840 വിമാനം വാങ്ങാൻ എയർ ഇന്ത്യ ; ലോക ചരിത്രത്തിലെ ഏറ്റവും വലിയ വിമാനവാങ്ങല്‍ കരാർ
ന്യൂഡൽഹി
ടാറ്റാ ഗ്രൂപ്പ് ഏറ്റെടുത്തത് ഒറ്റവര്ഷം പിന്നിടുമ്പോള് ലോക ചരിത്രത്തിലെ ഏറ്റവും വലിയ വിമാനവാങ്ങല് കരാറിലൊപ്പിട്ട് എയര്ഇന്ത്യ. കഴിഞ്ഞദിവസം പ്രഖ്യാപിച്ച 470 യാത്രാവിമാനങ്ങള്ക്ക് പുറമെ 370 എണ്ണത്തിനുകൂടി ഓര്ഡര് നല്കിയെന്ന് എയർ ഇന്ത്യ അറിയിച്ചു. ആകെ വാങ്ങുന്നത് 840 യാത്രാവിമാനം. അമേരിക്കൻ കമ്പനിയായ ബോയിങ്ങിൽനിന്നും ഫ്രഞ്ച് കമ്പനിയായ എയർബസിൽനിന്നുമാണ് ഇവ വാങ്ങുന്നത്. കേന്ദ്ര സർക്കാരിന്റെ മെയ്ക്ക് ഇൻ ഇന്ത്യ, ആത്മനിർഭർ ഭാരത് എന്നീ പദ്ധതികൾക്ക് വിരുദ്ധമാണ് കരാർ. ഇതിലൂടെ അമേരിക്കയിലും ഫ്രാൻസിലും 10ലക്ഷം തൊഴിലവസരവും ലക്ഷക്കണക്കിന് കോടികളുടെ നിക്ഷേപവുമാണ് സൃഷ്ടിക്കുന്നത്.
ആദ്യം പ്രഖ്യാപിച്ച 470 വിമാനങ്ങളില് 250 എണ്ണം എയർബസിൽനിന്നും 220 എണ്ണം ബോയിങ്ങിൽനിന്നുമാണ് വാങ്ങുന്നത്. പിന്നീട് 370 വിമാനത്തിന് ഓര്ഡര് നല്കിയെങ്കിലും കരാറിന്റെ ഏതെങ്കിലും ഘട്ടത്തില് ഇവ വേണ്ടെന്നുവയ്ക്കാനുള്ള അവസരമുണ്ടാകും.
വിമാന എൻജിനുകളുടെ അറ്റകുറ്റപ്പണിക്കായി സിഎഫ്എം ഇന്റർനാഷണൽ, റോൾസ്-റോയ്സ്, ജിഇ എയ്റോസ്പെയ്സ് എന്നിവയുമായി കരാർ ഒപ്പിട്ടതായും എയർ ഇന്ത്യ ചീഫ് കൊമേഷ്യൽ ആൻഡ് ട്രാൻസ്ഫോർമേഷൻ ഓഫീസർ നിപുൺ അഗർവാൾ അറിയിച്ചു.
Credits National || Deshabhimani Online News https://ift.tt/PweQ5Di
Comments