ഖനി സാമ്രാജ്യം : ബെല്ലാരിയിൽ ശ്വാസം മുട്ടുന്നു ; ജനാധിപത്യത്തെ വിലയ്‌ക്കെടുക്കാൻ കോൺഗ്രസും ബിജെപിയും


ബല്ലാരി
ഖനികളിൽ കോടികൾ പൂക്കുന്ന സമയമാണിത്. കർണാടകത്തിലെ ജനാധിപത്യത്തെ വിലയ്ക്കെടുക്കാൻ മുമ്പ് കോൺഗ്രസും ഇപ്പോൾ ബിജെപിയും ഖനി രാജാക്കന്മാർക്ക് ബെല്ലാരി മേഖലതന്നെ പതിച്ചു കൊടുത്തു. യെദ്യൂരപ്പയുടെ കാലത്ത് കുപ്രസിദ്ധരായ റെഡ്ഡി സഹോദരന്മാരുടെ മാഫിയാ വാഴ്ചയിൽ ശ്വാസം മുട്ടിയ ബെല്ലാരിയും തെരഞ്ഞെടുപ്പിനൊരുങ്ങി.

അശാസ്ത്രീയ ഖനനംമൂലം പ്രദേശമാകെ പൊടിമയമാണ്. മലകൾ തുരക്കുമ്പോൾ പൊങ്ങുന്ന പൊടിയിൽ ബെല്ലാരി സിന്ദൂർ മേഖലയിൽ ആരോഗ്യ പ്രശ്നങ്ങളില്ലാത്തവരില്ല. ഖനികളിൽനിന്ന് ലോറികൾ തലങ്ങും വിലങ്ങും കുതിച്ചു പായുന്നു. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എൻഎംസിസി, സ്വകാര്യ കമ്പനികളായ ഒഎംസി, ബെല്ലാരി അയൺ ഓർ, സ്മയർ തുടങ്ങി എഴുപത്തഞ്ചിലധികം ഇരുമ്പയിര് ഖനന കമ്പനികൾ ഇവിടെയുണ്ട്. മിക്കതും റെഡ്ഡി സഹോദരന്മാരായ ബിജെപി നേതാക്കളുടേത്. ഗാലി കരുണാകര റെഡ്ഡി, ജനാർദന റെഡ്ഡി, സോമശേഖര റെഡ്ഡി എന്നിവരാണിവർ. യെദ്യൂരപ്പ മന്ത്രിസഭയിൽ റവന്യു മന്ത്രിയായിരുന്ന കരുണാകര റെഡ്ഡി ഹാരപ്പനഹള്ളിയിലും എംഎൽഎയായ സോമശേഖര റെഡ്ഡി ബെല്ലാരി സിറ്റിയിലും വീണ്ടും ബിജെപി സ്ഥാനാർഥികളാണ്. യെദ്യൂരപ്പ മന്ത്രി സഭയിൽ ടൂറിസം മന്ത്രിയായിരുന്ന മറ്റൊരു സഹോദരൻ ജനാർദന റെഡ്ഡി കല്യാണ രാജ്യ പ്രഗതിപക്ഷ എന്ന സ്വന്തം പാർടി രൂപീകരിച്ച് ഗംഗാവതിയില് മത്സരിക്കുന്നു.

ആന്ധ്ര -കർണാടക അതിർത്തിയായ ഒബ്ലാപുരയിൽനിന്ന് തുടങ്ങി ബെല്ലാരി, തൊരണഗൽ, സന്ദൂർ, ഹൊസ്പേട്ട് വരെ സമൃദ്ധമായ ഇരുമ്പു കല്ലുകളാണ് ഇവിടത്തെ "സ്വർണഖനി'. 120 കിലോമീറ്റർ ചുറ്റളവിൽ ദിവസം പൊട്ടിച്ചെടുക്കുന്നത് അഞ്ചുലക്ഷം ടൺ ഇരുമ്പയിര്. ഒരു ഖനിയിൽനിന്ന് രണ്ടായിരംമുതൽ പതിനായിരം ടൺവരെ ഇരുമ്പയിരെടുക്കും.
ജനങ്ങളിൽ ഭൂരിഭാഗവും ഖനന അനുബന്ധ ജോലികളിലാണ്. പൊതുമേഖലാ സ്ഥാപനത്തിൽ മാത്രമേ തൊഴിലാളി യൂണിയനുകൾക്ക് അനുമതിയുള്ളൂ. അവിടെ സിഐടിയു, എഐടിയുസി യൂണിയനുകളുണ്ട്. ബാക്കി മേഖലയിൽ ഗുണ്ടാരാജാണ് നടമാടുന്നതെന്ന് ബെല്ലാരിയിൽനിന്നുള്ള സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം എസ് വൈ ഗുരുശാന്ത് പറഞ്ഞു. ബെല്ലാരി ജില്ലയിലെ കാംപ്ലി മണ്ഡലത്തിൽ കഴിഞ്ഞ തവണ സിപിഐ എം മത്സരിച്ചിരുന്നു. ഇത്തവണ ജെഡിഎസിനെ പിന്തുണയ്ക്കുന്നു.

അമിത ആർത്തിയിൽ 
റെഡ്ഡി സാമ്രാജ്യം ഉലഞ്ഞു
കർണാടകയും കടന്ന് ആന്ധ്രയും തുരന്ന് തുടങ്ങിയപ്പോഴാണ് ബിജെപി നേതാവ് ജനാർദന റെഡ്ഡിക്കുമേൽ ലോകായുക്ത പിടിവീണത്. മന്ത്രിയെന്ന നിലയിൽ എല്ലാത്തിനും പണത്തിന്മേൽ റെഡ്ഡി വിലയിട്ടു. യെദ്യൂരപ്പയുടെയും ബിജെപിയുടെയും പതനത്തിനുവരെ ഇത് കാരണമായി.ഒബ്ലാപുരയിലായിരുന്നു റെഡ്ഡിയുടെ അനധികൃത ഖനി. അന്നത്തെ ആന്ധ്ര മുഖ്യമന്ത്രി വൈ എസ് രാജശേഖര റെഡ്ഡിയുമായി ജനാർദന റെഡ്ഡിക്ക് ഇടപാടുണ്ടെന്ന് ആരോപണമുയർന്നു. ഒരു ദിവസം മൂന്നുകോടി രൂപവരെ വൈഎസ്ആറിന് ജനാർദന റെഡ്ഡി കൈമാറിയെന്നും ലോകായുക്തയിൽ പരാതിയെത്തി. ഒബ്ലാപുര കമ്പനി ഇപ്പോൾ പ്രവർത്തിക്കുന്നില്ല.



Credits National || Deshabhimani ​Online ​News https://ift.tt/WuBQ6A8

Comments

Archive

Contact Form

Send