ഓളപ്പരപ്പിൽ താളമിട്ട് കുഞ്ഞുപൂമ്പാറ്റകൾ... ; ആദ്യം യാത്രചെയ്‌തത് ഭിന്നശേഷിക്കാരായ കുട്ടികളും രക്ഷിതാക്കളും
കൊച്ചി
വഞ്ചിപ്പാട്ട് പാടി കുട്ടികൾ ജല മെട്രോയെ വരവേറ്റു. മധുരം നൽകി മെട്രോ ജീവനക്കാർ തിരിച്ചും സ്നേഹം പകർന്നു. ഭിന്നശേഷിസൗഹൃദമായ ജലമെട്രോയിൽ യാത്ര ചെയ്യാനായ സന്തോഷത്തിലായിരുന്നു ആ 10 കുട്ടികളും. വീൽചെയറുകൾക്ക് വളരെ എളുപ്പം കടന്നുചെല്ലാവുന്ന ജല മെട്രോയിലേക്ക് മാതാപിതാക്കൾക്കൊപ്പം ചൊവ്വാഴ്ച അവരെത്തി. അനിത, സിന്ധു, അരുൺ, ഫയാസ് എന്നിവർ വീൽചെയറിലാണ് എത്തിയത്. തടസ്സങ്ങളില്ലാതെ നീലേശ്വരം എന്ന ബോട്ടിൽ കയറാനായതിന്റെ തിളക്കമായിരുന്നു മുഖങ്ങളിൽ.
ഫ്ലോട്ടിങ് ജെട്ടികളായതിനാൽ വേലിയേറ്റസമയത്തും വേലിയിറക്കസമയത്തും ബോട്ടും ജെട്ടിയും ഒരേ നിരപ്പിലായിരിക്കും. സുരക്ഷിതമായി കുട്ടികൾക്കും മുതിർന്നവർക്കും ഭിന്നശേഷിക്കാർക്കും കയറാനും ഇറങ്ങാനുമാകും. ഇന്ത്യയിൽ ആദ്യമായാണ് ഇത്തരം സംവിധാനം. ജോസ് ജങ്ഷനിലെ സെന്റർ ഫോർ എംപവർമെന്റ് ആൻഡ് എൻറിച്ച്മെന്റിലെ (സിഫി) ഭിന്നശേഷിക്കാരായ വിദ്യാർഥികളാണ് ഉദ്ഘാടനച്ചടങ്ങിൽ താരങ്ങളായത്.
ഹൈക്കോടതി ടെർമിനലിൽനിന്ന് ബോൾഗാട്ടിക്കുസമീപം വരെ നടത്തിയ യാത്രയുടെ ഓരോ നിമിഷവും അവർ പാടിയും നൃത്തം ചെയ്തും ആസ്വദിച്ചു. സിഫി ചെയർപേഴ്സൺ ഡോ. പി എ മേരി അനിതയും ഓട്ടിസം വിദ്യാർഥികൾക്കായി പ്രവർത്തിക്കുന്ന ഒഡീസി നർത്തകി സന്ധ്യ മനോജും വിദ്യാർഥികൾക്കൊപ്പമുണ്ടായിരുന്നു. വന്ദേഭാരതിന്റെ ആദ്യയാത്ര ബിജെപി പ്രവർത്തകരെകൊണ്ട് കുത്തിനിറച്ചപ്പോൾ ജലമെട്രോയുടെ ഭിന്നശേഷികുട്ടികളുമായുള്ള ആദ്യയാത്ര മറ്റൊരു മാതൃകയായി.
Credits Kerala || Deshabhimani Online News https://ift.tt/R0VtKDS
Comments