മിഷൻ 1000,
 സംരംഭകവർഷം

കൊച്ചി
സംസ്ഥാനത്ത് വീണ്ടും ഒരുലക്ഷം സംരംഭങ്ങൾ ആരംഭിക്കാൻ ലക്ഷ്യമിട്ടുള്ള വ്യവസായവകുപ്പിന്റെ സംരംഭകവർഷം 2.0, മിഷൻ 1000, പദ്ധതികൾ തിങ്കൾ രാവിലെ 10ന് എറണാകുളം ഗോകുലം പാർക്ക് കൺവൻഷൻ സെന്ററിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. വ്യവസായമന്ത്രി പി രാജീവ് അധ്യക്ഷനാകും. മിഷൻ 1000 പദ്ധതിയുടെ പോർട്ടൽ ധനമന്ത്രി കെ എൻ ബാലഗോപാലും എംഎസ്എംഇ സംരംഭങ്ങളുടെ വിപണനം പ്രോത്സാഹിപ്പിക്കാൻ യുട്യൂബ് ചാനൽ തദ്ദേശഭരണമന്ത്രി എം ബി രാജേഷും ഉദ്ഘാടനം ചെയ്യും. സംരംഭകരുടെ സംഗമവുമുണ്ടാകും. എംഎസ്എംഇ സുസ്ഥിരത പദ്ധതികൾക്കും തുടക്കമാകും.
ഒരുവർഷത്തിനുള്ളിൽ 1.39 ലക്ഷം സംരംഭങ്ങൾ ആരംഭിച്ച് പുതിയ ചരിത്രം സൃഷ്ടിച്ച സംരംഭകവർഷം പദ്ധതിയുടെ തുടർച്ചയാണ് മിഷൻ 1000 എന്ന് മന്ത്രി പി രാജീവ് പറഞ്ഞു. സംസ്ഥാനത്തെ എംഎസ്എംഇകളിൽ 1000 സംരംഭങ്ങൾ തെരഞ്ഞെടുത്ത് 100 കോടി വിറ്റുവരവുള്ളതാക്കുന്ന പദ്ധതിയാണിത്. തെരഞ്ഞെടുക്കുന്ന യൂണിറ്റുകൾക്ക് സർക്കാർ പിന്തുണ നൽകും. മൂലധന നിക്ഷേപ സബ്സിഡി, പ്രവർത്തന മൂലധനവായ്പയുടെ പലിശ സബ്സിഡി, സാങ്കേതികവിദ്യാ നവീകരണത്തിന് സഹായം, ഗുണനിലവാര സർട്ടിഫിക്കേഷനുകൾ നേടാൻ സഹായം തുടങ്ങിയവ ഉറപ്പാക്കും.

2023–--24 സാമ്പത്തികവർഷത്തിലും ഒരുലക്ഷം സംരംഭങ്ങൾ ആരംഭിക്കാൻ ലക്ഷ്യമിടുന്ന പദ്ധതിയാണ് ‘സംരംഭകവർഷം 2.0’. കഴിഞ്ഞ സംരംഭകവർഷത്തിൽ ആരംഭിച്ച 1,39,840 സംരംഭങ്ങളുടെ വിജയവും സുസ്ഥിരതയും ഉറപ്പാക്കാൻ ആരംഭിക്കുന്നതാണ് എംഎസ്എംഇ സുസ്ഥിരതാ പദ്ധതി. എംഎസ്എംഇകളുടെ അടച്ചുപൂട്ടൽനിരക്ക് കുറയ്ക്കുകയും പുതിയവയുടെ വിറ്റുവരവിൽ അഞ്ച് ശതമാനം വളർച്ചനിരക്ക് ഉറപ്പാക്കുകയുമാണ് ലക്ഷ്യം. യുട്യൂബ് ചാനൽവഴി സംരംഭകരുടെ ഉൽപ്പന്നങ്ങളും സേവനങ്ങളും പരിചയപ്പെടുത്തുന്ന സെൽഫി വീഡിയോകൾ ജനങ്ങളിലെത്തിക്കും. സംരംഭകവർഷം പദ്ധതിയുടെ ഒന്നാംഘട്ടത്തിൽ 8422 കോടി രൂപയുടെ നിക്ഷേപവും 3,00,056 തൊഴിലും കേരളത്തിലുണ്ടായി. സംരംഭകവർഷത്തിലൂടെ സൃഷ്ടിച്ച ആവേശം മുന്നോട്ടുപോകാനുള്ള പദ്ധതികളാണ് സർക്കാർ തയ്യാറാക്കിയിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.



Credits Kerala || Deshabhimani ​Online ​News https://ift.tt/T1aL6px

Comments

Archive

Contact Form

Send