തെരഞ്ഞെടുപ്പ് തിരക്കിൽ അമിത് ഷാ ; തകർന്നടിഞ്ഞ് ആഭ്യന്തര സുരക്ഷ
ന്യൂഡൽഹി
ഏപ്രിൽ 20ന് ജമ്മുവിലെ പൂഞ്ചിൽ ഭീകരാക്രമണത്തിൽ അഞ്ചു സൈനികർ കൊല്ലപ്പെട്ടു. ഛത്തീസ്ഗഢിലെ ദന്തേവാഡയിൽ ഏപ്രിൽ 26ന് നക്സൽ ആക്രമണത്തിൽ 10 പൊലീസുകാർക്കും ഡ്രൈവർക്കും ജീവൻ നഷ്ടമായി. മണിപ്പുരിൽ അക്രമാസക്തരായ ജനക്കൂട്ടം മുഖ്യമന്ത്രി ബിരൻ സിങ് പങ്കെടുക്കേണ്ടിയിരുന്ന പരിപാടിയുടെ സ്റ്റേജ് കത്തിച്ചു. രാജ്യത്ത് ആഭ്യന്തര സുരക്ഷ തകർന്നടിയുന്നതിന്റെ വാർത്തകളാണ് പുറത്തുവരുന്നത്. എന്നാൽ, പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും കർണാടക തെരഞ്ഞെടുപ്പിൽ ബിജെപിയുടെ ഭരണം ഏതുവിധേനയും നിലനിർത്താനുള്ള ‘തിരക്കി’ലാണ്.
ജമ്മു -കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞശേഷം ഭീകരാക്രമണങ്ങൾ കുറഞ്ഞെന്നാണ് മോദി സർക്കാർ നിരന്തരം അവകാശപ്പെടുന്നത്. എന്നാൽ, കണക്കുകൾ നൽകുന്നത് മറ്റൊരു ചിത്രം. 2019ന് മുമ്പ് ഭീകരാക്രമണങ്ങൾ കശ്മീർ താഴ്വരയിൽ ഒതുങ്ങിനിന്നിരുന്നെങ്കിൽ ഇപ്പോൾ ജമ്മുവിലേക്കും വ്യാപിച്ചു. പൂഞ്ചിൽ സൈനികവാഹനത്തിനുനേരെ ഉണ്ടായ ആക്രമണം ഉദാഹരണം. രജൗരിയിൽ ആഗസ്തിൽ സേനാ ക്യാമ്പിനുനേരെ ഉണ്ടായ ചാവേർ ആക്രമണത്തിൽ നാലു സൈനികർ കൊല്ലപ്പെട്ടിരുന്നു. രജൗരിയിൽ ജനുവരി ഒന്നിനും രണ്ടിനും ഉണ്ടായ ഇരട്ട ആക്രമണത്തിൽ രണ്ടു കുട്ടികളടക്കം ഏഴുപേർ കൊല്ലപ്പെട്ടു.
2019 ഫെബ്രുവരിയിലെ പുൽവാമ ആക്രമണത്തിന്റെ ഓർമ ഉണർത്തുന്നതായിരുന്നു പൂഞ്ചിൽ കഴിഞ്ഞ ദിവസമുണ്ടായ ഭീകരാക്രമണം. അഫ്ഗാനിൽ നാറ്റോ സേന ഉപേക്ഷിച്ച സ്റ്റീൽ വെടിയുണ്ടകളാണ് ഭീകരർ ഉപയോഗിച്ചത്. ഇത് അഫ്ഗാനിൽനിന്ന് താലിബാൻ വഴി ലഭിച്ചതാകണം. എന്നാൽ, താലിബാനുമായി അടുത്ത സൗഹൃദമാണ് മോദി സർക്കാരിന്. കഴിഞ്ഞ ബജറ്റിൽ താലിബാൻ സർക്കാരിന് 200 കോടി അനുവദിച്ചു. താലിബാൻകാർക്ക് കോഴിക്കോട് ഐഐഎമ്മിൽ അടക്കം ക്ലാസ് കൊടുക്കുന്ന സ്ഥിതിയുമുണ്ടായി.
ഛത്തീസ്ഗഢിൽ നക്സലുകൾ വീണ്ടും സജീവമാകുന്നെന്ന് തെളിയിക്കുകയാണ് ദന്തേവാഡ ആക്രമണം. മണിപ്പുരും മോദി ഭരണത്തിൽ സംഘർഷഭൂമിയാവുകയാണ്. ക്രൈസ്തവ വിശ്വാസികളായ ഗോത്രവർഗക്കാരോടുള്ള ബിജെപി സർക്കാരിന്റെ അടിച്ചമർത്തൽ സമീപനമാണ് ഈ അതിർത്തി സംസ്ഥാനത്തെ പ്രശ്നബാധിതമാക്കുന്നത്.
Credits National || Deshabhimani Online News https://ift.tt/aT3zIpi
Comments