ഹോംസ്റ്റേകൾക്ക് ഇനി വീടിനു സമാനമായ നികുതി ; സാഹസിക വിനോദ സംരംഭങ്ങൾ ആരംഭിക്കുന്നതിന് എൻഒസി വേണ്ട
തിരുവനന്തപുരം
സംസ്ഥാനത്തെ ടൂറിസം മേഖലയെ പ്രോത്സാഹിപ്പിക്കാൻ ഹോംസ്റ്റേകൾക്ക് വീടിന് തുല്യമായ കെട്ടിട നികുതിയാക്കിക്കുറച്ച് തദ്ദേശവകുപ്പ്. വസ്തു നികുതികളുടെ പുതുക്കിയ വിജ്ഞാപനത്തിലാണ് ഈ നടപടി. സ്വന്തം വീട്ടിൽ അധിക മുറി പണിത് ഹോംസ്റ്റേ ആക്കുന്നവർക്കും വീടിന് സമാനമായ നികുതി നൽകിയാൽ മതി.
300 ചതുരശ്ര മീറ്റർ വരെയുള്ള വീടുകൾക്കും ഹോസ്റ്റേകൾക്കും പഞ്ചായത്തുകളിൽ ചതുരശ്ര മീറ്ററിന് ആറ് രൂപയാണ് ഏറ്റവും കുറഞ്ഞനിരക്ക്. കൂടിയ നിരക്ക് 10 രൂപ. 300 ചതുരശ്ര മീറ്ററിന് മുകളിൽ 8–-12 രൂപ. ഹോംസ്റ്റേകളുടെ പഴയ കെട്ടിട നികുതി നേരത്തേ ചതുരശ്ര മീറ്ററിന് 30 മുതൽ 60 രൂപ വരെയായിരുന്നു. ഇതാണ് കുത്തനെ കുറച്ചത്. റിസോർട്ടുകളുടെ നികുതിയിനത്തിനും വലിയ വർധനയില്ല. ഹോംസ്റ്റേകൾക്ക് ടൂറിസം വകുപ്പിന്റെ ക്ലാസിഫിക്കേഷന് തദ്ദേശഭരണ സ്ഥാപനങ്ങളുടെ എൻഒസി ആവശ്യമാണെന്ന വ്യവസ്ഥയും സർക്കാർ ഒഴിവാക്കിയിരുന്നു.
സാഹസിക വിനോദ സംരംഭം : എൻഒസി വേണ്ട
സാഹസിക വിനോദ സംരംഭങ്ങൾ ആരംഭിക്കുന്നതിന് തദ്ദേശഭരണ വകുപ്പിന്റെ എൻഒസി വേണമെന്ന നിബന്ധന ഒഴിവാക്കി. സംസ്ഥാനത്ത് പ്രവർത്തിക്കുന്ന എല്ലാ സാഹസിക വിനോദ സംരംഭങ്ങളും കേരള അഡ്വഞ്ചർ ടൂറിസം പ്രൊമോഷൻ സൊസൈറ്റിയിൽ (കെഎടിപിസി) രജിസ്റ്റർ ചെയ്യണം.

Credits Kerala || Deshabhimani Online News https://ift.tt/UL1Aub6
Comments