ചന്ദ്രിയേട്ടി സിനിമാനടിയായി ; കാലിച്ചാംപൊതിയിലെ പെണ്ണുങ്ങൾ ത്രില്ലിൽ


മടിക്കൈ
തൊഴിലുറപ്പ് പദ്ധതിയിൽ മണ്ണ് കിളയ്ക്കാനും തെങ്ങിൻതണലിൽ സൊറ പറഞ്ഞിരിക്കാനും ഒപ്പമുണ്ടായിരുന്ന ചന്ദ്രിയേട്ടി സുരാജ് വെഞ്ഞാറമൂടിന്റെ ചന്ദ്രികയമ്മായി ആയതിന്റെ ത്രില്ലിലാണ് മടിക്കൈ കാലിച്ചാംപൊതിയിലെ പെണ്ണുങ്ങൾ. സുധീഷ് ​ഗോപിനാഥ് സംവിധാനം ചെയ്ത ചിത്രമായ ‘മദനോത്സവ’ത്തിലെ താരമാണ് ഈ അറുപത്തിയൊന്നുകാരി ചന്ദ്രിക.

കുടുംബശ്രീ വാർഷികത്തിന് നാടകത്തിൽ തലകാണിച്ചതല്ലാതെ മറ്റു പരിചയമൊന്നുമില്ലാതെയാണ് ആദ്യ സിനിമയിൽതന്നെ കസറിയത്.
പൊതുപ്രവർത്തകനായ അനിയൻ ശശീന്ദ്രൻ മടിക്കൈയാണ് സിനിമയിലേക്ക് പിടിച്ചു കൊണ്ടുപോയതെന്ന് ചന്ദ്രിക പറഞ്ഞു. ബളാലിൽ ഷൂട്ടിങ് നടക്കുമ്പോൾ ആദ്യമൊക്കെ പേടിയായിരുന്നു. സിനിമയിലെ സീനിൽ സുരാജ് വെഞ്ഞാറമൂടിനെ വഴക്കുപറയാൻ അദ്ദേഹംതന്നെയാണ് ധൈര്യം തന്നത്. ഒപ്പം അഭിനയിച്ചവരെല്ലാം കട്ടയ്ക്ക് കൂടെനിന്നു. സിനിമാമോഹം പണ്ടേ ഉണ്ടായിരുന്നു. ‘ഈന് പിരാന്ത്’ എന്നുപറഞ്ഞ് കളിയാക്കിയവരൊക്കെ ഇപ്പോൾ ഫോൺ വിളിച്ച് അഭിനന്ദിക്കുകയാണ്.

‘ഗിർ’സിനിമയിലും ചന്ദ്രിക അഭിനയിച്ചിട്ടുണ്ട്. ‘മദനോത്സവം’ ഹിറ്റായതോടെ വിനീത് ശ്രീനിവാസന്റെ പുതിയ പടത്തിലേക്കും വിളിച്ചിട്ടുണ്ട്. മടിക്കൈയിലെ മരുന്നുനിർമാണ കമ്പനിയായ ബെസ്കോട്ടിൽനിന്ന് വിരമിച്ചതാണ് ചന്ദ്രിക. ഭർത്താവ് കെ വി നാരായണൻ. പ്രദീപ്, കാഞ്ചന, ഉഷ, ഹരി എന്നിവർ മക്കൾ. സിപിഐ എം കണ്ണിപ്പാറ ബ്രാഞ്ച് അം​ഗമാണ്.



Credits Kerala || Deshabhimani ​Online ​News https://ift.tt/4xazF1d

Comments

Archive

Contact Form

Send