ത്രിപുരയിൽ ബിജെപി , മേഘാലയയിൽ എൻപിപി , നാഗാലാൻഡിൽ എൻഡിപിപി–ബിജെപി

ന്യൂഡൽഹി
ത്രിപുരയിൽ കുറഞ്ഞ ഭൂരിപക്ഷത്തിൽ ബിജെപി സഖ്യത്തിന് അധികാരത്തുടർച്ച. പണവും അധികാരസൗകര്യങ്ങളും വൻതോതിൽ ഉപയോഗിച്ച ഭരണമുന്നണിയെ സീറ്റ് ധാരണയിൽ മത്സരിച്ച ഇടതുമുന്നണിയും കോൺഗ്രസും ചെറുത്തുനിന്നു. ബഹുകോണമത്സരം നടന്ന മേഘാലയയിൽ തൂക്കുസഭ. പ്രതിപക്ഷം കാര്യമായി രംഗത്തില്ലാതിരുന്ന നാഗാലാൻഡിൽ എൻഡിപിപി–- ബിജെപി സഖ്യത്തിന് ജയം. വടക്കുകിഴക്കൻ മേഖലയിലെ മൂന്ന് സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ ബിജെപിക്ക് 2018നെ അപേക്ഷിച്ച് നേട്ടമുണ്ടാക്കാനായില്ല.

ഇരുപത്തഞ്ച് വർഷത്തെ ഇടതുമുന്നണി ഭരണത്തിനുശേഷം 2018ൽ ത്രിപുര നിയമസഭയിൽ 60ൽ 44 സീറ്റോടെ അധികാരം പിടിച്ച ബിജെപി സഖ്യത്തിന് ഇത്തവണ കിട്ടിയത് 33 സീറ്റ്. ബിജെപിക്ക് 32, ഐപിഎഫ്ടിക്ക് ഒന്ന്. ബിജെപി 55 സീറ്റിലും ഐപിഎഫ്ടി ആറിടത്തുമാണ് മത്സരിച്ചത്. സിപിഐ എം–-11, കോൺഗ്രസ്–-മൂന്ന്, തിപ്ര മോത–-13 സീറ്റിലും ജയിച്ചു. സിപിഐ എം–-43, കോൺഗ്രസ്–-13, തിപ്ര മോത–-42 സീറ്റിൽ വീതമാണ് മത്സരിച്ചത്. സിപിഐ, ഫോർവേർഡ് ബ്ലോക്ക്, ആർഎസ്പി സ്ഥാനാർഥികൾ ഓരോ സീറ്റിലും മത്സരിച്ചു. മുഖ്യമന്ത്രി മണിക് സാഹ ബോർഡോവാലിയിൽനിന്ന് ജയിച്ചു. സിപിഐ എം സംസ്ഥാന സെക്രട്ടറി ജിതേന്ദ്ര ചൗധരി സബ്രൂമിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ടു. ത്രിപുരയിൽ ആദിവാസി സംവരണ മണ്ഡലങ്ങൾക്ക് പുറത്തുള്ള 12 സീറ്റിൽ തിപ്ര മോത പിടിച്ച വോട്ട് ബിജെപിയുടെ ജയത്തിന് വഴിയൊരുക്കി. ഇവിടങ്ങളിൽ ബിജെപിയുടെ ഭൂരിപക്ഷം തിപ്ര മോതയ്ക്ക് ലഭിച്ച വോട്ടിനേക്കാൾ കുറവാണ്.


മേഘാലയയിൽ മുഖ്യമന്ത്രി കോൺറാഡ് സാങ്മയുടെ നാഷണൽ പീപ്പിൾസ് പാർടി (എൻപിപി) 60ൽ 26 സീറ്റ് നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. യുണൈറ്റഡ് ഡെമോക്രാറ്റിക് പാർടിക്ക് 11 സീറ്റ് കിട്ടി. കോൺഗ്രസും തൃണമൂൽ കോൺഗ്രസും അഞ്ച് വീതം സീറ്റിൽ ജയിച്ചു. ബിജെപിക്ക് 2018ലെ പോലെ രണ്ട് സീറ്റ്. ഇതര പ്രാദേശിക പാർടികൾക്കും സ്വതന്ത്രർക്കുമായി 10 സീറ്റ് ലഭിച്ചു. സ്ഥാനാർഥിയുടെ മരണത്തെതുടർന്ന് ഒരിടത്ത് വോട്ടെടുപ്പ് മാറ്റി. ഇതിനിടെ കോൺറാഡ് സാങ്മ പുതിയ സർക്കാർ രൂപീകരിക്കാൻ ബിജെപി അധ്യക്ഷൻ അമിത് ഷായുടെ സഹായം തേടിയെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിസ്വ സർമ ട്വീറ്റ് ചെയ്തു. അഞ്ച് വർഷം ഒന്നിച്ച് ഭരിച്ചശേഷം എൻപിപിക്കെതിരെ അഴിമതിയാരോപണം ഉന്നയിച്ച് ബിജെപി തനിച്ച് മത്സരിക്കുകയായിരുന്നു.

നാഗാലാൻഡിൽ എൻഡിപിപി (നാഷണലിസ്റ്റ് ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാർടി) 25 ഇടത്തും സഖ്യകക്ഷിയായ ബിജെപി 12 ഇടത്തും ജയിച്ചു. ബിജെപിക്ക് കഴിഞ്ഞ തവണയും 12 സീറ്റായിരുന്നു. എൻസിപി ഏഴിടത്തും എൻപിപി അഞ്ചിടത്തും വിജയികളായി. ബാക്കി സീറ്റുകൾ സ്വതന്ത്രർക്കും ചെറുപാർടികൾക്കുമാണ്. കോൺഗ്രസിന് സീറ്റൊന്നും ലഭിച്ചില്ല. എൻഡിപിപിയിലെ നീഫ്യു റിയോ ഇവിടെ തുടർച്ചയായ അഞ്ചാം തവണ മുഖ്യമന്ത്രിയായേക്കും.

ഉപതെരഞ്ഞെടുപ്പില് ബിജെപിക്ക് തിരിച്ചടി
അഞ്ചു സംസ്ഥാനത്തായി ആറ് നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിൽ ബിജെപിക്ക് തിരിച്ചടി. മഹാരാഷ്ട്രയിലെ ബിജെപി 28 വർഷം കൈവശംവച്ച കസബപേട്ട് മണ്ഡലത്തിൽ മഹാസഖ്യ സ്ഥാനാർഥി കോൺഗ്രസിന്റെ രവീന്ദ്ര ധൻഗേക്കർ ജയിച്ചു. ചിഞ്ച്വാദ് സീറ്റ് ബിജെപി നിലനിർത്തി.

ബംഗാളിൽ സാഗർദിഗി മണ്ഡലത്തിൽ തൃണമൂൽ കോൺഗ്രസ് തോറ്റു. ഇടതുമുന്നണി പിന്തുണയോടെ കോൺഗ്രസിലെ ബയ്റോൺ ബിശ്വാസ് ജയിച്ചു. ബിജെപി മൂന്നാം സ്ഥാനത്തായി. തമിഴ്നാട്ടിലെ ഈറോഡ് ഈസ്റ്റിൽ കോൺഗ്രസ് ജയിച്ചു. ഡിഎംകെ പിന്തുണയോടെ മത്സരിച്ച ഇ വി കെ എസ് ഇളങ്കോവനാണ് ജയിച്ചത്. ജാർഖണ്ഡിലെ സിറ്റിങ് സീറ്റായ രാംഗറിൽ കോൺഗ്രസ് തോറ്റു. അരുണാചൽപ്രദേശിലെ ലുംല മണ്ഡലത്തിൽ ബിജെപിയുടെ സെറിംഗ് ലാമു എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.



Credits National || Deshabhimani ​Online ​News https://ift.tt/6VQl9Im

Comments

Archive

Contact Form

Send