മഹിളാ കോൺഗ്രസ്‌ തർക്കം രൂക്ഷം ; സ്‌ത്രീത്വത്തെ അപമാനിച്ചെന്ന പരാതി 
മുക്കിയെന്നും ആരോപണം


തിരുവനന്തപുരം
മഹിളാ കോൺഗ്രസ് ഭാരവാഹി നിയമനത്തർക്കം രൂക്ഷമായിരിക്കെ പുതിയ ആരോപണവുമായി മുൻ സംസ്ഥാന ജനറൽ സെക്രട്ടറി സുനിത വിജയൻ. സ്ത്രീത്വത്തെ അപമാനിച്ചവരെ കെപിസിസി പ്രസിഡന്റും മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റും സംരക്ഷിക്കുകയാണെന്ന് സുനിത വിജയൻ ആരോപിച്ചു.

വഴിയിൽ തടഞ്ഞുനിർത്തി അസഭ്യം പറയുകയും സ്ത്രീത്വത്തെ അപമാനിക്കുകയും മർദിക്കാൻ ശ്രമിക്കുകയുംചെയ്ത തിരുവനന്തപുരം ഡിസിസി ജനറൽ സെക്രട്ടറി കൃഷ്ണകുമാറിനെതിരെ സുനിത പരാതി നൽകിയിരുന്നു. എന്നാൽ, പരാതിക്ക് പുല്ലുവിലപോലും കൽപ്പിച്ചില്ലെന്ന് സുനിത ആരോപിച്ചു. സ്ത്രീകളുടെ സംരക്ഷണത്തിനായി എംപിസ്ഥാനം നേടി ഡൽഹിയിലേക്കുപോയ മഹിളാ പ്രസിഡന്റിന് മറ്റു വനിതാ നേതാക്കളെ പുച്ഛമാണെന്നും സുനിത പറയുന്നു.

മഹിളാ കോൺഗ്രസ് കെ സി വേണുഗോപാൽ വിഭാഗം പിടിച്ചെടുത്തു എന്ന പൊതുവികാരത്തിന് ശക്തിപകരുന്നതാണ് സുനിത വിജയന്റെ പ്രതികരണങ്ങൾ. തിരുവനന്തപുരം ജില്ലാ അധ്യക്ഷ പദവിയിൽനിന്നും തന്നെ തഴഞ്ഞത് രമേശ് ചെന്നിത്തല പക്ഷക്കാരി ആയതിനാലാണെന്ന് സുനിത ആരോപിക്കുന്നു. പട്ടികയ്ക്കെതിരെ രമേശ് ചെന്നിത്തലയടക്കം എഐസിസി പ്രസിഡന്റിന് പരാതി നൽകിയതായാണ് സൂചന. ഇതിനിടെ, സേവാദൾ വനിതാ വിഭാഗം സംസ്ഥാന ചീഫ് ഓർഗനൈസർ പദവിയിലും ആളെ കെട്ടിയിറക്കാൻ ഡൽഹിയിൽനിന്ന് ശ്രമിക്കുന്നതായി ആക്ഷേപമുണ്ട്. സംസ്ഥാന കോൺഗ്രസിൽ നേതാക്കളുടെ പോര് തുടരുന്നതിനിടെയാണ് മഹിളാ കോൺഗ്രസ്, കെഎസ്യു ഭാരവാഹിത്തർക്കം തെരുവിലെത്തിയത്.

തിരുവനന്തപുരം ഡിസിസി നേതൃത്വത്തെ മാറ്റണമെന്ന ആവശ്യവും ശക്തമാണ്. പാർടി ഫണ്ടുശേഖരണത്തിൽ ജില്ല ഏറ്റവും പിന്നിലായതിൽ സംസ്ഥാന നേതൃത്വവും അരിശത്തിലാണ്. യുവനേതൃത്വം വരണമെന്ന നിലയിലാണ് ചർച്ച. അടുത്തകാലത്ത് ശശി തരൂരിനൊപ്പംകൂടിയ യുവനേതാവിനായും മുറവിളിയുണ്ട്.



Credits Kerala || Deshabhimani ​Online ​News https://ift.tt/y8x7vQz

Comments

Archive

Contact Form

Send