കെഎസ്‌ആർടിസി ശമ്പളത്തിൽനിന്ന് പിടിച്ച തുക അടയ്‌ക്കണം: ഹൈക്കോടതി
കൊച്ചി
പങ്കാളിത്ത പെൻഷൻ പദ്ധതിയിലേക്കും സ്റ്റേറ്റ് ലൈഫ് ഇൻഷുറൻസ് പോളിസിയിലേക്കും അടയ്ക്കാൻ ശമ്പളത്തിൽനിന്ന് പിടിച്ച തുക ആറുമാസത്തിനകം കെഎസ്ആർടിസി അതത് പദ്ധതികളുടെ അക്കൗണ്ടിലേക്ക് അടയ്ക്കണമെന്ന് ഹൈക്കോടതി. ഈ തുക വകമാറ്റി ചെലവഴിച്ചെന്ന് ചൂണ്ടിക്കാണിച്ച് 106 ജീവനക്കാർ നൽകിയ ഹർജി തീർപ്പാക്കിയാണ് ജസ്റ്റിസ് സതീഷ് നൈനാൻ ഉത്തരവിട്ടത്. സാമ്പത്തിക പ്രതിസന്ധിയിലാണെന്നും ശമ്പളംപോലും സർക്കാർ സഹായത്തോടെയാണ് നൽകുന്നതെന്നും വലിയ തുക മാസവരവിൽനിന്ന് നീക്കിവയ്ക്കാനാകാത്ത സാഹചര്യമാണെന്നുമുള്ള കെഎസ്ആർടിസിയുടെ വിശദീകരണം തള്ളിയാണ് നിർദേശം.
പങ്കാളിത്ത പെൻഷൻ പദ്ധതിയിലെ കുടിശ്ശിക അടയ്ക്കാൻ സർക്കാർ സഹായം നൽകാൻ നിർദേശിക്കണമെന്നാവശ്യപ്പെട്ട് കെഎസ്ആർടിസി കഴിഞ്ഞദിവസം സത്യവാങ്മൂലം നൽകിയിരുന്നു. പദ്ധതി ഏർപ്പെടുത്തിയ 2014 മുതലുള്ള കണക്കുപ്രകാരം 333.36 കോടി രൂപയാണ് കോർപറേഷൻ അടയ്ക്കേണ്ടത്. കോവിഡിനെ തുടർന്നുള്ള സാമ്പത്തിക പ്രതിസന്ധികാരണം 81.73 കോടി രൂപമാത്രമേ അടച്ചിട്ടുള്ളൂ. 251.63 കോടിരൂപ അടയ്ക്കാനുണ്ട്. ഹർജിക്കാരുടെ കുടിശ്ശിക അടയ്ക്കാൻമാത്രം 15 കോടി രൂപവേണം.
Credits Kerala || Deshabhimani Online News https://ift.tt/3NmDwzX
Comments