യോജിച്ച്‌ നേരിടണം: ബിജെപിയെ ഒറ്റയ്‌ക്ക്‌ എതിര്‍ക്കാനാകില്ലെന്ന് കോൺഗ്രസ്‌

റായ്പുർ
നിലവിലെ ദേശീയ രാഷ്ട്രീയത്തിൽ കോൺഗ്രസിന് മാത്രമായി ബിജെപിയുടെ വർഗീയ രാഷ്ട്രീയത്തെ നേരിടാനാകില്ലെന്ന് പ്ലീനറിയിൽ തുറന്നുസമ്മതിച്ച് നേതൃത്വം. ഒരു പൊതുആശയ അടിത്തറയിൽ പ്രതിപക്ഷം ഐക്യത്തോടെ എൻഡിഎയെ എതിരിടേണ്ട അടിയന്തര സാഹചര്യമാണുള്ളതെന്ന് രാഷ്ട്രീയ പ്രമേയത്തിൽ കോൺഗ്രസ് വ്യക്തമാക്കി. എന്നാൽ, മൂന്നാം മുന്നണി രൂപപ്പെടുന്നതിനെ പ്രമേയം തള്ളി. ഏതെങ്കിലുമൊരു മൂന്നാം ശക്തിയുടെ ഉയർന്നുവരവ് എൻഡിഎയ്ക്കും ബിജെപിക്കും ഗുണം ചെയ്യുമെന്ന് പ്രമേയം അഭിപ്രായപ്പെട്ടു.

കോൺഗ്രസിന്റെ ഭാവിയുടെ മുഖമുദ്രതന്നെ മതനിരപേക്ഷ–- സോഷ്യലിസ്റ്റ് ശക്തികളുടെ ഐക്യമായിരിക്കും. സമാനമനസ്കരായ മതനിരപേക്ഷ ശക്തികളെ കണ്ടെത്താനും അണിനിരത്താനും ഐക്യപ്പെടുത്താനും എല്ലാ ശ്രമവും നടത്തും. കോൺഗ്രസിന്റെ ആശയവുമായി യോജിക്കുന്ന മതനിരപേക്ഷ പ്രാദേശിക ശക്തികളെയും ഒപ്പം കൂട്ടും. 2024ൽ എതിരാളികളില്ലെന്നാണ് ബിജെപി നേതൃത്വം അഹന്തയോടെ പറയുന്നത്. കോൺഗ്രസിനും മറ്റ് പാർടികൾക്കും മാത്രമല്ല, ഇന്ത്യയുടെ ജനാധിപത്യ മൂല്യങ്ങൾക്കാകെ ഇത് വലിയ വെല്ലുവിളിയാണ്.

കോൺഗ്രസ് വെല്ലുവിളിയെ സ്വാഗതം ചെയ്യുന്നു. 2023ലെ നിയമസഭാ തെരഞ്ഞെടുപ്പുകളും 2024 ലോക്സഭാ തെരഞ്ഞെടുപ്പും ഇന്ത്യയുടെ ഭാവിക്ക് നിർണായകമാണ്. നിലവിലെ ധ്രുവീകൃത രാഷ്ട്രീയത്തിൽ കേന്ദ്ര ഇടം തിരിച്ചുപിടിച്ചുകൊണ്ട് രാഷ്ട്രീയ ദിശ കോൺഗ്രസ് പൊളിച്ചെഴുതണം. നെഹ്റു വിഭാവനംചെയ്ത മതനിരപേക്ഷതയ്ക്കും സോഷ്യലിസത്തിനും ഫെഡറലിസത്തിനുമായി കോൺഗ്രസ് നിലകൊള്ളണം–- പ്രമേയം നിർദേശിച്ചു.

കശ്മീരിന്റെ പ്രത്യേക 
പദവിയിൽ നിശ്ശബ്ദത
മോദി സർക്കാർ ജമ്മു -കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിനെക്കുറിച്ച് പ്രമേയത്തിൽ നിശ്ശബ്ദത. സംസ്ഥാന പദവി തിരിച്ചുകിട്ടുന്നതിനായി യത്നിക്കുമെന്നും ആറാം ഷെഡ്യൂൾ പ്രകാരമുള്ള സംരക്ഷണത്തിന് ശ്രമിക്കുമെന്നും മാത്രമാണ് പ്രമേയത്തിലുള്ളത്.

അംഗബലം 35 ആക്കും

സമുന്നത സമിതിയായ പ്രവർത്തകസമിതിയുടെ അംഗബലം നിലവിലെ 23ൽനിന്ന് 35 ആക്കി ഉയർത്തിയുള്ള ഭരണഘടനാ ഭേദഗതി പ്ലീനറിയിൽ അവതരിപ്പിച്ചു. 18 പേർ തെരഞ്ഞെടുക്കപ്പെട്ടവരും 17 പേർ കോൺഗ്രസ് പ്രസിഡന്റ് നാമനിർദേശം ചെയ്യുന്നവരുമാകും. ഇതിനുപുറമെ കോൺഗ്രസ് പ്രസിഡന്റ്, മുൻ പ്രസിഡന്റുമാർ, മുൻപ്രധാനമന്ത്രിമാർ, പാർലമെന്ററി പാർടി നേതാവ്, ലോക്സഭാ–- രാജ്യസഭാ നേതാക്കൾ എന്നിവർ സ്ഥിരാംഗങ്ങളായിരിക്കും.



Credits Kerala || Deshabhimani ​Online ​News https://ift.tt/H4s0vlf

Comments

Archive

Contact Form

Send