തീരാത്ത പക ; ബിബിസി റെയ്ഡ് ; ഔദ്യോഗിക വിശദീകരണം നല്‍കാതെ ആദായനികുതി വകുപ്പ്
ന്യൂഡൽഹി
ഗുജറാത്ത് വംശഹത്യയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുള്ള പങ്ക് വെളിപ്പെടുത്തി ഡോക്യുമെന്ററി സംപ്രേഷണം ചെയ്ത ബിബിസി ഓഫീസുകളിലെ ആദായനികുതി വകുപ്പ് റെയ്ഡ് മൂന്നാം ദിവസവും തുടർന്നു. വ്യാഴാഴ്ച രാത്രി ഒൻപതോടെ മുംബൈ ഓഫീസിലെ നടപടികൾ അവസാനിപ്പിച്ചു. ഡൽഹി ഓഫീസിൽ രാത്രിവൈകിയും പരിശോധന തുടര്ന്നു. മൂന്നാം ദിവസവും ജീവനക്കാരെ ചോദ്യംചെയ്തതിനുപുറമെ മൊബൈലുകളിലെയും കംപ്യൂട്ടറുകളിലെയും മറ്റും വിവരങ്ങൾ പകർത്തുകയും ചെയ്തു.
ഈ ഘട്ടത്തിലും ബിബിസി ചാനലിന്റെയും റേഡിയോയുടെയും എഡിറ്റോറിയൽ പ്രവർത്തനങ്ങൾ ജീവനക്കാർ തടസ്സം കൂടാതെ മുന്നോട്ടു കൊണ്ടുപോകുന്നുണ്ട്. എഡിറ്റോറിയൽ ജീവനക്കാർക്ക് ഓഫീസിൽ വരുന്നതിനും പോകുന്നതിനും ബുധനാഴ്ച മുതൽ അനുമതി നൽകിയിരുന്നു. അതേസമയം റെയ്ഡിന്റെ യാതൊരു വിശദാംശങ്ങളും പുറത്തുവിടരുതെന്ന കർശന നിർദേശം ഐടി വകുപ്പ് ഉദ്യോഗസ്ഥർ ബിബിസി ജീവനക്കാർക്ക് നൽകിയിട്ടുണ്ട്. ഇരുപതോളം ബിബിസി ജീവനക്കാർ ഐടി വകുപ്പിന്റെ ചോദ്യങ്ങളും മറ്റും നേരിട്ട് മൂന്നുദിവസം ഓഫീസിൽ തന്നെ തുടർന്നു.
അന്താരാഷ്ട്രതലത്തിൽ വലിയ വിമർശങ്ങൾ ഉയർന്നിട്ടും പരിശോധനയിൽ ഔദ്യോഗിക വിശദീകരണത്തിന് ഐടി വകുപ്പ് തയ്യാറായിട്ടില്ല. ഐടി വകുപ്പിന്റെ പിആർഒ അടക്കം ഉദ്യോഗസ്ഥർ നിശ്ശബ്ദതയിലാണ്. എന്നാൽ സംഘപരിവാറിനെയും മോദി സർക്കാരിനെയും അനുകൂലിക്കുന്ന മാധ്യമങ്ങൾക്ക് അപ്പപ്പോൾ വിവരങ്ങൾ കൈമാറുന്നുണ്ട്. എന്നാൽ തിരച്ചിലിൽ എന്തെങ്കിലും കാര്യമായ കണ്ടെത്തൽ നടത്തിയതായി വാർത്ത നൽകാൻ മോദി അനുകൂല മാധ്യമങ്ങൾക്കും കഴിഞ്ഞിട്ടില്ല. ലാഭം വലിയ തോതിൽ വഴിതിരിച്ചു വിടുന്നു, ട്രാൻസ്ഫർ പ്രൈസിങ് (വില കൊടുത്ത് ചരക്കുകളോ സേവനമോ ലഭ്യമാക്കൽ) ചട്ടങ്ങളുടെ തുടർച്ചയായ ലംഘനം എന്നീ ആക്ഷേപങ്ങളാണ് ഐടി വകുപ്പ് ബിബിസിക്ക് മേൽ ആരോപിക്കുന്നത്.
അധിനിവേശത്തിന്റെ
മറ്റൊരു രൂപമെന്ന് ; ബിബിസിക്കെതിരെ ഉപരാഷ്ട്രപതി
ബിബിസിക്കെതിരെ പരോക്ഷ വിമർശവുമായി ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖർ. ഉതിപ്പെരുപ്പിച്ച ആഖ്യാനങ്ങൾ രാജ്യത്തെ വികസപാതയിൽനിന്ന് പിന്നോട്ടടിക്കാനുള്ളതാണെന്നും അതിനെതിരെ ജാഗ്രത പുലർത്തണെമന്നും അദ്ദേഹം പറഞ്ഞു.അധിനിവേശത്തിന്റെ മറ്റൊരു രൂപമാണ് ഇത്തരം പ്രചാരണങ്ങളെന്നും പറഞ്ഞു. ഔദ്യോഗിക വസതിയിൽ ഇന്ത്യൻ ഇൻഫർമേഷൻ സർവീസിന്റെ പുതിയ ബാച്ചിനെ അഭിസംബോധന ചെയ്യവേയാണ് പ്രതികരണം.
Credits National || Deshabhimani Online News https://ift.tt/UsXYhbC
Comments