപ്പോർട്ട് നടപ്പാക്കുന്നതിൽ നിർണായക പങ്ക് വഹിച്ചു. പ്രധാനമന്ത്രിയായിരുന്ന വി പി സിങ് സമ്മർദങ്ങളാൽ മണ്ഡൽ കമീഷനോട് മുഖംതിരിഞ്ഞ് നിൽക്കുന്ന ഘട്ടത്തിൽ നിർണായക ഇടപെടൽ ശരദ് യാദവിന്റേതായിരുന്നു. 1990ൽ ലാലുവിനെ ബിഹാർ മുഖ്യമന്ത്രിയാക്കുന്നതിലും പ്രധാന പങ്ക് വഹിച്ചു. എന്നാൽ, പിന്നീട് നിതീഷിന്റെ ജെഡിയുവിനൊപ്പം എൻഡിഎയുടെ ഭാഗമായി. 2013ൽ നിതീഷ് ബിജെപി സഖ്യം വിട്ടപ്പോഴും ഒപ്പമുണ്ടായിരുന്നു. ലാലുവിനെയും നിതീഷിനെയും വീണ്ടും ഒന്നിപ്പിച്ച് 2015ൽ സഖ്യസർക്കാർ രൂപീകരിക്കുന്നതിലും വിജയം കണ്ടു. എന്നാൽ, നിതീഷ് വീണ്ടും ബിജെപി പാളയത്തിലേക്ക് പോയപ്പോൾ എതിർത്തു. ജെഡിയു വിട്ട് ലോക്താന്ത്രിക് ജനതാപാർടി രൂപീകരിച്ചു.
Credits National || Deshabhimani Online News https://ift.tt/oHEXM9Z
Comments