വിജിലൻസ് കേസുകൾ വേഗത്തില്‍ തീര്‍പ്പാക്കാൻ 
കൂടുതല്‍ കോടതികള്‍


തിരുവനന്തപുരം
വിജിലൻസ് കേസുകൾ വേഗത്തിൽ തീർപ്പാക്കുന്നതിന് കൂടുതൽ കോടതികൾ. വിജിലൻസ് പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ഫോറൻസിക് ലാബിന്റെ ഹെഡ് ഓഫീസിലും മേഖലാ ഓഫീസുകളിലും ലഭ്യമാകുന്ന സാമ്പിളുകൾ പരിശോധിച്ച് റിപ്പോർട്ട് നൽകുന്നതിന് സൈബർ ഫോറൻസിക് ഡോക്യുമെന്റ് ഡിവിഷൻ വിജിലൻസിനു മാത്രമായി അനുവദിക്കും. വിവിധ വകുപ്പുകളിലെ ആഭ്യന്തര വിജിലൻസ് ഉദ്യോഗസ്ഥർ മൂന്നുമാസം കൂടുമ്പോൾ അവരുടെ പ്രവർത്തന അവലോകന റിപ്പോർട്ടുകൾ വിജിലൻസ് ഡയറക്ടർക്ക് സമർപ്പിക്കണം. മൂന്നു മാസത്തിലൊരിക്കൽ അവരുടെ വിശകലന യോഗം വിജിലൻസ് ഡയറക്ടറേറ്റിൽ നടത്തും. വിവിധ വകുപ്പുകളുടെ ആഭ്യന്തര വിജിലൻസ് ഓഫീസർമാർക്കും പരിശീലനം നൽകും. അവിടെ ഓഫീസർമാരെ നിയമിക്കുന്നതിനു മുമ്പ് രഹസ്യാന്വേഷണം നടത്തി റിപ്പോർട്ട് വാങ്ങും. കേസുകൾക്കും അന്വേഷണങ്ങൾക്കും സമയപരിധി നിശ്ചയിക്കും. കൂടുതൽ സമയം ആവശ്യമായാൽ ഡയറക്ടറുടെ അനുമതി വാങ്ങണം.

കോടതി വെറുതെവിടുന്ന കേസുകളിൽ സമയബന്ധിതമായി അപ്പീൽ ഫയൽ ചെയ്യണം. രണ്ടു മാസത്തിനുള്ളിൽ അപ്പീൽ ഫയൽ ചെയ്തെന്ന് ഉറപ്പാക്കണം. ഹൈക്കോടതിയിൽ വിജിലൻസ് കാര്യങ്ങൾ നോക്കുന്നതിന് ലെയ്സൺ ഓഫീസറെ നിയമിക്കും. പൊലീസ് വകുപ്പിലെ ഉദ്യോഗസ്ഥരെ വിജിലൻസിൽ നിയമിക്കുന്നതിനു മുമ്പ് പരീക്ഷ നടത്തി യോഗ്യരായവരുടെ പട്ടിക തയ്യാറാക്കും. നിയമിക്കപ്പെടുന്ന ഉദ്യോഗസ്ഥരെ കുറഞ്ഞത് മൂന്നുവർഷം തുടരാൻ അനുവദിക്കും.

യോഗത്തിൽ ആഭ്യന്തര വിജിലൻസ് അഡീഷണൽ ചീഫ് സെക്രട്ടറി വി വേണു, വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം, ഐജി ഹർഷിത അട്ടല്ലൂരി, എസ്പിമാരായ ഇ എസ് ബിജുമോൻ, റെജി ജേക്കബ് തുടങ്ങിയവർ പങ്കെടുത്തു.



Credits Kerala || Deshabhimani ​Online ​News https://ift.tt/qpI7JDx

Comments

Archive

Contact Form

Send