പറവൂർ സബ് ആർടി ഓഫീസിന് നഗരസഭയുടെ റെഡ്സിഗ്നൽ
പറവൂർ
സബ് ആർടി ഓഫീസ് നഗരത്തിൽതന്നെ നിലനിർത്തണമെന്ന ജനകീയ ആവശ്യത്തിനുമുന്നിൽ മുഖംതിരിച്ച് നഗരസഭാ ഭരണനേതൃത്വം. ഒമ്പതാംവാർഡിൽ അങ്കണവാടിക്കുസമീപമുള്ള ശ്മശാനഭൂമി ടെസ്റ്റ് ഗ്രൗണ്ടിനായി അനുവദിക്കാൻ നഗരസഭാ ഭരണാധികാരികൾ തയ്യാറാകാത്തതാണ് പ്രശ്നത്തിന് കാരണം. ഇതോടെ ടെസ്റ്റ് ഗ്രൗണ്ടിനുപുറമെ സബ് ആർടി ഓഫീസും പറവൂർ നഗരത്തിൽനിന്ന് മറ്റൊരിടത്തേക്ക് പോകുമെന്ന് ഉറപ്പായി. ഇതിനുള്ള സൗകര്യങ്ങൾ ഒരുക്കാൻ തയ്യാറാണെന്ന് പുത്തൻവേലിക്കര പഞ്ചായത്ത് മോട്ടോർ വാഹനവകുപ്പിനെ അറിയിച്ചിട്ടുണ്ട്. നഗരസഭയുടെ ഉടമസ്ഥതയിലുള്ള ശ്മശാനഭൂമി കാടുപിടിച്ച് കിടക്കാൻ തുടങ്ങിയിട്ട് ഏറെ വർഷങ്ങളായി. ഇത് ടെസ്റ്റ് ഗ്രൗണ്ടിനായി നൽകിയാൽ ഇവിടുത്തെ വിശാലമായ സ്ഥലസൗകര്യം ഉപയോഗപ്പെടുത്തി ആധുനികരീതിയിലുള്ള ടെസ്റ്റ് ഗ്രൗണ്ടാക്കി മാറ്റാനാകും. എന്നാൽ, വി ഡി സതീശൻ എംഎൽഎയും നഗരസഭാ നേതൃത്വവും അനുകൂല നിലപാടെടുക്കുന്നില്ല. പകരം തൊട്ടടുത്തുള്ള ഫയർ സ്റ്റേഷനുസമീപത്തെ റവന്യു ഭൂമി പരിഗണിക്കണമെന്നാണ് നഗരസഭയുടെ നിലപാട്. എന്നാൽ, ഇവിടെ ജുഡീഷ്യൽ ഉദ്യോഗസ്ഥർക്ക് താമസിക്കാനും മറ്റുമായി കെട്ടിട സമുച്ചയങ്ങൾ നിർമിക്കുന്ന കാര്യം സർക്കാർ ആലോചനയിലാണ്.
ജില്ലയുടെ ഒരറ്റത്തുള്ള പുത്തൻവേലിക്കരയിലേക്ക് സബ് ആർടി ഓഫീസ് മാറ്റിയാൽ വൈപ്പിൻ, വരാപ്പുഴ തുടങ്ങി മിക്ക മേഖലകളിലെയും ജനങ്ങൾ ദുരിതത്തിലാകും. ഡ്രൈവിങ് സ്കൂളുകൾ ചേർന്ന് വാടകയ്ക്കെടുത്ത സ്ഥലത്താണ് നിലവിൽ ഡ്രൈവിങ് ടെസ്റ്റുകൾ നടത്തുന്നത്. ഇവരുടെ വരുമാനവും നഗരസഭയുടെ നിലപാടുമൂലം ഇല്ലാതാകാനാണ് സാധ്യത.
Credits Kerala || Deshabhimani Online News https://ift.tt/xO1vIsr
Comments