സംരംഭങ്ങൾക്ക്‌ കാവലുണ്ട്‌ നവകേരളം ; നുണപ്രചാരകരെ രുചിക്കൂ ക്രേസ്‌ ബിസ്‌കറ്റ്‌


കോഴിക്കോട്
‘‘ചുരുങ്ങിയത് 16 തവണയെങ്കിലും വ്യവസായമന്ത്രി പി രാജീവ് ബന്ധപ്പെട്ടിരിക്കണം. ക്രേസ് ബിസ്കറ്റ് എന്ന ആശയം അവതരിപ്പിച്ചപ്പോൾ എന്നേക്കാൾ ആവേശം മന്ത്രിക്കായിരുന്നു. തടസ്സങ്ങളുണ്ടായാൽ വിളിക്കണമെന്ന് സ്നേഹപൂർവം ഓർമപ്പെടുത്തും. ഗ്രീൻ ചാനലിലൂടെ കടലാസുകൾ അതിവേഗം നീക്കുന്നതിനായി സ്പെഷൽ ഓഫീസറെ നിയമിച്ചു’’–- ക്രേസ് എന്ന ആഗോള ബ്രാൻഡിന്റെ പിറവി പ്രഖ്യാപിക്കുന്ന വാർത്താസമ്മേളനത്തിൽ അബ്ദുൾ അസീസ് ചൊവ്വഞ്ചേരിയെന്ന സംരംഭകന്റെ വാക്കുകളാണിത്.

കേരളത്തിന്റെ വ്യവസായ നിലപാടിനെക്കുറിച്ച് അന്നുവരെ കേട്ട കഥകളൊന്നും തന്റെ അനുഭവത്തോട് പൊരുത്തപ്പെടുന്നതല്ലെന്ന് അബ്ദുൾ അസീസ്. ഈ സർക്കാരിന്റെ താൽപ്പര്യത്തിലും പിന്തുണയിലും മാത്രമാണ് സംരംഭം ഉണ്ടായത് –- അബ്ദുൾ അസീസിന്റെ വാക്കുകളിൽ വ്യവസായ കേരളത്തിന്റെ ശുഭപ്രതീക്ഷയായിരുന്നു നിറയെ.

വ്യവസായ വകുപ്പ് പ്രഖ്യാപിച്ച മീറ്റ് ദി ഇൻവെസ്റ്റർ പദ്ധതിയിൽ ആരംഭിച്ച ആദ്യസംരംഭങ്ങളിൽ ഒന്നാണിത്. 150 കോടി മുതൽമുടക്കിൽ കിനാലൂർ വ്യവസായ എസ്റ്റേറ്റിലാണ് സംരംഭം. ഒരു ലക്ഷം ചതുരശ്ര അടിയിലാണ് ഫാക്ടറി. കോവിഡ് കാലത്ത് നാട്ടിൽ തളച്ചിടപ്പെട്ട നാളുകളിലാണ് അബ്ദുൾ അസീസിന് സ്വന്തം നാട്ടിൽ ബിസിനസ് ആരംഭിക്കണമെന്ന മോഹമുണ്ടായത്. കൗമാരകാലത്ത് ഉപ്പയുടെ പലചരക്ക് കടയിൽ സഹായിയായി നിന്നപ്പോൾ മനസ്സിൽ പതിഞ്ഞ പേരായിരുന്നു ക്രേസ് ബിസ്കറ്റ്. ആ ഓർമയിൽനിന്നാണ് ബ്രാൻഡ് നെയിം സ്വന്തമാക്കിയത്. ഡിസംബർ 17ന് മുഖ്യമന്ത്രി ക്രേസ് ഫാക്ടറി ഉദ്ഘാടനം ചെയ്തു. ഇതിനിടെ പത്തുകോടിയുടെ ടേൺ ഓവർ.

ജിസിസി, ആഫ്രിക്ക, സൗത്ത് ഈസ്റ്റ് ഏഷ്യൻ രാജ്യങ്ങളിൽ ബിസിനസ് ശൃംഖലയുള്ള ആസ്കോ ഗ്ലോബൽ ഗ്രൂപ്പിന്റെ ഇന്ത്യയിലെ ആദ്യ സംരംഭമാണിത്. 22 രുചിഭേദങ്ങളാണ് ക്രേസ് വിപണിയിൽ എത്തിച്ചത്. അഞ്ഞൂറിലധികം പേർക്ക് നേരിട്ടും ആയിരത്തിലധികം പേർക്ക് പരോക്ഷമായും തൊഴിൽ നൽകുന്നു. മുപ്പതിനായിരം ഔട്ട്ലെറ്റുകളിൽ ഉൽപ്പന്നങ്ങൾ എത്തുന്നു.



Credits Kerala || Deshabhimani ​Online ​News https://ift.tt/FOwl5V1

Comments

Archive

Contact Form

Send