സഹകരണമേഖലയിൽ 
14 വ്യവസായ പാർക്ക്‌ ; ഈ വർഷം 8 എണ്ണം

തിരുവനന്തപുരം
സംസ്ഥാനത്ത് എല്ലാ ജില്ലകളിലും സഹകരണ മേഖലയിൽ വ്യവസായ പാർക്ക് തുടങ്ങും. കോട്ടയം, എറണാകുളം ജില്ലകളിൽ മാതൃകാ പാർക്കുകൾ ആരംഭിച്ച് മറ്റിടങ്ങളിലേക്ക് വ്യാപിപ്പിക്കാൻ മന്ത്രിമാരായ വി എൻ വാസവൻ, പി രാജീവ് എന്നിവർ പങ്കെടുത്ത ഉന്നതതല യോഗത്തിൽ ധാരണയായി. ഈ വർഷം എട്ട് പാർക്ക് പൂർത്തീകരിക്കും. കർമപദ്ധതി സമയബന്ധിതമായി നടപ്പാക്കാൻ വകുപ്പുകൾക്ക് നിർദേശം നൽകി. സഹകരണ സംഘങ്ങളുടെ കൺസോർഷ്യങ്ങളിലൂടെ പാർക്കുകൾ വികസിപ്പിക്കും.

മൂന്നര വർഷത്തിനുള്ളിൽ 100 സ്വകാര്യ വ്യവസായ പാർക്ക് തുടങ്ങാൻ സർക്കാർ നേരത്തെ തീരുമാനിച്ചിരുന്നു. ചുരുങ്ങിയത് 1000 ഏക്കറിൽ വ്യവസായങ്ങൾ ആരംഭിക്കുകയാണ് ലക്ഷ്യം. ഓരോ പാർക്കിനും ഏക്കറിന് 30 ലക്ഷം രൂപ നിരക്കിൽ മൂന്നുകോടി രൂപവരെ അടിസ്ഥാനസൗകര്യ വികസന ധനസഹായം തിരിച്ചടവ് വ്യവസ്ഥയിൽ സർക്കാർ നൽകും. ഇത് സഹകരണ സംഘങ്ങളുടെ വ്യവസായ പാർക്കുകൾക്കും നൽകും.

950 സംഘം വ്യവസായ യൂണിറ്റാകും
950 വനിതാ വ്യവസായ സഹകരണ സംഘങ്ങളെ നവീകരിച്ചും പുതിയ യൂണിറ്റുകൾ സ്ഥാപിച്ചും വ്യവസായ സംരംഭങ്ങളാക്കി മാറ്റും. ഇതിനായി സഹകരണ വകുപ്പ് സാമൂഹ്യ ഓഡിറ്റ് നടത്തും. തുടർന്ന് വ്യവസായ വകുപ്പിന്റെ സഹായത്തോടെ സംഘം ജീവനക്കാർക്കും സഹകാരികൾക്കും പരിശീലനം നൽകും. ആവശ്യമായ ഫണ്ട് സഹകരണ വകുപ്പ് ലഭ്യമാക്കും. നവീകരണവും പ്രൊഫഷണലിസവും ഉറപ്പാക്കാൻ വ്യവസായ വകുപ്പും സഹായിക്കും. യൂണിറ്റ് കുറഞ്ഞത് ഒരു ഉൽപ്പന്നം തയ്യാറാക്കും. ബ്രാൻഡിങ്ങിന് വ്യവസായ വകുപ്പിന്റെ പിന്തുണയുണ്ടാകും. മെയ്ഡ് ഇൻ കേരള ഉൽപ്പന്നങ്ങളുടെ വിപണനത്തിന് കൺസ്യൂമർഫെഡ്, സഹകരണ സംഘങ്ങൾ എന്നിവയുടെ സൂപ്പർ മാർക്കറ്റുകളും സ്റ്റോറുകളുമെല്ലാം ഉപയോഗിക്കും. ജില്ലകളിൽ ഏകീകൃത കോ– -ഓപ്പ് മാർട്ടുകളുമുണ്ടാകും.



Credits Kerala || Deshabhimani ​Online ​News https://ift.tt/8uXCqwl

Comments

Archive

Contact Form

Send