നിയമവാഴ്‌ച തകർന്ന്‌ ത്രിപുര ; ബിജെപി ആക്രമണം 
കൂടുതൽ ജില്ലകളിലേക്ക്‌ ; കേന്ദ്രസേനയെയും പൊലീസിനെയും ആക്രമിച്ചു


ന്യൂഡൽഹി
ത്രിപുര തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനു പിന്നാലെ ബിജെപി അഴിച്ചുവിട്ട അക്രമം കൂടുതൽ ജില്ലകളിലേക്ക് പടരുന്നു. മൂന്നാം ദിവസവും തീവയ്പും കൊള്ളയും നീണ്ടിട്ടും സർക്കാരും പൊലീസും മൂകസാക്ഷി. ഇടതുമുന്നണി, കോൺഗ്രസ് പ്രവർത്തകരെ ലക്ഷ്യമിട്ട് സംഘടിത ആക്രമണമാണ് ബിജെപിക്കാർ നടത്തുന്നത്. ഫലംവന്ന് 48 മണിക്കൂറിനുള്ളിൽ പ്രതിപക്ഷ പാർടി പ്രവർത്തകരുടെ അറുപതോളം വീടുകൾ അഗ്നിക്കിരയാക്കി. നൂറോളം വീടുകൾക്കുനേരെ ആക്രമണം ഉണ്ടായി. പശുക്കളടക്കം വളർത്തുമൃഗങ്ങളെയും വാഹനങ്ങളും ചുട്ടെരിച്ചു. റബർത്തോട്ടം ഉൾപ്പെടെ കൃഷിയിടങ്ങൾ കത്തിക്കുകയും വിളകൾ കൊള്ളയടിക്കുകയും ചെയ്തു.

വടക്കൻ ത്രിപുര ജില്ലയിൽ നിരോധനാജ്ഞയെ വെല്ലുവിളിച്ച് ബിജെപിക്കാർ അഴിഞ്ഞാടി. സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ചുരൈബറിയിലെ പൊലീസ് സ്റ്റേഷൻ നാട്ടുകാർ വളഞ്ഞു. ക്രമസമാധാനം പാലിക്കുന്നതിൽ വീഴ്ചയുണ്ടായെന്ന് സമ്മതിച്ച പൊലീസ് നിയമവാഴ്ച പുനഃസ്ഥാപിക്കുമെന്ന് ഉറപ്പുനൽകി. വടക്കൻമേഖലാ ഡിഐജി മഞ്ചക്ക് ഇപ്പർ, ജില്ലാ പൊലീസ് മേധാവി കിരൺകുമാർ എന്നിവർ സമാധാനം പാലിക്കണമെന്ന് അഭ്യർഥിച്ചു.

ശനി പകൽ ബാദർഘട്ടിൽ ബിജെപി സംഘം കൂട്ടമായെത്തി വീടുകൾ തകർത്തു. കൈലാഷഹറിലും ക്രൂരമായ ആക്രമണം തുടരുന്നു. വീട്ടമ്മമാർക്കും പരിക്കുണ്ട്. അഗർത്തലയിലെ ഗാന്ധിഗ്രാമിൽ സിപിഐ എം പ്രവർത്തകന്റെ വീടിന് ബോംബെറിഞ്ഞു. പലയിടത്തും പൊലീസ് –-കേന്ദ്രസേനാംഗങ്ങളെയും ബിജെപിക്കാർ ആക്രമിച്ചു. ഖയേർപുരിലും ബിലാസ്ഗഢിലും വലിയ ആക്രമണങ്ങളുണ്ടായി. ഇടതുമുന്നണി, കോൺഗ്രസ് പ്രവർത്തകരുടെ വീടുകൾ പട്ടാപ്പകലാണ് ആക്രമിച്ചത്.

വെള്ളി രാത്രി സിപാഹിജാല ജില്ലയിലെ മേലാഘറിൽ സിപിഐ എം യുവനേതാവ് മണിദേവിന്റെ വീട് കൊള്ളയടിച്ച് തീയിട്ടു. ബിജെപി സർക്കാർ പുറത്താക്കിയ അധ്യാപകരുടെ വീടുകളും അഗ്നിക്കിരയാക്കി. സിപിഐ എം പ്രവർത്തകർകൂടിയായ രത്തൻ ഋഷിദാസ്, ദിപാലി നന്ദിഘോഷ് എന്നിവരുടെ വീടാണ് ചുട്ടെരിച്ചത്. പശ്ചിമ ത്രിപുര ജില്ലയിലെ പ്രതാപ്ഗഢിൽ ബിജെപിക്കാർ ആക്രമിച്ച സിപിഐ എം പ്രവർത്തകയായ യുവതി പൊലീസ് സ്റ്റേഷനിൽ ഓടിക്കയറിയാണ് ജീവൻ രക്ഷിച്ചത്. ഇതിനിടെ പലയിടങ്ങളിലും ബംഗാളിവിഭാഗവും ഗോത്രവിഭാഗങ്ങളും തമ്മിൽ വർഗീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടെന്ന വാർത്ത വ്യാജമാണെന്ന് പൊലീസ് പറഞ്ഞു.



Credits National || Deshabhimani ​Online ​News https://ift.tt/6ZKsqYO

Comments

Archive

Contact Form

Send