ബേബി റോക്കറ്റ് കുതിച്ചു : 3 ഉപഗ്രഹം ലക്ഷ്യം കണ്ടു
ശ്രീഹരിക്കോട്ട
ഐഎസ്ആർഒയുടെ ബേബിറോക്കറ്റ് രണ്ടാം പരീക്ഷണദൗത്യം വിജയകരം. ചെറു ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിക്കാൻ രൂപകൽപ്പന ചെയ്ത എസ്എസ്എൽവി ഡി–-2 റോക്കറ്റ് മൂന്ന് ഉപഗ്രഹത്തെ കൃത്യതയോടെ ലക്ഷ്യത്തിലെത്തിച്ചു. ശ്രീഹരിക്കോട്ട സതീഷ് ധവാൻ സ്പെയ്സ് സെന്ററിൽനിന്ന് വെള്ളിയാഴ്ച 9.18 നായിരുന്നു വിക്ഷേപണം.
ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇഒഎസ്-07, യുഎസ്എയിൽ നിന്നുള്ള ജാനസ്–1, സ്പെയ്സ് കിഡ്സ് ഇന്ത്യയുടെ സഹായത്തോടെ വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള 750 വിദ്യാർഥിനികൾ തയ്യാറാക്കിയ ആസാദിസാറ്റ്-2 എന്നിവയെയാണ് എസ്എസ്എൽവി (സ്മാൾ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ) ഭ്രമണപഥത്തിലെത്തിച്ചത്. വിക്ഷേപണത്തിന്റെ പതിനഞ്ചാം മിനിറ്റിൽ ആദ്യ ഉപഗ്രഹം ഭ്രമണപഥത്തിലിറങ്ങി. തുടർന്ന്, ഒന്നിനു പിറകെ മറ്റൊന്നായി മറ്റു ഉപഗ്രഹങ്ങളും. മൂന്ന് ഉപഗ്രഹത്തിൽനിന്നുമുള്ള സിഗ്നലുകൾ ലഭിച്ചു കഴിഞ്ഞതായി ഐഎസ്ആർഒ അറിയിച്ചു.
മിനി, നാനോ, മൈക്രോ ഉപഗ്രഹങ്ങളെ 450 കിലോമീറ്റർ ഉയരത്തിലുള്ള ഭ്രമണപഥത്തിലെത്തിക്കുന്നതിനായി വികസിപ്പിച്ച റോക്കറ്റാണ് എസ്എസ്എൽവി. ആഗസ്തിൽ നടത്തിയ പരീക്ഷണം പരാജയപ്പെട്ടിരുന്നു. പരാജയകാരണങ്ങൾ പഠിക്കാൻ നിയോഗിച്ച കമ്മിറ്റിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മാറ്റങ്ങൾ വരുത്തിയാണ് പുതിയത് രൂപകൽപ്പന ചെയ്തത്.
വിദ്യാർഥിനികൾക്കും
അഭിമാനിക്കാം
ഐഎസ്ആർഒയുടെ ബേബി റോക്കറ്റ് രണ്ടാം പരീക്ഷണദൗത്യം വിജയകരമായതോടെ ബഹിരാകാശ ശാസ്ത്രജ്ഞർക്കൊപ്പം വിദ്യാർഥികൾക്കും അഭിമാനിക്കാം. ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇഒഎസ്-07, യുഎസ്എയിൽനിന്നുള്ള ജാനസ്–1 എന്നിവയ്ക്കൊപ്പം സ്പെയ്സ് കിഡ്സ് ഇന്ത്യയുടെ സഹായത്തോടെ വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള 750 വിദ്യാർഥിനികൾ തയ്യാറാക്കിയ ആസാദിസാറ്റ്-2 എന്നിവയും ഭ്രമണപഥത്തിലെത്തി. കേരളത്തിൽനിന്നുള്ള വിദ്യാർഥികളും ഈ ദൗത്യത്തിൽ പങ്കാളികളായി.
തിരുവനന്തപുരം വിഎസ്എസ്സി, എൽപിഎസ്സി, ഐഐഎസ്യു എന്നിവയുടെ നേതൃത്വത്തിലാണ് പുതു തലമുറ വിക്ഷേപണ വാഹനം വികസിപ്പിച്ചത്. എസ്എസ്എൽവിയുടെ മൂന്നാം ദൗത്യം മൂന്നുമാസത്തിനുള്ളിൽ നടക്കും. വിക്ഷേപണത്തിന് ഐഎസ്ആർഒ ചെയർമാൻ ഡോ. എസ് സോമനാഥ്, വിഎസ്എസ്സി ഡയറക്ടർ ഡോ. എസ് ഉണ്ണിക്കൃഷ്ണൻനായർ, എൽപിഎസ്സി ഡയറക്ടർ ഡോ. വി നാരായണൻ, മിഷൻ ഡയറക്ടർ എസ് എസ് വിനോദ്, പ്രോജക്ട് ഡയറക്ടർ രവിചന്ദ്രബാബു തുടങ്ങിയവർ നേതൃത്വം നൽകി.
ഗഗൻയാൻ: അബോർട്ട് മിഷൻ
ജൂണിൽ–- ഡോ. എസ് സോമനാഥ്
ഈ വർഷം കൂടുതൽ ബഹിരാകാശ ദൗത്യങ്ങൾ ഐഎസ്ആർഒ നടത്തുമെന്ന് ചെയർമാൻ ഡോ. എസ് സോമനാഥ്. മനുഷ്യനെ ബഹിരാകാശത്തേക്ക് അയക്കുന്ന ഗഗൻയാൻ പദ്ധതിയുടെ പരീക്ഷണ പറക്കൽ ഈ വർഷമുണ്ടാകും. ആളില്ലാ ദൗത്യമാകുമിത്. ഗഗനചാരികളുടെ സുരക്ഷയ്ക്കായുള്ള ‘അബോർട്ട്’ പരീക്ഷണ മിഷൻ ജൂൺ–-ജൂലൈ മാസങ്ങളിൽ നടക്കും. യുകെ ആസ്ഥാനമായുള്ള വൺവെബിനുവേണ്ടിയുള്ള 36 ഉപഗ്രഹം മാർച്ച് പകുതിയോടെ വിക്ഷേപിക്കും.
എൽവിഎം 3 റോക്കറ്റ് ഇതിനായി തയ്യാറായിട്ടുണ്ട്. മാർച്ച് പകുതിയാടെ പിഎസ്എൽവി വിക്ഷേപണം ഉണ്ടാകും. പുനരുപയാഗിക്കാൻ കഴിയുന്ന റോക്കറ്റി (ആർഎൽവി)ന്റെ തിരിച്ചിറക്കൽ പരീക്ഷണവും ഉടനുണ്ടാകും. നാസ– -ഐഎസ്ആർഒ സംയുക്ത സംരംഭമായ നിസറിന്റെ വിക്ഷേപണവും ഈ വർഷമുണ്ട്–-ഡോ. സോമനാഥ് പറഞ്ഞു.
Credits National || Deshabhimani Online News https://ift.tt/0aGZHN9
Comments