സർക്കാർ വീടൊരുക്കി ; 
പുഞ്ചിരിതൂകി കറപ്പി



വെള്ളമുണ്ട(വയനാട്)
മന്ത്രിയെ കാത്ത് പുതിയ വീടിന്റെ ഉമ്മറത്തിരിക്കുമ്പോൾ കറപ്പിയുടെ മനസ്സിൽ ആറരപ്പതിറ്റാണ്ടിന്റെ ദുരിത ജീവിതമായിരുന്നു. കോളനിയിലെ കൂരയിലെ ഓരോ ദിനങ്ങളും ഉള്ളുപൊള്ളിക്കുന്നതായിരുന്നു. മഴക്കാലവും വെള്ളപ്പൊക്കവുമെല്ലാം ഉലച്ചുകളഞ്ഞ ജീവിതം മാറുന്നതിന്റെ ആഹ്ലാദത്തിലും പിന്നിട്ട വഴികളിലെ നൊമ്പരങ്ങൾ മറക്കാനായില്ല. മന്ത്രിയിൽനിന്ന് പുതിയ വീടിന്റെ താക്കോൽ ഏറ്റുവാങ്ങിയപ്പോൾ കണ്ണുകൾ തിളങ്ങി.

മന്ത്രിയെ കാണാനും വീട് നൽകിയ സർക്കാരിനോടുള്ള നന്ദി അറിയിക്കാനും കറപ്പി രാവിലെ മുതൽ കാത്തുനിൽക്കുകയായിരുന്നു. വീട് കൈമാറ്റത്തിനായി വെള്ളമുണ്ട പഞ്ചായത്തിലെ പാലിയാണയിലേക്ക് മന്ത്രി കെ രാധാകൃഷ്ണൻ എത്തിയതോടെ ഗോത്രകുടുംബങ്ങളുടെ ആഹ്ലാദത്തിന് അതിരില്ലാതായി. കറപ്പി താമസിച്ചിരുന്ന തരുവണ കൂവണ കോളനിയിലെ കുടുംബങ്ങളുൾപ്പെടെ 47 കുടുംബങ്ങളാണ് സർക്കാരിന്റെ കരുതലിൽ പുതിയ വീട്ടിൽ താമസമാരംഭിച്ചത്.

2018ലുണ്ടായ പ്രളയത്തിൽ കൂവണ കോളനിയിലെ 14 വീടുകൾ തകർന്നു. തുടർന്ന് താൽക്കാലികമായി നിർമിച്ച ഷെഡ്ഡിലായിരുന്നു താമസം. ജീവിതം ദുരിതപൂർണമായ ഘട്ടത്തിലാണ് സർക്കാരിന്റെ കൈത്താങ്ങ്. ഭൂരഹിത–-ഭവനരഹിത ആദിവാസി കുടുംബങ്ങൾക്കായി പാലിയാണയിലും മാനന്തവാടി നഗരസഭയിലെ പയ്യമ്പള്ളി നിട്ടമാനിയിലും പട്ടികവർഗ വകുപ്പിന്റെ ലാൻഡ് ബാങ്ക് പദ്ധതിയിലൂടെ 47 വീടുകളാണ് നിമിച്ചുനൽകിയത്.

പാലിയാണയിൽ 4.57 ഏക്കറും നിട്ടമാനിയിൽ 1.2 ഏക്കറും സർക്കാർ വിലകൊടുത്ത് വാങ്ങിയാണ് വീടുകൾ നിർമിച്ചത്. ഓരോ കുടുംബത്തിനും 10 സെന്റ് വീതം നൽകി. വീടൊന്നിന് ആറ് ലക്ഷം രൂപ വിനിയോഗിച്ചു. മുഴുവൻ വീടുകളിലും വൈദ്യുതിയും കുടിവെള്ള സൗകര്യവുമുണ്ട്.



Credits Kerala || Deshabhimani ​Online ​News https://ift.tt/gopQxyF

Comments

Archive

Contact Form

Send