പ്രതിപക്ഷ ഐക്യം 
മോദി ഭയക്കുന്നു ; തെരഞ്ഞെടുപ്പ് നടക്കുന്നിടങ്ങളിൽ മോദിക്ക് മുന്നേ ഇഡിയെത്തുന്നു : കെ കവിത


ന്യൂഡൽഹി
രാജ്യത്തെ 18 പ്രതിപക്ഷ പാർടികളുടെ പിന്തുണയോടെ ബിആർഎസ് നേതാവ് കെ കവിതയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന നിരാഹാരസമരത്തിന് കേന്ദ്ര സര്ക്കാര് അനുമതി നിഷേധിച്ചു. വനിതാ സംവരണബിൽ പാസാക്കണമെന്ന് ആവശ്യപ്പെട്ട് മാസങ്ങള്മുമ്പേ ജന്തർമന്തറിൽ പ്രഖ്യാപിച്ച സമരം, കേന്ദ്രഏജൻസികളെ ഉപയോഗിച്ച് പ്രതിപക്ഷ നേതാക്കളെ വേട്ടയാടുന്ന മോദി സര്ക്കാരിനെതിരായ ഐക്യമുന്നേറ്റമാകുമെന്ന് ഉറപ്പായതോടെയാണ് നടപടി.

എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കവിതയ്ക്ക് ഡൽഹി മദ്യനയവുമായി ബന്ധപ്പെട്ട കേസിൽ മൊഴിനല്കാന് വ്യാഴാഴ്ച ഹാജരാകാന് സമന്സ് നല്കിയിരുന്നു. ഭീഷണിക്കു മുന്നില് വഴങ്ങാന് കൂട്ടാക്കില്ലെന്നും പ്രക്ഷോഭവുമായി മുന്നോട്ടുപോകുമെന്നും കവിത പ്രഖ്യാപിച്ചു. ശനിയാഴ്ച ഹാജരാകാമെന്ന് അവർ ഇഡിയെ അറിയിച്ചു. പിന്നാലെ പ്രക്ഷോഭത്തിന് ജന്തര്മന്തറില് പ്രക്ഷോഭം അനുവദിക്കില്ലെന്ന് ഡല്ഹി പൊലീസ് അറിയിച്ചു. നേരത്തേ നൽകിയ അനുമതി കേന്ദ്രം ഇപ്പോള് നിഷേധിച്ചതായി കവിത പറഞ്ഞു.

നിരാഹാരസമരത്തിൽ പങ്കെടുക്കുമെന്ന് 18 പ്രതിപക്ഷ പാർടികൾ അറിയിച്ചു. സിപിഐ എം, സിപിഐ, ആം ആദ്മി, തൃണമൂൽ കോൺഗ്രസ്, എൻസിപി, ശിവസേന ഉദ്ധവ്താക്കറെ പക്ഷം, അകാലിദൾ, ജെഡിയു, ആർജെഡി, സമാജ്വാദി പാർടി, നാഷണൽ കോൺഫറൻസ്, ജെഎംഎം തുടങ്ങിയ പാർടികളുടെ പ്രതിനിധികളും പ്രവർത്തകരും സ്വതന്ത്ര എംഎൽഎമാരും സമരത്തിൽ അണിനിരക്കും. അന്വേഷണ ഏജൻസികളെ മോദി സർക്കാർ രാഷ്ട്രീയ ആയുധമാക്കുന്നതിന് എതിരെ പ്രതിപക്ഷ പാർടികൾ സമരമുഖത്താണ്. ആം ആദ്മി നേതാവ് മനീഷ് സിസോദിയയുടെ അറസ്റ്റിനെ ശക്തമായ ഭാഷയിൽ അപലപിച്ച് പ്രതിപക്ഷം പ്രധാനമന്ത്രിക്ക് കത്ത് നല്കിയിരുന്നു. ഇതിനു പിന്നാലെയാണ് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖരറാവുവിന്റെ മകൾ കവിതയ്ക്കും ഇഡി സമൻസ് അയച്ചത്.

ഡിസംബറിൽ തെലങ്കാനയിൽ തെരഞ്ഞെടുപ്പ് നടക്കുന്നതിന്റെ മുന്നോടിയായിട്ടാണ് ഇഡി ചോദ്യം ചെയ്യാന് വിളിപ്പിച്ചതെന്ന് കവിത മാധ്യമങ്ങളോട് പറഞ്ഞു. തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ മോദിയേക്കാൾ നേരത്തേ ഇഡി എത്തും. അന്വേഷണവുമായി സഹകരിക്കും. ഇഡി ഉദ്യോഗസ്ഥർക്ക് വീട്ടിലെത്തി മൊഴിയെടുക്കാമെന്നാണ് ആദ്യം അറിയിച്ചത്. പിന്നീട് തിടുക്കത്തില് ഓഫീസിൽ ഹാജരാകണമെന്ന് ഉദ്യോഗസ്ഥർ ആവശ്യപ്പെടുകയായിരുന്നു. ഇത്രയും തിടുക്കം കൂട്ടിയതിന്റെ കാരണമെന്താണെന്നും കവിത ചോദിച്ചു.



Credits National || Deshabhimani ​Online ​News https://ift.tt/Crlasfd

Comments

Archive

Contact Form

Send