ജനകീയ പ്രതിരോധയാത്രയെ വരവേൽക്കാൻ നാടൊരുങ്ങി
തിരുവനന്തപുരം
വർത്തമാനകാല രാഷ്ട്രീയ സ്ഥിതികൾ ചർച്ച ചെയ്യാനും ജനങ്ങളുമായി സംവദിക്കാനും സിപിഐ എം സംഘടിപ്പിക്കുന്ന ജനകീയ പ്രതിരോധയാത്രയെ വരവേൽക്കാൻ നാടൊരുങ്ങി. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നയിക്കുന്ന ജാഥക്ക് പരമാവധി ജനപങ്കാളിത്തം ഉറപ്പുവരുത്താനുള്ള പ്രചാരണ പ്രവർത്തനങ്ങളാണ് പ്രാദേശിക തലങ്ങളിൽ നടക്കുന്നത്. തിങ്കളാഴ്ച മഞ്ചേശ്വരം കുമ്പളയിൽനിന്ന് തുടങ്ങി 140 മണ്ഡലങ്ങളിലൂടെ സഞ്ചരിച്ച് മാർച്ച് 18ന് തലസ്ഥാനത്ത് യാത്ര സമാപിക്കും. സാമ്പത്തിക ഞെരുക്കത്തിനിടയിലും ജനകീയ ബദൽ പദ്ധതികൾ മാതൃകാപരമായി നടപ്പാക്കുന്ന സംസ്ഥാന സർക്കാർ പ്രവർത്തനങ്ങളും വർഗീയതയുടെ കൊടിയ ഭീഷണികളും യാത്രയിൽ വിശദീകരിക്കും. കേന്ദ്ര അവഗണനയും തുറന്ന് കാട്ടും. സംസ്ഥാന സെക്രട്ടറിയറ്റ് അംഗം പി കെ ബിജു മാനേജരായ ജാഥയിൽ കേന്ദ്ര കമ്മിറ്റി അംഗം സി എസ് സുജാത, സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എം സ്വരാജ്, സംസ്ഥാന കമ്മിറ്റി അംഗം ജയ്ക് സി തോമസ്, കെ ടി ജലീൽ എംഎൽഎ എന്നിവർ സ്ഥിരാംഗങ്ങളാകും.
പതിനായിരങ്ങളെ പങ്കെടുപ്പിച്ച് സ്വീകരണകേന്ദ്രങ്ങൾ ജനസാഗരമാക്കാനുള്ള ഒരുക്കമാണ് നടക്കുന്നത്. ജില്ലാ അതിർത്തികളിൽ അവിസ്മരണീയ വരവേൽപ്പ് നൽകും. തോരണങ്ങളാൽ അലങ്കരിച്ചും പോസ്റ്ററുകളും ബോർഡുകളും സ്ഥാപിച്ചും യാത്ര ചരിത്രമാക്കാൻ അടിത്തട്ട് മുതൽ പ്രചാരണം സജീവമാണ്. സ്വീകരണകേന്ദ്രങ്ങളിൽ സ്വാഗതസംഘം രൂപീകരണവും ലോക്കൽ തലങ്ങളിൽ വിളംബരജാഥകളും നടന്ന് വരുന്നു.
വിവിധ മത്സരങ്ങളും പരിപാടികളും സംഘടിപ്പിച്ചും യാത്രയുടെ സന്ദേശം ജനങ്ങളിൽ എത്തിക്കുന്നുണ്ട്. യാത്ര എത്തുന്നതിനു മുന്നോടിയായി സ്വീകരണകേന്ദ്രങ്ങളിൽ പ്രാദേശിക കലാസംഗീത പരിപാടികൾ അവതരിപ്പിക്കും.
Credits Kerala || Deshabhimani Online News https://ift.tt/td5vwBO
Comments