ഗവർണർ 
രാഷ്ട്രീയത്തിന്‌ അതീതനാകണം ; പഞ്ചാബ്‌ സർക്കാർ ഗവർണർ പോര് ; വിമർശിച്ച് സുപ്രീംകോടതി


ന്യൂഡൽഹി
പഞ്ചാബ് ഗവർണറും മുഖ്യമന്ത്രിയും ഭരണഘടനാ ചുമതലകൾ നിർവഹിക്കുന്നതിൽ വീഴ്ച വരുത്തിയെന്ന് സുപ്രീംകോടതി. ബജറ്റ് സമ്മേളനം വിളിച്ചുചേർക്കണമെന്ന പഞ്ചാബ് സർക്കാർ ശുപാർശ ഗവർണർ തള്ളിയതിനെതിരെ സർക്കാർ നൽകിയ ഹർജി പരിഗണിക്കവെയാണ് വിമർശം. ഇരുഭാഗത്തും വീഴ്ച ഉണ്ടായെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു.

ഭരണഘടനയുടെ 167(ബി) അനുച്ഛേദം അനുസരിച്ച് ഗവർണർ വിവരം തേടിയാൽ സർക്കാർ നൽകണം. അതേസമയം, ബജറ്റ് സമ്മേളനം വിളിച്ചുചേർക്കാൻ സർക്കാർ ശുപാർശ ചെയ്താൽ ഗവർണർ അത് അംഗീകരിക്കാനും ബാധ്യസ്ഥനാണ്. വ്യത്യസ്ത രാഷ്ട്രീയ പാർടികളിൽനിന്ന് ഉള്ളവരാണെങ്കിലും പൊതുസംവാദങ്ങളിലും ഭരണഘടനാമൂല്യങ്ങൾ ഉയർത്തിപ്പിടിക്കണം. ഗവർണർ തീർച്ചയായും രാഷ്ട്രീയത്തിന് അതീതനായിരിക്കണമെന്നും സുപ്രീംകോടതി ഓർമിപ്പിച്ചു.

‘‘ ജനാധിപത്യസംവിധാനത്തിൽ രാഷ്ട്രീയമായ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകുക സ്വാഭാവികമാണ്. എന്നാൽ, അത് പുറത്തേക്ക് വരുന്നതും വിവാദമാകുന്നതും ശരിയല്ല. ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത് ശരിയായ പ്രവണതയല്ല’’–- സുപ്രീംകോടതി കൂട്ടിച്ചേർത്തു.ബജറ്റ് സമ്മേളനം വിളിച്ചുചേർക്കാൻ ഉത്തരവിറക്കിയതായി ഗവർണർ ഭൻവാരി ലാൽ പുരോഹിതിനുവേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മെഹ്ത കോടതിയെ അറിയിച്ചു. പഞ്ചാബ് സർക്കാരിന്റെ ഹർജി തള്ളണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ബജറ്റ് സമ്മേളനം വിളിച്ചുചേർക്കാൻ സർക്കാരിന് സുപ്രീംകോടതിയെ സമീപിക്കേണ്ട ഗതികേടാണെന്ന് സർക്കാരിനുവേണ്ടി മുതിർന്ന അഭിഭാഷകൻ മനു അഭിഷേക് സിങ്വി ചൂണ്ടിക്കാണിച്ചു. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത്മൻ ഗവർണർക്ക് അയച്ച കത്തിലെ ഭാഷ ഉചിതമായില്ലെന്ന നിരീക്ഷണവും സുപ്രീംകോടതിയിൽനിന്നുണ്ടായി.



Credits National || Deshabhimani ​Online ​News https://ift.tt/CFORvh1

Comments

Archive

Contact Form

Send