അനിൽ അക്കരയുടെ കത്ത് സർക്കാർ വാദം ശരിവയ്ക്കുന്നു : മന്ത്രി രാജേഷ്


തിരുവനന്തപുരം
വടക്കാഞ്ചേരി ലൈഫ് മിഷൻ കേസിൽ പ്രതിപക്ഷം ഉന്നയിച്ച അപവാദ പ്രചാരണങ്ങളെ സ്വയം കുഴിച്ചുമൂടുന്നതാണ് കോൺഗ്രസ് നേതാവ് അനിൽ അക്കര പുറത്തുവിട്ട കത്തെന്ന് തദ്ദേശമന്ത്രി എം ബി രാജേഷ് പറഞ്ഞു. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നടത്തിയ വാർത്താസമ്മേളനവും സർക്കാർ നിലപാടുകളെ സാധൂകരിക്കുന്നു. അപവാദ പ്രചാരണങ്ങളെ ഇങ്ങനെ സ്വയം കുഴിച്ചുമൂടിയതിൽ സന്തോഷമുണ്ടെന്നും മന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

വടക്കാഞ്ചേരിയിൽ യൂണിടാക്കുമായി ലൈഫ് മിഷൻ ഒരു കരാറും വച്ചിട്ടില്ലെന്ന് അക്കര പുറത്തുവിട്ട കത്തിൽ വ്യക്തമാക്കുന്നു. കരാർ ഒപ്പുവച്ചതും പൈസ കൊടുത്തതും യുഎഇയിലെ റെഡ് ക്രെസെന്റാണ്. വിദേശനാണ്യ വിനിമയ ചട്ടം സർക്കാർ ലംഘിച്ചിട്ടില്ല. അവരുമായി സാമ്പത്തിക ബാധ്യതയും സർക്കാരിനില്ല.

സർക്കാർ ഫണ്ട് ഉപയോഗിച്ച് ഘട്ടംഘട്ടമായി ഫ്ലാറ്റ് നിർമിക്കാനാണ് ഉദ്ദേശിച്ചത്. ഇത് സർക്കാർ നേരത്തേ നിയമസഭയിൽ വ്യക്തമാക്കിയതാണ്. റെഡ് ക്രെസെന്റിന്റെ സ്പോൺസർഷിപ് വാഗ്ദാനം സർക്കാർ സ്വീകരിച്ചു. നിർമാണം റെഡ് ക്രെസെന്റ് നേരിട്ട് നടത്തുമെന്നാണ് കത്തിലുള്ളത്. ഇതാണ് സർക്കാർ ഇത്രയുംകാലം പറഞ്ഞതും. നിർമാണ ഏജൻസിയെ തെരഞ്ഞെടുത്തത് സർക്കാരല്ല, റെഡ് ക്രെസെന്റാണ്. അവർ നിർമിച്ച ഭവനസമുച്ചയം സർക്കാർ ഗുണഭോക്താക്കൾക്കായി കൊടുക്കുമെന്നാണ് ധാരണയെന്നും മന്ത്രി വ്യക്തമാക്കി. ലൈഫിനെക്കുറിച്ച് ഇന്നോളം നടത്തിയിട്ടുള്ള എല്ലാ അപവാദ പ്രചാരണങ്ങൾക്കുമുള്ള മറുപടിയാണ് അനിൽ അക്കര പുറത്തുവിട്ട കത്തിലുള്ളതെന്നും പ്രതിപക്ഷം മാപ്പ് പറയണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

സ്പോൺസർഷിപ്പിൽ 
വീട് ആദ്യമല്ല
സർക്കാർ ഭൂമിയിൽ സ്പോൺസർഷിപ്പിൽ വീട് ആദ്യമായി വയ്ക്കുന്നത് റെഡ് ക്രെസെന്റ് മാത്രമാണോ എന്നും മന്ത്രി എം ബി രാജേഷ് ചോദിച്ചു. നിരവധി കമ്പനികൾ സർക്കാർ ഭൂമിയിൽ വീടുവച്ച് നൽകിയിട്ടുണ്ട്. സ്പോൺസർഷിപ്പിൽ വീടുവച്ച് നൽകുക എന്നത് നേരത്തേയുള്ള നയമാണ്. സാമ്പത്തികമായ ഒരു സഹായവും സർക്കാർ സ്വീകരിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു.



Credits Kerala || Deshabhimani ​Online ​News https://ift.tt/47TwRgO

Comments

Archive

Contact Form

Send