ആ മുഖങ്ങളിൽ അതിജീവനത്തിന്റെ ആഹ്ലാദച്ചിരി
തൃശൂർ
ആ മുഖങ്ങളിൽ നിറഞ്ഞത് സർവനാശത്തെ അതിജീവിച്ചതിന്റെ ആശ്വാസച്ചിരി. ഇരമ്പിയാർത്തുവന്ന മണ്ണും വെള്ളവും മൂടിക്കളഞ്ഞത് അവരുടെ ജീവിതമായിരുന്നു. സർവനാശം ഉരുൾപൊട്ടിയെത്തിയപ്പോൾ തളർന്നുവീണ ചേലക്കര മണ്ഡലത്തിലെ ദേശമംഗലം, പള്ളം, കൊറ്റമ്പത്തൂർ കോളനി നിവാസികൾ ജാഥാക്യാപ്റ്റൻ എം വി ഗോവിന്ദനെ സ്വീകരിക്കാനെത്തി, കൈയിലേന്തിയ കൊടികളോളം പ്രകാശം പരത്തുന്ന ചിരികളുമായി. ദുരന്തനാളുകളിൽ ചേർത്തുനിർത്തിയ എൽഡിഎഫ് സർക്കാരിനോടുള്ള അളവറ്റ കടപ്പാടാണ് ആ ചിരികളിൽ നിറഞ്ഞത്. സ്വന്തം ഭൂമിയും നല്ല വീടുമായി അതിജീവനത്തിന്റെ ആഹ്ലാദച്ചിരി. കൂട്ടത്തിൽ മുതിർന്ന അമ്മ അമ്മിണി, ജഥാക്യാപ്റ്റനെ ചുവന്ന ഷാളണിയിക്കുമ്പോൾ കണ്ണിൽ തെളിഞ്ഞത് കരുതലിന്റെതണൽ കണ്ടറിഞ്ഞവരുടെ ആത്മഹർഷം.
2018ലെ പ്രളയത്തിൽ ആഗസ്ത് 16നാണ് കൊറ്റമ്പത്തൂരിൽ ഉരുൾപൊട്ടലുണ്ടായത്. അർധരാത്രിയിലുണ്ടായ ദുരന്തത്തിൽ നാലു യുവാക്കളുടെ ജീവൻ പൊലിഞ്ഞു. എല്ലാം നഷ്ടപ്പെട്ട 19 കുടുംബങ്ങളെയാണ് സുമനസ്സുകളുടെ പിന്തുണയോടെ സർക്കാർ പുനരധിവസിപ്പിച്ചത്. ആ കരുതൽ മറക്കാനാവില്ലെന്ന് അമ്മിണിയും ഹേമയും അനിലും പറയുമ്പോൾ സിപിഐ എം എന്ന പാർടിക്ക് ഒരു രാഷ്ട്രീയ പ്രസ്ഥാനമെന്നതിനപ്പുറം നിസ്വരായ മനുഷ്യരുടെ മനസ്സിലുള്ള രക്ഷകസ്ഥാനവും തെളിയുകയായിരുന്നു.
സിപിഐ എം നേതാക്കളായ കെ രാധാകൃഷ്ണൻ, എംഎൽഎയായിരുന്ന യു ആർ പ്രദീപ് എന്നിവരുടെ ഇടപെടലിനെത്തുടർന്ന് ഡോ. എം രാമകൃഷ്ണനാണ് വീടുനിർമാണത്തിനായി രണ്ടേക്കറോളം ഭൂമി സൗജന്യമായി വിട്ടുനൽകിയത്. ഓരോ കുടുംബത്തിനും അഞ്ചുസെന്റ് വീതം ഭൂമി നൽകി പട്ടയവും കൈമാറി. ലൈഫ് പദ്ധതിയുടെ സഹായത്തോടെ വീടും നിർമിച്ചു നൽകി. കുടിവെള്ളവും എത്തിച്ചു.
Credits Kerala || Deshabhimani Online News https://ift.tt/dnUrLqs
Comments