താജ് സിയാൽ ഹോട്ടൽ അടുത്തവർഷം

നെടുമ്പാശേരി
കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡിന്റെ (സിയാൽ) പഞ്ചനക്ഷത്രഹോട്ടൽ പദ്ധതിക്ക് പുതിയ ഉണർവ്. ലോകപ്രശസ്തമായ താജ് ഗ്രൂപ്പുമായി ചേർന്നുള്ള താജ് സിയാൽ ഹോട്ടൽ അടുത്തവർഷം പ്രവർത്തനം തുടങ്ങും. ഹോട്ടൽ നടത്തിപ്പിനുള്ള കരാർ ടാറ്റയുടെ ഉപകമ്പനിയായ ഇന്ത്യൻ ഹോട്ടൽ കമ്പനി ലിമിറ്റഡിന് (ഐഎച്ച്സിഎൽ) ലഭിച്ചു. താജ് ഗ്രൂപ്പിന്റെ ഉടമസ്ഥരാണ് ഐഎച്ച്സിഎൽ. ദേശീയ ടെൻഡറിലൂടെയാണ് സിയാൽ ഹോട്ടൽ നടത്തിപ്പുകാരെ തെരഞ്ഞെടുത്തത്. ഹോട്ടലിന്റെ അനുബന്ധസൗകര്യ വികസനത്തിനായി ഐഎച്ച്സിഎൽ 100 കോടി രൂപ നിക്ഷേപിക്കും. 2024 മധ്യത്തോടെ താജ് സിയാൽ പ്രവർത്തനം തുടങ്ങും.

വിമാനത്താവള ടെർമിനലുകൾക്ക് തൊട്ടടുത്തായി സിയാൽ പണികഴിപ്പിച്ച പഞ്ചനക്ഷത്രഹോട്ടലിൽ 112 മുറികളുണ്ട്. സിവിൽ ജോലികൾ പൂർത്തിയായി. താജ് ബ്രാൻഡിന്റെ നിലവാരം ഉറപ്പാക്കാനുള്ള ജോലികളാണ് ഇനിയുള്ളത്. ഇതിനായി 100 കോടിയോളം രൂപ ഐഎച്ച്സിഎൽ മുടക്കും. കരാർപ്രകാരം വരുമാനഭാഗം ഐഎച്ച്സിഎൽ സിയാലിന് നൽകും. താജ് ഗ്രൂപ്പുമായി സഹകരിക്കാനായതിൽ സന്തോഷമുണ്ടെന്ന് സിയാൽ എംഡി എസ് സുഹാസ് പറഞ്ഞു. താജ് സിയാൽ സഹകരണം കേരളത്തിന്റെ വിനോദസഞ്ചാരമേഖലയിൽ പുതിയ ഉണർവ് സൃഷ്ടിക്കും. സിയാലിന്റെ സ്വപ്നപദ്ധതിയായ ഹോട്ടൽ പ്രോജക്ടിന്റെ ടെൻഡർപ്രക്രിയ വൻ വിജയകരമാക്കിയതിൽ ചെയർമാന്റെയും ബോർഡ് അംഗങ്ങളുടെയും പങ്ക് വളരെ വലുതാണെന്ന് സുഹാസ് പറഞ്ഞു.

കേരളത്തിലെ മികച്ച
ഹോട്ടലായി മാറും: ഇന്ത്യൻ ഹോട്ടൽസ് കമ്പനി

സിയാലിന്റെ പഞ്ചനക്ഷത്രഹോട്ടൽ കേരളത്തിലെ മികച്ച ഹോട്ടലായി മാറുമെന്ന് ഇന്ത്യൻ ഹോട്ടൽസ് കമ്പനി ലിമിറ്റഡ് വ്യക്തമാക്കി. ഇരുപതോളം പദ്ധതികളാണ് കേരളത്തിൽ താജിനുള്ളത്. സിയാലിന്റെ പഞ്ചനക്ഷത്രഹോട്ടൽ കൊച്ചിയിലെ അഞ്ചാമത്തെ പദ്ധതിയാണ്. വിമാനത്താവളത്തിന്റെ പ്രവേശനകവാടത്തിന് എതിർവശത്ത്, നാലേക്കർ സ്ഥലത്താണ് ഹോട്ടൽ നിർമിച്ചത്. 2.04 ലക്ഷം ചതുരശ്രയടിയാണ് വിസ്തീർണം. റസ്റ്റോറന്റ്, സർവീസ് ബാർ എന്നിവയുമുണ്ട്.
ഒരുവശത്ത് വിമാനത്താവളവും മറുവശത്ത് മലനിരകളും ദൃശ്യമാകുന്ന രീതിയിൽ ഇരുവശങ്ങളിലേക്കുമാണ് മുറികളുടെ രൂപകൽപ്പന.

വിമാനത്താവളത്തിന് അഭിമുഖമായി 440 ചതുരശ്ര മീറ്റർ പാർടി ഹാൾ, രണ്ട് ബോർഡ് റൂമുകൾ, വിമാനത്താവളത്തിന്റെ വിശാലമായ കാഴ്ച നൽകുന്ന ടെറസ് ഡയനിങ് ഏരിയ എന്നിവയും സവിശേഷതകളാണ്.രാജ്യത്തെ ആദ്യത്തെ ചാർട്ടേഡ് ഗേറ്റ്വേയായി സിയാലിന്റെ ബിസിനസ് ജെറ്റ് ടെർമിനൽ 2022 ഡിസംബറിൽ പ്രവർത്തനം തുടങ്ങിയിരുന്നു.



Credits Kerala || Deshabhimani ​Online ​News https://ift.tt/NpB3UQO

Comments

Archive

Contact Form

Send