ഫസൽ വധത്തിലും ആർഎസ്‌എസ്‌ തന്നെ ; ഫോൺ വെളിപ്പെടുത്തൽ 
കുപ്പി സുബീഷിന്റേത്


തലശേരി
തലശേരി ഫസൽ വധക്കേസിൽ ആർഎസ്എസ്സിന്റെ പങ്ക് ശാസ്ത്രീയപരിശോധനയിലും തെളിഞ്ഞു. ഫസലിനെ കൊലപ്പെടുത്തിയതു സംബന്ധിച്ച നിർണായക വിവരങ്ങളടങ്ങിയ ഫോൺസംഭാഷണം ആർഎസ്എസ് പ്രവർത്തകൻ മാഹി ചെമ്പ്രയിലെ എമ്പ്രാന്റവിട സുബീഷ് എന്ന കുപ്പി സുബീഷിന്റേതാണെന്ന് ഫോറൻസിക് പരിശോധനയിൽ തെളിഞ്ഞു. ആകാശവാണി കണ്ണൂർ നിലയത്തിൽ ശേഖരിച്ച സുബീഷിന്റെ ശബ്ദസാമ്പിളും സുഹൃത്തുമായുള്ള സംഭാഷണവും പരിശോധിച്ചപ്പോൾ രണ്ടും ഒരാളുടേതാണെന്ന് ശാസ്ത്രീയമായി തെളിഞ്ഞു. സിപിഐ എം പ്രവർത്തകൻ ജി പവിത്രനെ കൊലപ്പെടുത്തിയ കേസിലെ ഒമ്പതാം പ്രതി ഇടത്തിലമ്പലത്തെ റജുലിന്റെ ജാമ്യഹർജി പരിഗണിക്കുമ്പോൾ പ്രോസിക്യൂട്ടറാണ് പരിശോധനാഫലം കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്.

പടുവിലായി വാളാങ്കിച്ചാൽ മോഹനൻ വധക്കേസിൽ 2016 നവംബർ 18ന് പിടിയിലായപ്പോഴാണ് എൻഡിഎഫ് പ്രവർത്തകൻ തലശേരിയിലെ ഫസൽ, സിപിഐ എം പ്രവർത്തകരായ ജി പവിത്രൻ, കെ പി ജിജേഷ് കൊലപാതകങ്ങളിലെ പങ്കാളിത്തം സുബീഷ് ഏറ്റുപറഞ്ഞത്. പവിത്രനെ വധിക്കുന്നതിനിടെ കൊലയാളിസംഘാംഗം പൊന്ന്യത്തെ മഹേഷിന് പരിക്കേറ്റതും സുബീഷിന്റെ ഫോൺസംഭാഷണത്തിലുണ്ട്. കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലെ പരിശോധനയിൽ മഹേഷിന്റെ ഇടത് തുടയിൽ ഗുരുതര പരിക്കേറ്റത് സ്ഥിരീകരിച്ചിരുന്നു. ഈ റിപ്പോർട്ടും കോടതിയിൽ ഹാജരാക്കിയ രേഖയിലുണ്ട്.

റജുലിന്റെ വീട്ടിൽനിന്ന് കസ്റ്റഡിയിലെടുത്ത മൊബൈൽഫോണിന്റെ പരിശോധനാ റിപ്പോർട്ടും കൊലപാതകത്തിലെ പങ്കാളിത്തം വെളിവാക്കുന്നതാണ്. ശബ്ദസന്ദേശങ്ങളിലൊന്നിൽ കേസിനെക്കുറിച്ചുള്ള സംസാരമാണ്. സഹായിച്ച രാഷ്ട്രീയനേതാക്കളെക്കുറിച്ചും അഭിഭാഷകനെക്കുറിച്ചും പരാമർശമുണ്ട്. മുഴുവൻ പ്രതികളെയും നിയമത്തിനുമുന്നിലെത്തിക്കാനുളള ശാസ്ത്രീയാന്വേഷണത്തിലാണ് പ്രത്യേക സംഘം.

കേസിൽ നിർണായകം
എൻഡിഎഫ് പ്രവർത്തകൻ ഫസൽ കൊല്ലപ്പെട്ട കേസിലെ സിബിഐ, ബിജെപി വാദമാണ് ശാസ്ത്രീയ തെളിവുകൾക്കുമുന്നിൽ പൊളിയുന്നത്. കുപ്പി സുബീഷിന്റെ കുറ്റസമ്മതമൊഴിയും ഫോൺസംഭാഷണവും പൂർണമായും ശരിയാണെന്നുവന്നതോടെ ഫസൽ വധക്കേസിൽ ആർഎസ്എസ്സിനുമേൽ കുരുക്ക് മുറുകി. പുറത്തുവന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ തുടരന്വേഷണം വന്നാൽ യഥാർഥ കുറ്റവാളികൾ നിയമത്തിനുമുന്നിലെത്തും. മറ്റു കേസുകളേക്കാൾ ആർഎസ്എസ്സിനെയും സിബിഐയെയും ഭയപ്പെടുത്തുന്നതാണിത്.

ഫസൽ കേസിൽ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം കാരായി രാജനും ഏരിയാ കമ്മിറ്റി അംഗം കാരായി ചന്ദ്രശേഖരനുമടക്കമുള്ള നേതാക്കളും പ്രവർത്തകരുമാണ് പ്രതിചേർക്കപ്പെട്ടത്. ഇവരുടെ നിരപരാധിത്വവും തെളിയിക്കാൻ തുടരന്വേഷണത്തിനാകും. അതിന് സിബിഐ തയാറാകുമോയെന്നും കേന്ദ്ര ആഭ്യന്തരമന്ത്രാലയം അനുമതി നൽകുമോയെന്നുമാണ് അറിയാനുള്ളത്.



Credits Kerala || Deshabhimani ​Online ​News https://ift.tt/ftjJSmc

Comments

Archive

Contact Form

Send