സത്യപാല്‍ മലിക്കിനെ ചോദ്യംചെയ്ത് സിബിഐ
ന്യൂഡല്ഹി
പുൽവാമ സംഭവത്തില് കേന്ദ്ര സർക്കാരിന്റെയും പ്രധാനമന്ത്രിയുടെയും വീഴ്ച വെളിപ്പെടുത്തിയതിന് പിന്നാലെ ജമ്മു കശ്മീര് മുന് ഗവര്ണര് സത്യപാല് മലിക്കിനെ വീട്ടിലെത്തി ചോദ്യംചെയ്ത് സിബിഐ. ജമ്മു കശ്മീരിലെ റിലയൻസ് ഇൻഷുറൻസ് അഴിമതി കേസിലെ സാക്ഷിയെന്ന നിലയ്ക്കാണ് ചോദ്യംചെയ്യൽ.
ഡൽഹി സോം വിഹാറിലെ വസതിയില് 11.45ഓടെയാണ് സിബിഐ അന്വേഷകസംഘമെത്തിയത്. നാലു മണിക്കൂറോളം ചോദ്യംചെയ്തു.
ഗവർണറായിരിക്കെ 2018ല് റിലയന്സ് ഇന്ഷുറന്സുമായി ജമ്മു കശ്മീർ സര്ക്കാരുണ്ടാക്കിയ കരാര് മലിക് റദ്ദാക്കിയിരുന്നു. 2200 കോടി രൂപയുടെ കരാറിൽ അഴിമതിയുണ്ടെന്നും ഇത് പാസാക്കാൻ തനിക്ക് പണം വാഗ്ദാനം ചെയ്തെന്നുമുള്ള മലികിന്റെ വെളിപ്പെടുത്തലിലാണ് സിബിഐ കേസെടുത്തത്.
ആർഎസ്എസ് നേതാവ് റാം മാധവ് കരാറിനായി സമ്മർദം ചെലുത്തിയെന്നും ഫയലിൽ ഒപ്പിട്ടാൽ 300 കോടി രൂപ കൈക്കൂലി നൽകാമെന്ന് വാഗ്ദാനം ലഭിച്ചിരുന്നതായും മലിക് വെളിപ്പെടുത്തിയിരുന്നു.
കേസിൽ ഏഴു മാസത്തിനിടെ രണ്ടാം തവണയാണ് മലിക്കിൽനിന്ന് വിശദീകരണം തേടുന്നത്. പുല്വാമയിലെ ഭീകരാക്രമണത്തില് പ്രധാനമന്ത്രിക്ക് പങ്കുണ്ടെന്നും അടുത്തിടെ ദേശീയ ചാനലിന് നൽകിയ അഭിമുഖത്തിൽ മലിക് വെളിപ്പെടുത്തിയിരുന്നു.
വേട്ടയാടുന്നു
സിബിഐയുടെ ചോദ്യംചെയ്യൽ തന്നെ പീഡിപ്പിക്കാനാണെന്ന് ജമ്മു കശ്മീർ മുൻ ഗവർണർ സത്യപാൽ മലിക്. റിലയൻസ് കേസിൽ താനാണ് പരാതിക്കാരൻ. പരാതിക്കാരനെ ഈ രീതിയിൽ സിബിഐ ചോദ്യം ചെയ്യേണ്ട ആവശ്യമില്ല. ഇത് തന്നെ ഉപദ്രവിക്കാൻ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
Credits National || Deshabhimani Online News https://ift.tt/xOpBbS9
Comments