ജനങ്ങൾ ചിന്തിക്കുന്നത് ശരിയായ ദിശയിൽ
ജനകീയ പ്രതിരോധജാഥയുടെ ആത്യന്തികമായ ലക്ഷ്യം പാർലമെന്റ് തെരഞ്ഞെടുപ്പിന് പാർടിയെ സജ്ജമാക്കുകയാണോ എന്നായിരുന്നു കോഴിക്കോട് പേരാമ്പ്രയിൽ നടന്ന വാർത്താസമ്മേളനത്തിൽ മാധ്യമപ്രവർത്തകരിലൊരാൾ ചോദിച്ചത്. അത് ജാഥയുടെ ലക്ഷ്യമേയല്ല എന്നതാണ് ഉത്തരം. ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കാനുള്ള നീക്കങ്ങളുടെ അപകടം ജനങ്ങളിലെത്തിക്കുന്നതിനാണ് ഊന്നൽ നൽകുന്നത്. കേന്ദ്രസർക്കാരിന്റെ അധികാരം ഉപയോഗിച്ച് അന്വേഷണ ഏജൻസികളെക്കൊണ്ട് കേരളത്തിലെ സർക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമങ്ങളെ, ജനങ്ങൾക്ക് മുമ്പിൽ അവതരിപ്പിക്കുകയാണ് ഞങ്ങൾ.
വികസിതരാജ്യങ്ങളോട് കിടപിടിക്കുന്ന വിധം കേരളം കൈവരിച്ച നേട്ടങ്ങളെ ക്കുറിച്ചും പറയുന്നു. കേന്ദ്രസർക്കാരിനോട്, സംഘപരിവാരത്തോട് അപകടകരമാം വിധം സന്ധിചെയ്യുന്ന കേരളത്തിലെ പ്രതിപക്ഷത്തെ തുറന്ന് എതിർക്കുന്നു.
പോസിറ്റീവ് ആയ, ഗുണപരമായ ചർച്ച ഉയർത്തുകയാണ് ഈ ജാഥ. വികസിത രാജ്യങ്ങളോട് കിടപിടിക്കുന്ന രീതിയിൽ കേരളത്തെ വളർത്താൻ സംസ്ഥാന സർക്കാർ നടപ്പാക്കിയ കാര്യങ്ങളാണ് വിശദീകരിക്കുന്നത്. കേരളത്തിന്റെ വികസനം തകർക്കാൻ ശ്രമിക്കുന്നവരെക്കുറിച്ച് പറയാതെ വയ്യല്ലോ. ഉമ്മൻചാണ്ടി സർക്കാർ ദേശീയപാത വികസനത്തിൽ തുടർന്ന നയമാണ് എൽഡിഎഫ് സ്വീകരിച്ചിരുന്നതെങ്കിൽ നമ്മുടെ റോഡുകൾ എട്ടുവരിയാകുമായിരുന്നുവോ. കെ റെയിൽ പദ്ധതിയെക്കുറിച്ച് എതിർപ്പുയർത്തുകയാണ് ചിലർ. എൽഡിഎഫ് സർക്കാർ അത് നടപ്പാക്കരുത് എന്ന ഇടുങ്ങിയ ചിന്തയാണ് ഇതിന് പിന്നിൽ. ഇന്ത്യയിൽ ഒമ്പത് സംസ്ഥാനങ്ങളിൽ സിൽവർ ലൈൻ ഉണ്ട്. അതാണ് കേരളത്തിൽ പറ്റില്ലെന്ന് ചിലർ വാശിപിടിക്കുന്നത്. അതിന് കടം വാങ്ങി കെ റെയിൽ പണിയുന്നു എന്ന വിചിത്രവാദമാണുന്നയിക്കുന്നത്. അര ശതമാനം പലിശയ്ക്ക് കടം വാങ്ങുന്നത് എതിർക്കുന്നത് വിവരക്കേട് എന്നേ പറയാനാവൂ.
പതിനായിരം പേരെ ഓരോ കേന്ദ്രത്തിലും പങ്കെടുപ്പിക്കാനാകണം എന്നാണ് പാർടി ആലോചിച്ചത്. പതിനായിരം എന്നത് ഇരുപതിനായിരവും കാൽലക്ഷവും ഒക്കെ കടക്കുന്നു എന്നതാണ് അനുഭവം. ശനിയാഴ്ച കല്ലാച്ചിയിലും ആയഞ്ചേരിയിലും വടകരയിലും കൊയിലാണ്ടിയിലും കോഴിക്കോട് കടപ്പുറത്തുമൊക്കെ ജനം ഇരമ്പിയെത്തുകയായിരുന്നു. അവർ എന്തുകൊണ്ടാണ് സിപിഐ എമ്മിൽ, ഇടതുപക്ഷ ജനാധിപത്യമുന്നണിയിൽ പ്രതീക്ഷയർപ്പിക്കുന്നത് എന്നത് ഞങ്ങൾക്ക് നല്ല ബോധ്യമുണ്ട്. ചില മാധ്യമങ്ങൾക്ക് മാത്രമാണ് അത് മനസ്സിലാവാത്തത്. |
ജാഥയിൽ സംസാരിക്കുന്നതിനിടെ ഞാൻ പലയിടത്തും സദസ്സിനോട് ചില ചോദ്യങ്ങൾ ചോദിച്ചു. സാമ്പത്തിക നയങ്ങൾ, സംഘപരിവാരത്തിന്റെ പ്രത്യയശാസ്ത്രം, കേരളത്തിന്റെ സാമൂഹ്യജീവിതം എന്നിവയൊക്കെ ബോധ്യപ്പെടുത്തുന്നതായിരുന്നു ആ ചോദ്യങ്ങൾ. സദസ്സിൽ നിന്ന് അവയ്ക്ക് കൃത്യമായ മറുപടി ലഭിച്ചു. ജനങ്ങൾ ശരിയാംവണ്ണം കാര്യങ്ങൾവിലയിരുത്തുന്നുവെന്നതിന്റെ തെളിവാണത്. മാധ്യമങ്ങൾ വിഷയത്തിനപ്പുറമുള്ള കാര്യങ്ങൾ ചർച്ച ചെയ്യുമ്പോഴും ജനം ശരിയായ ദിശയിലാണ് ചിന്തിക്കുന്നത്.
സംഘപരിവാരം നടപ്പാക്കുന്ന ഹിന്ദുത്വം എല്ലാ ഹിന്ദുക്കൾക്കും വേണ്ടിയുള്ളതാണെന്നാണ് അവരുടെ പ്രചാരണം.
എന്നാലത് ഹിന്ദുത്വ കോർപറേറ്റുകൾക്ക് വേണ്ടിയുള്ളതാണ്. അതിൽ പാവങ്ങളില്ല. ഉന്നതവിദ്യാഭ്യാസ കേന്ദ്രമായ കോഴിക്കോട് എൻഐടി അക്കാദമിക് ധാരണപത്രം ഒപ്പുവച്ചത് ആർഎസ്എസിന് കീഴിലുള്ള മാധ്യമപഠനകേന്ദ്രമായ മാഗ്കോമുമായാണ്. സംഘപരിവാരത്തിനും കോർപറേറ്റുകൾക്കുമായി പേനയുന്തുന്ന മാധ്യമപ്രവർത്തകരെ സൃഷ്ടിക്കുകയാണ് പിന്നിലുള്ള ലക്ഷ്യം. ക്യാമ്പസിൽ രാഷ്ട്രീയ പ്രവർത്തന സ്വാതന്ത്ര്യത്തിന് തടയിടുകയും അത് മറയാക്കി കാവിവൽക്കരിക്കുകയുമാണ് ചെയ്യുന്നത്. ഉന്നതവിദ്യാഭ്യാസ മേഖലയെ കാൽച്ചുവട്ടിലാക്കാനുള്ള പദ്ധതി കേരളത്തിൽ വിലപ്പോവില്ല. അത് എതിർക്കപ്പെടേണ്ടതാണ്. പക്ഷേ, പ്രതിപക്ഷമൊക്കെ അത് ചെയ്യുമോ എന്നാണ് ചോദ്യം.
Credits Kerala || Deshabhimani Online News https://ift.tt/O1QCnBK
Comments