കന്യാസ്ത്രീയെ വിവസ്ത്രയാക്കി തെരുവിൽ നടത്തി ; ആ ക്രൂരതകളൊക്കെ 
മറക്കാനാകുമോ ; ബിജെപിയുടെ ക്രൈസ്തവപ്രേമം കെണിയെന്ന് വൈദികർ


തിരുവനന്തപുരം
ബിജെപിയുടെ ക്രൈസ്തവപ്രേമം കെണിയാണെന്നും ക്രൂരവേട്ടയാടലുകളോട് പൊറുക്കരുതെന്നും വൈദികർ. കേരളത്തിൽ ശക്തമായ മതനിരപേക്ഷ അടിത്തറയിലാണ് ഭൂരിപക്ഷ, ന്യൂനപക്ഷ സമുദായങ്ങൾ കഴിയുന്നത്. അതിനെ ഇളക്കാമെന്നത് വ്യാമോഹം മാത്രമാണെന്നും ഓർമ്മിപ്പിക്കുന്നു. ഏതെങ്കിലും മെത്രാൻ പറയുന്നതുപോലെ പ്രതികരിക്കുന്നവരല്ല സാധാരണക്കാരായ ക്രൈസ്തവരെന്നും യാഥാർഥ്യങ്ങൾ അറിയുന്നവരാണെന്നും ബിഷപ് യൂഹാനോൻ മോർ മിലിത്തിയോസ് പറഞ്ഞു. കന്തമാലിൽ ആർഎസ്എസ് അക്രമത്തിന്റെ ഭീതിതമായ അവസ്ഥ നേരിൽ കണ്ടതാണ്. അരലക്ഷം വീടുകളാണ് തകർത്തത്. കന്യാസ്ത്രീയെ വിവസ്ത്രയാക്കി തെരുവിൽ നടത്തി. ബിജെപിയെ അനുകൂലിച്ചവർ, ഒടുവിൽ കർണാടക ബിഷപ് ഇറക്കിയ പ്രസ്താവനയെങ്കിലും മനസിലാക്കേണ്ടിയിരുന്നു. സഭാനേതൃത്വങ്ങൾ ഹിറ്റ്ലറെ അനുകൂലിച്ചപ്പോൾ ജനങ്ങൾ അതിനൊപ്പമല്ല നിന്നതെന്നും മിലിത്തിയോസ് ദേശാഭിമാനിയോട് പറഞ്ഞു.

ഏതെങ്കിലും സാമ്പത്തിക ഇടപാടിലോ പീഡനക്കേസിലോ പെട്ടവരാണ് ഇപ്പോൾ ബിജെപി അനുകൂല നിലപാടുമായി രംഗത്തെത്തിയിരിക്കുന്നതെന്ന് എറണാകുളം അങ്കമാലി അതിരൂപത അൽമായ മുന്നേറ്റ സംഘടനയുടെ നേതാക്കൾ പറയുന്നു. കുറച്ചു നാളുകളായി ചില മെത്രാന്മാർ മൃദുബിജെപി സമീപനം എടുക്കുന്നുണ്ട്. അത് തങ്ങൾക്ക് വേണ്ടിയല്ല എന്ന് ലക്ഷക്കണക്കായ വിശ്വാസികൾ തിരിച്ചറിയുന്നുണ്ടെന്ന് മുന്നേറ്റം പ്രതിനിധി റിജു കാഞ്ഞൂക്കാരൻ പറഞ്ഞു.

ഗ്രഹാം സെറ്റയിനിന്റെയും സ്റ്റാൻ സ്വാമിയുടെയും പീഡാനുഭവങ്ങളും രക്തസാക്ഷിത്വങ്ങളും നൽകുന്ന പാഠങ്ങൾ മറക്കരുതെന്നാണ് ഫാ. ഡോ. ഫ്രാൻസിസ് ആലപ്പാട്ട് ദുഃഖവെള്ളി ദിനത്തിൽ എഴുതിയ ലേഖനത്തിൽ വ്യക്തമാക്കിയത്. ബിജെപി ആളുകളെ വിലക്കെടുക്കുന്നുവെന്നും പത്തുകാശിന് ആത്മാവിനെ വിൽക്കുന്നത് പോലുള്ള നടപടി അംഗീകരിക്കാനാകില്ലെന്നും ബിഷപ് പാംപ്ലാനിയുടെ പ്രസ്താവനയോട് ഫാ. പോൾ തേലക്കാട് പ്രതികരിച്ചിരുന്നു.



Credits Kerala || Deshabhimani ​Online ​News https://ift.tt/oAsaiC7

Comments

Archive

Contact Form

Send