വൈദ്യുതി ആഭ്യന്തര ഉൽപ്പാദനം വർധിപ്പിക്കും : കെ കൃഷ്ണൻകുട്ടി
തിരുവനന്തപുരം
കേന്ദ്ര വൈദ്യുതി ചട്ടഭേദഗതിയുടെ പ്രത്യാഘാതങ്ങളിൽനിന്ന് സംസ്ഥാനത്തെ സംരക്ഷിക്കാൻ ആഭ്യന്തര ഉൽപ്പാദനം വർധിപ്പിക്കണമെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി കെ ഡി പ്രസേനന്റെ ശ്രദ്ധക്ഷണിക്കലിന് മറുപടി നൽകി. വൈദ്യുതി വിലയിൽ ഏറ്റക്കുറച്ചിലുകൾ കുറയ്ക്കാനായി പുതിയ സാങ്കേതിക വിദ്യകളായ സ്റ്റോറേജ് സംവിധാനങ്ങൾ, ഹൈഡ്രജൻ ഉൽപ്പാദനം മുതലായവയ്ക്കുള്ള സാധ്യതാപഠനങ്ങൾ ഊർജിതമാക്കും.
ഏറ്റെടുത്ത പദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിക്കും. പ്രസരണ–- വിതരണ നഷ്ടം പരമാവധി കുറയ്ക്കും. വൈദ്യുതി വിപണിയിലെ ഏറ്റക്കുറച്ചിലുകൾ യഥാസമയം വിലയിരുത്തി, കുറഞ്ഞ വിലയുള്ള വൈദ്യുതി കരാറുകളിൽ ഏർപ്പെടും. അന്തർ സംസ്ഥാന പ്രസരണ ചാർജ് തുകയിൽ കുറവുവരുത്തും. പുഗലൂർ–- മാടക്കത്തറ എച്ച്വിഡിസി ഇടനാഴി ദേശീയ സ്വത്തായി പരിഗണിക്കണമെന്ന ആവശ്യത്തിൽ അനുകൂല തീരുമാനത്തിനായി കേന്ദ്രത്തിൽ സമ്മർദം തുടരും. ചട്ടഭേദഗതിക്കുള്ളിൽത്തന്നെ ഉപയോക്താക്കളുടെയും വിതരണ കമ്പനിയുടെയും താൽപ്പര്യം സംരക്ഷിക്കുന്നനിലയിൽ സർചാർജ് മാർഗരേഖ പുറപ്പെടുവിക്കാൻ സംസ്ഥാന സർക്കാരിന് റഗുലേറ്ററി കമീഷനെ സമീപിക്കാനാകുമെന്നും മന്ത്രി പറഞ്ഞു.
Credits Kerala || Deshabhimani Online News https://ift.tt/go05db1
Comments