ജുനൈദ്‌ വധം : ആശ്രയമറ്റത്‌ 16 പേർക്ക്‌ ; അരക്ഷിതമായ ന്യൂനപക്ഷ ജീവിതങ്ങളുടെ നേർചിത്രം

ജുനൈദിനെ ഗോരക്ഷാ ഗുണ്ടകൾ ചുട്ടുകൊന്നതോടെ നിരാലംബരായത് 16 പേർ. രോഗിയായ സഹോദരന്റെ ഏഴു മക്കളടക്കം 13 കുട്ടികൾ ജുനൈദിന്റെ സംരക്ഷണത്തിലായിരുന്നു. ഭരത്പുർ മേവാത്തിലെ ഘാട്ട്മീക ഗ്രാമത്തിൽ ചില്ലറ വ്യാപാരം നടത്തിയാണ് ഈ യുവാവ് ഇവരെ പോറ്റിയിരുന്നത്.

12 വയസ്സുള്ള പർവാൻമുതൽ കൈക്കുഞ്ഞായ ഷിബവരെയുള്ള തന്റെ ആറ് മക്കൾക്കൊപ്പം സഹോദരന്റെ കുട്ടികളെയും സംരക്ഷിച്ചിരുന്നത് ജുനൈദ് ആണെന്ന് ബന്ധുക്കളും നാട്ടുകാരും പറയുന്നു.കോൺഗ്രസും ബിജെപിയും മാറിമാറി ഭരിക്കുന്ന രാജസ്ഥാനിൽ ഗ്രാമവാസികൾ, പ്രത്യേകിച്ച് ന്യൂനപക്ഷവിഭാഗങ്ങൾ നേരിടുന്ന അവഗണനയുടെ നേർചിത്രമാണ് ഘാട്ട്മീകയിലേത്. ഈയിടെ തുറന്ന ഡൽഹി–-മുംബൈ എട്ടുവരി എക്സ്പ്രസ്വേയിൽ ഹരിയാന അതിർത്തിയിലെ ഗട്ട ഷംസാബാദിൽനിന്ന് അര മണിക്കൂർ ഗ്രാമീണവഴിയിൽ സഞ്ചരിച്ചാൽ ഘാട്ട്മീകയിലെത്താം. പൊളിഞ്ഞ, വൃത്തിഹീനമായ പാത. വീടുകൾ ഇല്ലായ്മകളുടെ പ്രതീകം. കോൺഗ്രസിന് വോട്ട് ചെയ്യുന്നവരാണ് ഗ്രാമവാസികൾ. നിലവിലെ എംഎൽഎ കോൺഗ്രസുകാരനാണ്. എന്നാൽ, ഇവിടെ വികസനത്തിന്റെ അടയാളമായി ഒന്നുമില്ല.

കുട്ടികൾ സ്കൂളിൽ പോകാറില്ല. ആൺകുട്ടികൾ ഡ്രൈവിങ് പഠിക്കും. ഇവിടെ ട്രക്ക് ഡ്രൈവർമാർ ഒട്ടേറെപ്പേരുണ്ട്. പ്രതിമാസം 8000 മുതൽ 10,000 രൂപവരെയാണ് കിട്ടുന്നതെന്ന് ട്രക്ക് ഡ്രൈവറായ യൂസഫ് ഭായ് പറഞ്ഞു. കൃഷി ചെയ്യാൻ സ്വന്തമായി ഭൂമിയുള്ളവർ തീരെ കുറവാണ്. ജുനൈദിന്റെ കുടുംബത്തിന് ഒരു തുണ്ടുപോലും കൃഷിയിടമില്ല. ജുനൈദിനൊപ്പം കൊല്ലപ്പെട്ട നസീറിന്റെ കുടുംബത്തിന്റെ സ്ഥിതിയും വ്യത്യസ്തമല്ല. കുറച്ചുകാലംമുമ്പ് മരിച്ച സഹോദരന്റെ രണ്ടു മക്കളെയും വളർത്തിയിരുന്നത് നസീറാണ്. ചെറിയ വീട് പണിയാനുള്ള ശ്രമത്തിലായിരുന്നു നസീർ. പ്രാരംഭമായി ചെളികൊണ്ട് ഒരു മുറി കെട്ടിയത് ഈ കുടുംബത്തിന്റെ നഷ്ടസ്വപ്നങ്ങളുടെ പ്രതിബിംബമായി നിലകൊള്ളുന്നു.



Credits National || Deshabhimani ​Online ​News https://ift.tt/rA2MIhw

Comments

Archive

Contact Form

Send