പാലക്കാട്‌ റെയില്‍വേ ഡിവിഷനില്‍ 
സിനിമാവസന്തം ; റെയിൽവേയ്ക്ക് വരുമാനം കോടികൾ


പാലക്കാട്
മമ്മൂട്ടി, മോഹൻലാൽ, പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ, മഹേഷ് ബാബു, പ്രകാശ് രാജ്... പാലക്കാട്ടെ റെയിൽവേ സ്റ്റേഷനുകളിലേക്ക് സൂപ്പർതാരങ്ങളുടെ ഒഴുക്കാണ്. ഇഷ്ടതാരങ്ങളുടെ വരവ് കൊണ്ട് റെയിൽവേയ്ക്ക് വരുമാനം കോടികളും. ഒരിടവേളയ്ക്ക് ശേഷം മലയാള സിനിമയുടെ ഇഷ്ട ലൊക്കേഷനായി പാലക്കാട് ഡിവിഷൻ മാറുകയാണ്. ഗ്രാമാന്തരീക്ഷത്തോടെയുള്ള റെയിൽവേ സ്റ്റേഷനും പശ്ചാത്തലവും കൂടുതൽ സിനിമാ പ്രവർത്തകരെ ഇവിടേക്ക് എത്തിക്കുന്നു. മലയാളം മാത്രമല്ല, തമിഴ്, തെലുങ്ക് സിനിമകളുടെയും പ്രിയ ലൊക്കേഷനാണ്. റെയിൽവേ സ്റ്റേഷനും പരിസരവും ആവശ്യപ്പെടുന്നതിനൊപ്പം പല സിനിമകൾക്കും ട്രെയിനുകളും വാടകയ്ക്ക് നൽകാറുണ്ട്. വാളയാർ, പൊള്ളാച്ചി, മുതലമട, പുതുനഗരം, പാലക്കാട് ടൗൺ, നിലമ്പൂർ റോഡ് എന്നീ റെയിൽവേ സ്റ്റേഷനുകളോടാണ് സിനിമാക്കാർക്ക് ഇഷ്ടം കൂടുതൽ. പ്രകൃതി ഭം​ഗിയുള്ള ലൊക്കേഷനുകൾക്കാണ് കൂടുതൽ ആവശ്യം. 2021 മാർച്ച് മുതൽ 2022 ഡിസംബർ വരെ സിനിമാ ചിത്രീകരണം വഴി പാലക്കാട് ഡിവിഷന് ലഭിച്ചത് 1.95 കോടി രൂപ. ടിക്കറ്റ് ഇതര വരുമാനത്തിൽ പ്രധാന വരുമാന മാർ​ഗമാവുകയാണ് റെയിൽവേയ്ക്ക് സിനിമാ ചിത്രീകരണം. പ്രിയദർശൻ ചിത്രം വെട്ടം അടക്കം മുമ്പ് ഒരുപാട് സിനിമകൾക്ക് ജില്ലയിലെ റെയിൽവേ സ്റ്റേഷനുകൾ ലൊക്കേഷനായിട്ടുണ്ട്. ദിലീപ് ചിത്രം "ഇവൻ മര്യാദ രാമന്റെ' പ്രധാന സന്ദർഭങ്ങൾ ചിത്രീകരിച്ചത് പാലക്കാട് ടൗൺ റെയിൽവേ സ്റ്റേഷനിലാണ്. പിന്നീട് ഒരിടവേള വന്നെങ്കിലും വീണ്ടും പാലക്കാട് റെയിൽവേ സിനിമയിൽ സജീവമായിരിക്കുകയാണ്.

ഈ അടുത്ത് ചിത്രീകരിച്ച പ്രധാന സിനിമകൾ
2019-ൽ നിലമ്പൂർ റോഡ് റെയിൽവേ സ്റ്റേഷനിലാണ് മമ്മൂട്ടി നായകനായ "ഉണ്ട' ചിത്രീകരിച്ചത്. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത "ഹൃദയം' പാലക്കാട് ടൗൺ, പുതുനഗരം, മുതലമട സ്റ്റേഷനുകളിൽ ചിത്രീകരിച്ചു. മോഹൻലാലിന്റെ "ആറാട്ടി'ലെ ചില രം​​ഗങ്ങൾ പാലക്കാട് ടൗൺ റെയിൽവേ സ്റ്റേഷനിലാണ്. സത്യൻ അന്തിക്കാടിന്റെ മകൻ അഖിൽ സത്യൻ സംവിധാനം ചെയ്ത "പാച്ചുവും അത്ഭുതവിളക്കും' മുതലമട, കൊല്ലങ്കോട് റെയിൽവേ സ്റ്റേഷനിലാണ് ചിത്രീകരിച്ചത്. മഹേഷ് ബാബു, രശ്മിക മന്ദാന, വിജയശാന്തി, പ്രകാശ് രാജ് എന്നിവർ പ്രധാന വേഷത്തിലെത്തിയ ‘സരിലേരു നീകേവരു’ എന്ന തെലുങ്ക് സിനിമ മുതലമട സ്റ്റേഷനിൽ ചിത്രീകരിച്ചു. സന്താനം പ്രധാന വേഷത്തിലെത്തിയ പുതിയ തമിഴ് ചിത്രം "ഏജന്റ് കണ്ണായിരം' വാളയാർ സ്റ്റേഷനിൽ ചിത്രീകരിച്ചു. ശശികുമാർ നായകനായ മറ്റൊരു തമിഴ് സിനിമയും മലപ്പുറം ചെറുകര റെയിൽവേ സ്റ്റേഷനിലാണ് ഷൂട്ട് ചെയ്തത്. എസ് ഹരിഹരൻ റാം സംവിധാനം ചെയ്ത പുതുമുഖങ്ങൾ കേന്ദ്രകഥാപാത്രമായ "ജോ' എന്ന തമിഴ് സിനിമ മുതലമട റെയിൽവേ സ്റ്റേഷനിൽ ചിത്രീകരിച്ചു.

ചിത്രീകരണത്തിന് 
അനുമതി എങ്ങനെ...?
ദക്ഷിണ റെയിൽവേയിൽ സിനിമാ ചിത്രീകരണത്തിനുള്ള അനുമതി നൽകേണ്ടത് ചെന്നൈയിലെ ചീഫ് പബ്ലിക് റിലേഷൻസ് ഓഫീസറാണ്. ചിത്രീകരണത്തിന് അനുമതി നൽകാൻ ഒരു ലൈസൻസ് ഫീസ് റെയിൽവേ തീരുമാനിക്കും. ഓരോ റെയിൽവേ ഡിവിഷനും ഓരോ തരത്തിലാണ് ഫീസ് . ഈ തുക നേരത്തെ നൽകണം. പാലക്കാട് ഡിവിഷനിലെ സിനിമാ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട ഏത് സഹായത്തിനും ബന്ധപ്പെട്ട ഫിലിം പ്രൊഡക്ഷൻ കമ്പനികൾക്ക് നേരിട്ട് വിളിക്കാം. 0491 2555443 എന്ന നമ്പറിലാണ് ബന്ധപ്പെടേണ്ടത്. പാലക്കാട്ടെ സീനിയർ ഡിവിഷണൽ കൊമേഴ്സ്യൽ മാനേജർക്ക് srdcm@pgt.railnet.gov.in എന്ന ഇ-മെയിലിലൂടെയും അനുമതിയ്ക്ക് അപേക്ഷിക്കാം. സിനിമകൾക്ക് പുറമെ ഷോട്ട് ഫിലിമുകൾക്കും റെയിൽവേ സ്റ്റേഷനും ട്രെയിനുമെല്ലാം വാടകയ്ക്ക് നൽകും.

കല്യാണ ഫോട്ടോഷൂട്ടിനും അനുമതി
ട്രെയിനിലും റെയിൽവേ സ്റ്റേഷനിലും കല്യാണ ഫോട്ടോഷൂട്ടിനും അനുമതി നൽകുന്നുണ്ട്. ഡിവിഷനിൽ അപേക്ഷ നൽകി നിശ്ചിത ഫീസ് അടച്ചാൽ വധൂവരൻമാർക്കും മോഡലുകൾക്കും സ്റ്റേഷൻ ഉപയോ​ഗിക്കാം. അനുമതിയില്ലാതെ സ്റ്റേഷനിൽ ഫോട്ടോഷൂട്ട് നടത്തുന്നത് ശിക്ഷാർഹമാണ്.



Credits Kerala || Deshabhimani ​Online ​News https://ift.tt/UAJRwo4

Comments

Archive

Contact Form

Send