പാതയിൽ പെൺവസന്തം ; സദസ്സ് നിറഞ്ഞ് സ്ത്രീസാന്നിധ്യം
കൊച്ചി
ജനകീയ പ്രതിരോധജാഥാ വഴികളിൽ സാർവദേശീയ വനിതാദിനചിന്തകൾ ഉച്ചത്തിൽ പ്രതിഫലിച്ച നാൾ. എറണാകുളം ജില്ലയിൽ മൂന്നാംദിന പര്യടനത്തിന്റെ രണ്ടാം സ്വീകരണകേന്ദ്രമായ കോലഞ്ചേരിയിൽ ജാഥയെത്തുമ്പോൾ സദസ്സ് നിറഞ്ഞ് സ്ത്രീസാന്നിധ്യം. ആദ്യ സ്വീകരണകേന്ദ്രത്തിൽ അൽപ്പം നീട്ടിപ്പറഞ്ഞ് സമയംപോയെന്ന് ജാഥാ ക്യാപ്റ്റൻ എം വി ഗോവിന്ദൻ. എന്നിട്ടും, വീടുകളിൽ തുടരുന്ന സ്ത്രീ വിവേചനത്തിന്റെ രാഷ്ട്രീയം വിശകലനം ചെയ്ത് സമഭാവനയുടെ സങ്കൽപ്പം ലളിതമായി വിശദീകരിക്കാതിരുന്നില്ല. ചോദിച്ചും പറഞ്ഞും ജനനായകൻ സംവദിച്ചത് സദസ്സിന്റെ ഹൃദയത്തോട്. ജാഥയുടെ മുദ്രാവാക്യങ്ങൾകൂടി എടുത്തുപറഞ്ഞ് പ്രസംഗം അവസാനിപ്പിക്കുമ്പോൾ സമ്മേളനനഗരിയെ ത്രസിപ്പിച്ച് സദസ്സിൽനിന്ന് ഇടിമുഴക്കംപോലൊരു അഭിവാദ്യം. കിഴക്കമ്പലത്തെ ചുവപ്പുസേനാംഗം നിസാമോളുടെ ശബ്ദത്തിന് പിന്നീട് സദസ്സിൽ കോളുകൊണ്ട മാറ്റൊലി.

പിറവം മണ്ഡലത്തിലായിരുന്നു മൂന്നാംദിനത്തിലെ ആദ്യ സ്വീകരണകേന്ദ്രം. തൃപ്പൂണിത്തുറയിൽനിന്നുള്ള ജാഥാവഴിയിൽ നീളെ കമാനവും തോരണങ്ങളും. കോലഞ്ചേരിക്കടവ് പാലത്തിനടുത്തുനിന്ന് വാദ്യമേളങ്ങളുടെയും ചുവപ്പുസേന ബാൻഡിന്റെയും അകമ്പടിയിൽ വരവേൽപ്പ്. അഭിവാദ്യങ്ങളുടെ മുഴക്കത്തിൽ യാക്കോബായസഭ പള്ളി മൈതാനത്തെ സമ്മേളനനഗരിയിൽ സ്വീകരണം. ജാഥാ കേന്ദ്രങ്ങളിലെ സ്ത്രീപങ്കാളിത്തം എടുത്തുപറഞ്ഞ് വനിതാദിനത്തിന്റെ പ്രാധാന്യത്തിലൂന്നി എം വി ഗോവിന്ദന്റെ പ്രസംഗം. വീട്ടമ്മമാർക്ക് പെൻഷൻ നൽകുമെന്ന എൽഡിഎഫ് വാഗ്ദാനം നടപ്പാകുമെന്ന ഉറപ്പിനുപിന്നാലെ സദസ്സിൽനിന്ന് നീണ്ട കരഘോഷം.
പിറവത്തുനിന്ന് രാമമംഗലം, പൂതൃക്കവഴി കോലഞ്ചേരിയിലേക്കുള്ള പാതനീളെ ജാഥയ്ക്ക് പ്രവർത്തകരുടെ അഭിവാദ്യം. നൂറുകണക്കിന് ഇരുചക്രവാഹനങ്ങളുടെ അകമ്പടിയിൽ ടൗണിലെത്തുമ്പോൾ പൂക്കാവടിയും വാദ്യമേളങ്ങളും. ജില്ലാ സെക്രട്ടറി സി എൻ മോഹനനൊപ്പം തുറന്നവാഹനത്തിൽ സ്വകാര്യ ബസ്സ്റ്റാൻഡിനടുത്തെ മൈതാനത്തേക്ക്. കർഷകരും കർഷകത്തൊഴിലാളികളും ഉൾപ്പെടെ സംഘടനകളും വ്യക്തികളും നൽകിയ സ്വീകരണത്തോടെ യോഗത്തിന് പ്രൗഢ സമാപനം.

ഉച്ചയ്ക്കുശേഷമുള്ള സ്വീകരണപരിപാടിയിൽ ആദ്യത്തേത് പെരുമ്പാവൂരിൽ. പൊരിവെയിലിലും സ്ത്രീകളും കുട്ടികളും പാർടി പ്രവർത്തകരും കാത്തുനിന്നു. ബൈക്കുകളുടെ അകമ്പടിയിൽ ജ്യോതി ജങ്ഷനിൽനിന്ന് വരവേൽപ്പ്. ചുവപ്പുസേനാംഗങ്ങൾ ജാഥാ ക്യാപ്റ്റന് ഗാർഡ് ഓഫ് ഓണർ നൽകി. കഥകളി, ഓട്ടൻതുള്ളൽ തുടങ്ങിയ കലാരൂപങ്ങളുടെ അകമ്പടിയോടെ മുനിസിപ്പൽ സ്റ്റേഡിയത്തിലെ ആരവങ്ങളിലേക്ക്.
മൂവാറ്റുപുഴയിലെത്തിയ ജാഥയെ മണ്ഡലം അതിർത്തിയായ തൃക്കളത്തൂർ സൊസൈറ്റിപ്പടിയിൽ സ്വീകരിച്ചു. വാദ്യമേളങ്ങളുടെയും കരിമരുന്നുപ്രയോഗത്തിന്റെയും നൂറുകണക്കിന് ഇരുചക്രവാഹനങ്ങളുടെയും അകമ്പടി. വെള്ളൂർകുന്നത്ത് ചുവപ്പുസേനാംഗങ്ങൾ ഗാർഡ് ഓഫ് ഓണർ നൽകി. ബാൻഡ്സെറ്റ്, പഞ്ചവാദ്യം, ചെണ്ടമേളം, ശിങ്കാരിമേളം, നാസിക്ഡോൾ തുടങ്ങിയ വാദ്യമേളങ്ങളും കാവടിയാട്ടം, കരകാട്ടം, തെയ്യം, തിറ, ഗരുഡൻതൂക്കം, കാളകളി തുടങ്ങിയ കലാരൂപങ്ങളുടെ പകിട്ടിൽ സ്വീകരണകേന്ദ്രമായ ടൗൺഹാൾ മൈതാനത്ത്.
കോതമംഗലം കാരക്കുന്നത്തുനിന്ന് 300 ഇരുചക്രവാഹനങ്ങളുടെ അകമ്പടിയോടെയെത്തിയ ജാഥയെ ആൻ തിയറ്ററിനുസമീപം സ്വീകരിച്ചു. തുടർന്ന് ചുവപ്പുസേന ആദരം സ്വീകരിച്ച് സമ്മേളനനഗരിയിലേക്ക്. സ്വീകരണ സമ്മേളനത്തിൽ വ്യത്യസ്ഥമേഖലകളിലെ പ്രമുഖ വ്യക്തികളെ ആദരിച്ചു. ആദ്യകാല നേതാക്കളായ പി ആർ ഗംഗാധരൻ, കെ പി പ്രഭാകരൻ എന്നിവരെ ആദരിച്ചു. മുരുകൻ കാട്ടാക്കടയുടെ കവിതാലാപനം സദസ്സിനെ ത്രസിപ്പിച്ചു. കോതമംഗലം മാർതോമ ചെറിയപള്ളി വികാരി ജോസ് പരുത്തുവയലിന്റെ നേതൃത്വത്തിൽ വൈദികരും സമ്മേളനത്തിലെത്തി.
അജയ്യം ഈ കരുത്ത്
വനിതാദിനത്തിൽ കേരളത്തിന്റെ സ്ത്രീശാക്തീകരണത്തിന്റെ വിളംബരമായി ജനകീയ പ്രതിരോധജാഥാ സ്വീകരണകേന്ദ്രങ്ങൾ. വനിതകളുടെ പങ്കാളിത്തത്താൽ സമ്പന്നമായിരുന്നു സ്വീകരണകേന്ദ്രങ്ങൾ. സിപിഐ എം കോതമംഗലം ഏരിയ, കീരമ്പാറ ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ 62 അംഗ വനിത ചുവപ്പുസേനാംഗങ്ങൾ കോതമംഗലത്തെ സ്വീകരണത്തിന് മാറ്റുകൂട്ടി.
തൊഴിലുറപ്പ് തൊഴിലാളികൾ, ഹരിതകർമസേന അംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ, വിദ്യാർഥിനികൾ എന്നിവരെല്ലാം ഈ ബറ്റാലിയനിലുണ്ട്. വനിതാ ഏരിയ ക്യാപ്റ്റൻ നിഖില ദിനേശൻ, കീരമ്പാറ ലോക്കൽ കമ്മിറ്റിയിലെ ക്യാപ്റ്റൻ ബിനിയ ബിജു, വൈസ് ക്യാപ്റ്റൻ ആൽജി ഷാജി എന്നിവർ നേതൃത്വം നൽകി. രണ്ടാഴ്ചത്തെ പരിശീലനത്തിനൊടുവിലാണ് ഇവർ ചുവടുവച്ചത്.
Credits Kerala || Deshabhimani Online News https://ift.tt/emklGoI
Comments