പ്ലീനറിയിലും തമ്മിൽത്തല്ലി കേരള നേതാക്കൾ ; കടുത്ത വിയോജിപ്പുണ്ടെന്ന് രമേശ് ചെന്നിത്തല
റായ്പുർ
എഐസിസി പ്ലീനറിയിലും ഗ്രൂപ്പുതിരിഞ്ഞ് വെല്ലുവിളിച്ച് കേരളത്തിൽനിന്നുള്ള നേതാക്കൾ. കേരളത്തിൽനിന്നുള്ള 63 പ്രതിനിധികളെ തീരുമാനിച്ച രീതിയോട് കടുത്ത വിയോജിപ്പുണ്ടെന്ന് രമേശ് ചെന്നിത്തല തുറന്നടിച്ചു. കൂടിയാലോചന ഇല്ലാതെയാണ് പ്രതിനിധികളെ തീരുമാനിച്ചതെന്നും നാട്ടിലെത്തിയിട്ട് കൂടുതൽ കാര്യങ്ങൾ പറയുമെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.
ചെന്നിത്തലയെ തള്ളി കെപിസിസി പ്രസിഡന്റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും രംഗത്തുവന്നു. ചെന്നിത്തലയുടെ ആരോപണങ്ങൾക്ക് അടിസ്ഥാനമില്ലെന്ന് സുധാകരൻ പറഞ്ഞു. ഗ്രൂപ്പ് മാനേജർമാരോട് ലിസ്റ്റ് വാങ്ങി പ്രസിദ്ധീകരിക്കുന്ന ഏർപ്പാട് നിർത്തിയെന്ന് സതീശൻ ചെന്നിത്തലയ്ക്ക് മറുപടിയായി പറഞ്ഞു.
സംസ്ഥാന നേതൃത്വവുമായി ഇടഞ്ഞ് വിട്ടുനിൽക്കുന്ന മുല്ലപ്പള്ളി രാമചന്ദ്രനെ പിന്തുണച്ചും ചെന്നിത്തല രംഗത്തെത്തി. സംസ്ഥാന നേതൃത്വം മുല്ലപ്പള്ളിയോട് ശരിയായ സമീപനമല്ല സ്വീകരിക്കുന്നതെന്ന് ചെന്നിത്തല പറഞ്ഞു. അതേസമയം സഹകരിക്കാത്തത് മുല്ലപ്പള്ളിയാണെന്ന് സുധാകരൻ തിരിച്ചടിച്ചു.
സോണിയയും രാഹുലും മൻമോഹനും സ്ഥിരാംഗങ്ങളാകും
പ്രവർത്തകസമിതി അംഗങ്ങളുടെ എണ്ണം വർധിപ്പിക്കുന്നതടക്കം കോൺഗ്രസ് ഭരണഘടനഭേദഗതികൾ സ്റ്റിയറിങ് കമ്മിറ്റി യോഗം അംഗീകരിച്ചു. പ്ലീനറി അംഗീകരിക്കുന്നതോടെ ഭരണഘടനയിൽ 16 ഭേദഗതികളും ചട്ടങ്ങളിൽ 32 ഭേദഗതികളും നിലവിൽ വരും. പ്രവർത്തകസമിതിയിൽ ഒബിസി, ദളിത്, ആദിവാസി, ന്യൂനപക്ഷ, വനിത, യുവജന വിഭാഗങ്ങൾക്ക് അമ്പതുശതമാനം പ്രാതിനിധ്യമാണ് സുപ്രധാന ഭേദഗതി. അതോടൊപ്പം മുൻ പ്രധാനമന്ത്രിമാർ, മുൻ പ്രസിഡന്റുമാർ തുടങ്ങിയവർ പ്രവർത്തകസമിതിയിൽ സ്ഥിരാംഗങ്ങളാകും. ഇതോടെ സോണിയ, രാഹുൽ, മൻമോഹൻ സിങ് എന്നിവർ സ്ഥിരാംഗങ്ങളാകും. പ്രിയങ്ക ഗാന്ധിയെ നാമനിർദേശം ചെയ്യുകയാണ് ലക്ഷ്യം. ഇതോടെ പ്രവർത്തകസമിതി അംഗസംഖ്യ 25ൽ നിന്ന് 31 ആകും. ശനിയാഴ്ച ഖാർഗെയുടെ പ്രസംഗത്തോടെ പ്ലീനറിക്ക് തുടക്കമാകും. വോട്ടിങ് അവകാശമുള്ള 1825 എഐസിസി പ്രതിനിധികൾ അടക്കം പതിനയ്യായിരത്തിനടുത്ത് പ്രതിനിധികളാണ് പങ്കെടുക്കുന്നത്.
Credits Kerala || Deshabhimani Online News https://ift.tt/KrFX74b
Comments