പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ 
ഉപയോഗിച്ച് വ്യാജവാർത്ത ചമച്ചു ; ഏഷ്യാനെറ്റിനെതിരെ പൊലീസ്‌ അന്വേഷണം


തിരുവനന്തപുരം
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഉപയോഗിച്ച് വ്യാജവാർത്ത ചമച്ചെന്ന പരാതിയിൽ ഏഷ്യാനെറ്റ് ന്യൂസ് ചാനലിനെതിരെ പൊലീസ് അന്വേഷണം നടക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചു. 2022 നവംബർ 10ന് ഏഷ്യാനെറ്റ് ന്യൂസ് സംപ്രേഷണംചെയ്ത റിപ്പോർട്ടിൽ പതിനാലുകാരിയുടേതായി ചിത്രീകരിച്ച അഭിമുഖം വ്യാജമാണെന്ന് തെളിഞ്ഞിട്ടുണ്ട്. സഹപാഠികൾ ലൈംഗികമായി ചൂഷണംചെയ്യാറുണ്ടെന്നും പത്തിലധികം വിദ്യാർഥിനികൾ ചൂഷണത്തിനു വിധേയരായിട്ടുണ്ടെന്നും ഏഷ്യാനെറ്റ് ന്യൂസിന്റെ കണ്ണൂർ ലേഖകൻ നൗഫൽ ബിൻ യൂസഫ് നടത്തിയ അഭിമുഖത്തിൽ യൂണിഫോം ധരിച്ച വിദ്യാർഥിനി പറയുന്നുണ്ട്. ഇക്കാര്യത്തിൽ സ്കൂളിലെ വിദ്യാർഥിനികളെയും അഭിമുഖത്തിലുള്ള വിദ്യാർഥിനിയുടെ സുഹൃത്തുക്കളെയും കണ്ട് കണ്ണൂർ സിറ്റി പൊലീസ് അന്വേഷിച്ചു. എന്നാൽ, അങ്ങിനെ പീഡനത്തിരയായതായി അറിവായിട്ടില്ല.


അതേസമയം, സഹപാഠി പീഡിപ്പിച്ചെന്ന മറ്റൊരു വിദ്യാർഥിനിയുടെ അച്ഛന്റെ പരാതിയിൽ കണ്ണൂർ ടൗൺ പൊലീസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചിട്ടുമുണ്ട്. പ്രായപൂർത്തിയാകാത്ത വിദ്യാർഥിനി ചാനലിൽ വെളിപ്പെടുത്തിയ കാര്യത്തിൽ പോക്സോ വകുപ്പിൽ പൊലീസിന് സ്വമേധയാ കേസ് രജിസ്റ്റർ ചെയ്യാം. അതുപ്രകാരമായിരുന്നു പൊലീസ് അന്വേഷിച്ചത്. എന്നാൽ കുറ്റകൃത്യങ്ങളെക്കുറിച്ച് തെളിവോടെയുള്ള അറിവ് ലഭിച്ചാലും ലൈംഗികാതിക്രമം നടന്നുവെന്ന് ഇരയായ പെൺകുട്ടി വെളിപ്പെടുത്തിയാലും പൊലീസിൽ അറിയിക്കാതിതിരിക്കുന്നത് പോക്സോ നിയമത്തിലെ 21 ആർ/ഡബ്ല്യു 19 വകുപ്പ് പ്രകാരം കുറ്റകരമാണെന്നും പി വി അൻവർ എംഎൽഎയുടെ ചോദ്യത്തിന് മുഖ്യമന്ത്രി മറുപടി പറഞ്ഞു. പോക്സോ നിയമത്തിലെ വകുപ്പുകൾചേർത്ത് ചാനലിനെതിരെ നടപടി സ്വീകരിക്കണമെന്നുമുള്ള പരാതിയിലാണ് അന്വേഷണം നടക്കുന്നത്.

‘നർകോട്ടിക് ഈസ് എ ഡേർട്ടി ബിസിനസ്’ പരമ്പര
‘നർകോട്ടിക് ഈസ് എ ഡേർട്ടി ബിസിനസ്’ റോവിങ് പരമ്പരയുടെ ഭാഗമായി ഏഷ്യാനെറ്റ് ന്യൂസ് പ്രദർശിപ്പിച്ചത് മയക്കുമരുന്നുമായി ബന്ധമില്ലാത്ത പെൺകുട്ടിയെ. നാലുമാസം മുമ്പ് നൽകിയ വാർത്തയിലെ പെൺകുട്ടിയുടെ ശബ്ദം എഡിറ്റ് ചെയ്തും കോഴിക്കോട്ടെ സ്വകാര്യ സ്കൂൾ വിദ്യാർഥിനിയെ യൂണിഫോം ധരിപ്പിച്ച് ക്യാമറയ്ക്കു മുന്നിൽ നിർത്തിയുമാണ് വ്യാജവാർത്താ നിർമിതി. കണ്ണൂർ സിറ്റി പൊലീസ് കമീഷണറുടെ അന്വേഷണത്തിൽ ഇതിന് തെളിവ് ലഭിച്ചു. പെൺകുട്ടിയുടെ ‘വെളിപ്പെടുത്തലു’മായി ബന്ധപ്പെട്ട് നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയ മറുപടിയിലും ഇക്കാര്യമുണ്ട്. മുഖ്യമന്ത്രിക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം തുടങ്ങിയത്.
വിദ്യാർഥിനിയെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ചുവെന്ന പിതാവിന്റെ പരാതിയിൽ ജൂലൈയിൽ കണ്ണൂർ ടൗൺ പൊലീസ് സഹപാഠിയെ അറസ്റ്റുചെയ്തിരുന്നു. ഈ കേസിൽ കോടതിയിൽ കുറ്റപത്രവും സമർച്ചിട്ടുണ്ട്. അന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടർ സാനിയോ മനോമി ഈ പെൺകുട്ടിയുടെയും അച്ഛന്റെയും അഭിമുഖം എടുത്തിരുന്നു. അതിൽനിന്ന് ചില ഭാഗങ്ങൾ അടർത്തിയെടുത്തും എഡിറ്റ് ചെയ്ത്, പറയാത്തത് കൂട്ടിച്ചേർത്തുമാണ് മറ്റൊരു റിപ്പോർട്ടറായ നൗഫൽ ബിൻ യൂസഫ് വീഡിയോ നിർമിച്ചത്.

അന്ന് വിദ്യാർഥിനിയും അച്ഛനും പറഞ്ഞ കാര്യങ്ങൾ പൊലീസ് വിശദമായി അന്വേഷിച്ചാണ് സഹപാഠിയെ അറസ്റ്റ്ചെയ്തത്. അതേസമയം, വെളിപ്പെടുത്തലിലെ ചില കാര്യങ്ങളിൽ ദുരൂഹതയും കണ്ടെത്തി. പ്രതിയും കൂട്ടുകാരും മറ്റുള്ളവർക്കും കഞ്ചാവ് നൽകിയിരുന്നെന്നായിരുന്നു ഒരു പരാതി. അത് തെറ്റായിരുന്നു. പ്രതിയും കുട്ടിയും കണ്ടുമുട്ടിയത് വീട്ടിൽമാത്രമായിരുന്നു. സ്കൂളിൽ മറ്റു കുട്ടികൾക്കൊന്നും മയക്കുമരുന്നുമായി ബന്ധമുണ്ടായിരുന്നില്ല. പരാതി ഉണ്ടാകുന്നതിന് ആഴ്ചകൾക്കുമുമ്പു മാത്രമാണ് പെൺകുട്ടി അച്ഛനൊപ്പം കണ്ണൂരിൽ താമസം തുടങ്ങിയതും നഗരത്തിലെ സ്കൂളിൽ ചേർന്നതും. സംഭവം അന്വേഷിക്കുന്നതിനിടെ പെൺകുട്ടിയെയും കൂട്ടി അച്ഛൻ മഹാരാഷ്ട്രയിലേക്ക് തിരിച്ചുപോയി.
വ്യാജവാർത്താനിർമിതിയിലൂടെ തെറ്റിദ്ധാരണ പരത്താൻ ചാനൽ ശ്രമിച്ചതിലാണ് ദുരൂഹത. സ്ഥിരമായി വ്യാജ വാർത്തകൾ സൃഷ്ടിക്കുന്ന നൗഫലും കോഴിക്കോട്ടെ പ്രധാനിയുമാണ് ഇതിനുപിന്നിലെന്നും വ്യക്തം.

വാർത്ത ശരിയെന്ന് 
ആവർത്തിച്ച് ഏഷ്യാനെറ്റ്
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ അഭിമുഖം അടക്കമുള്ള ഏഷ്യാനെറ്റ് റിപ്പോർട്ട് വ്യാജമായി നിർമിച്ചതാണെന്ന വാർത്തകൾ നിറയുമ്പോഴും മുൻ വാർത്ത വീണ്ടും പ്രക്ഷേപണം ചെയ്ത് ഏഷ്യാനെറ്റ്. അഭിമുഖത്തിലെ പെൺകുട്ടിയുടെ ശബ്ദം വീണ്ടും സംപ്രേഷണം ചെയ്താണ് ഏഷ്യാനെറ്റ് വാർത്ത ശരിയാണെന്ന നിലപാട് ആവർത്തിച്ചത്. എന്നാൽ, പത്തിലധികം പെൺകുട്ടികൾ കൂടി ചൂഷണത്തിനിരയായതായി പെൺകുട്ടി അന്ന് പറഞ്ഞതിനെക്കുറിച്ച് നിശ്ശബ്ദത പാലിച്ചു. ഇക്കാര്യം അന്വേഷിച്ച പൊലീസ് പെൺകുട്ടിയുടെ വെളിപ്പെടുത്തലിൽ വസ്തുതയില്ലെന്ന് കണ്ടെത്തിയിരുന്നു. ഇതേക്കുറിച്ചാണ് ഏഷ്യാനെറ്റ് മൗനം തുടരുന്നത്. ഏഷ്യാനെറ്റ് ന്യൂസിലെ ഉന്നതരെ പ്രതികരണം ആരാഞ്ഞ് ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ലഭ്യമായില്ല.

വ്യാജ സൃഷ്ടി കോഴിക്കോട്ടെ ഓഫീസിൽ
ഏഷ്യാനെറ്റ് ന്യൂസ് വ്യാജവാർത്ത ചിത്രീകരിച്ചത് കോഴിക്കോട് ചാനൽ ഓഫീസിൽ. കണ്ണൂർ റിപ്പോർട്ടർ നൗഫൽ ബിൻ യൂസഫ് കോഴിക്കോട് സ്റ്റുഡിയോയിലെത്തിയാണ് അഡ്മിനിസ്ട്രേറ്റീവ് വിഭാഗം ജീവനക്കാരിയുടെ മകളെവച്ച് അഭിമുഖം ചിത്രീകരിച്ചതെന്നാണ് സ്പെഷ്യൽ ബ്രാഞ്ച് കണ്ടെത്തൽ. കഴിഞ്ഞ നവംബർ 10നാണ് ‘നാർക്കോട്ടിക് ഈസ് എ ഡേർട്ടി ബിസിനസ്’ റിപ്പോർട്ട് സംപ്രേഷണം ചെയ്തത്. മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥയനുസരിച്ച് നഗരത്തിലെ സ്വകാര്യ സ്കൂളിൽ ഏഴിൽ പഠിക്കുന്ന വിദ്യാർഥിനിയെ പീഡനത്തിനിരയായ പെൺകുട്ടിയായി ചിത്രീകരിക്കുകയായിരുന്നു. എന്നാൽ, ഏഴിൽ പഠിക്കുമ്പോൾ ഇൻസ്റ്റഗ്രാമിൽ പരിചയപ്പെട്ട യുവാവാണ് ലഹരി ഉപയോഗിക്കാൻ പഠിപ്പിച്ചതെന്നും പിന്നീട് ലഹരിക്കടത്ത് കരിയറായി പ്രവർത്തിച്ചതായുമാണ് അഭിമുഖത്തിൽ പറയുന്നത്.



Credits Kerala || Deshabhimani ​Online ​News https://ift.tt/o9PJ2xC

Comments

Archive

Contact Form

Send