മനോരമ പറയുന്നു: ‘മൂന്നിടത്തും ബിജെപി’ ; ശരിയായ വാർത്ത നൽകി ദേശീയ മാധ്യമങ്ങൾ
ന്യൂഡൽഹി
‘മൂന്നിടത്തും ബിജെപി’ എന്ന തലക്കെട്ടിൽ വാർത്ത നൽകിയത് മലയാളത്തിലെ യുഡിഎഫ് പത്രം മനോരമ മാത്രം. ത്രിപുരയിലും നാഗാലാൻഡിലും ബിജെപി സഖ്യം, മേഘാലയയിൽ തൂക്കുസഭ എന്ന ശരിയായ വാർത്തയാണ് ദേശീയ മാധ്യമങ്ങൾ നൽകിയത്. 60 സീറ്റിൽ മത്സരിച്ച് രണ്ടിടത്ത് മാത്രം ജയിച്ച മേഘാലയയിൽ ബിജെപി ആരംഭിച്ച രാഷ്ട്രീയ കുതിരക്കച്ചവടത്തെ ന്യായീകരിക്കാനാണ് യുഡിഎഫ് പത്രം ശ്രമിച്ചത്.
കഴിഞ്ഞ തെരഞ്ഞെടുപ്പിലും മേഘാലയത്തിൽ രണ്ടു സീറ്റ് കിട്ടിയ ബിജെപിയാണ് സംസ്ഥാന ഭരണം നിയന്ത്രിച്ചത്. എൻപിപി നേതാവായ മുഖ്യമന്ത്രി കോൺറാഡ് സങ്മയെ അഞ്ചു വർഷത്തിനുശേഷം തള്ളിപ്പറഞ്ഞ് ബിജെപി തനിച്ച് മത്സരിച്ചു. രാജ്യത്തെ ഏറ്റവും വലിയ അഴിമതിക്കാരനാണ് കോൺറാഡ് സങ്മയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ആരോപിച്ചിരുന്നു. തെരഞ്ഞെടുപ്പിൽ എൻപിപിക്ക് 26 സീറ്റ് കിട്ടി. എന്നാൽ, യുഡിഎഫ് പത്രം ഇതിനെ ബിജെപി ജയമായി ആഘോഷിക്കുന്നു. നാഗാലാൻഡിൽ പ്രാദേശിക കക്ഷിയായ എൻഡിപിപിക്ക് കിട്ടിയ 25 സീറ്റിന്റെ ബലത്തിലാണ് 12 സീറ്റുള്ള ബിജെപി ഭരണപങ്കാളിയാകുന്നത്.
Credits Kerala || Deshabhimani Online News https://ift.tt/U1vZqCH
Comments