നീതിക്കായി ഗുസ്‌തി താരങ്ങൾ ; തെരുവിലിറങ്ങി രാജ്യം , എംപിയെ സംരക്ഷിച്ച് ബിജെപി
ന്യൂഡൽഹി
രാജ്യത്തിന്റെ അഭിമാനതാരങ്ങളെ പീഡനത്തിന് ഇരയാക്കിയ ബിജെപി എംപിയും ഗുസ്തി ഫെഡറേഷൻ പ്രസിഡന്റുമായ ബ്രിജ് ഭൂഷണെ സംരക്ഷിക്കുന്ന ബിജെപിക്കും മോദി സർക്കാരിനുമെതിരെ അലയടിച്ച് ജനരോഷം. ബ്രിജ് ഭൂഷൺ ലൈംഗികമായി പീഡിപ്പിച്ചെന്ന് ആരോപിച്ച ഗുസ്തി താരങ്ങൾക്കായി ഇടതു സംഘടനകളടക്കം രാജ്യത്ത് പ്രതിഷേധദിനം ആചരിച്ചു. ഡൽഹി പൊലീസ് ആസ്ഥാനത്തേക്ക് മാർച്ച് നടത്തിയ അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യ പ്രസിഡന്റ് പി കെ ശ്രീമതി, ജനറൽ സെക്രട്ടറി മറിയം ധാവ്ളെ, മൈമൂന മൊള്ള അടക്കമുള്ള നേതാക്കളെ പൊലീസ് ബലംപ്രയോഗിച്ച് കസ്റ്റഡിയിൽ എടുത്തു. വിവിധ സംസ്ഥാനങ്ങളിൽ ധർണയും കോലംകത്തിക്കലും നടന്നു.
വനിത താരങ്ങളുടെ പരാതിയില് എഫ്ഐആർപോലും രജിസ്റ്റർ ചെയ്യാൻ തയ്യാറാകാത്തതിനെതിരെയാണ് മഹിളാ അസോസിയേഷൻ മാർച്ച് നടത്തിയത്. നേതാക്കളെ ബസിലേക്ക് വലിച്ചുകയറ്റുകയായിരുന്നു. ഉയർന്ന ഉദ്യോഗസ്ഥർക്ക് നിവേദനം നൽകാനുള്ള നേതാക്കളുടെ ശ്രമവും പൊലീസ് തടഞ്ഞു. അമ്പതോളം പ്രവർത്തകരാണ് പൊലീസ് ആസ്ഥാനത്തേക്ക് മാർച്ച് നടത്തിയത്.
വ്യാഴം രാവിലെ സമരപ്പന്തലിൽ എത്തിയ ശ്രീമതി, മറിയം ധാവ്ളെ, അസോസിയേഷൻ വൈസ് പ്രസിഡന്റ് കെ കെ ശൈലജ, ജോയിന്റ് സെക്രട്ടറി സി എസ് സുജാത അടക്കമുള്ളവർ താരങ്ങൾക്ക് പിന്തുണ അറിയിച്ചു. എസ്എഫ്ഐ അഖിലേന്ത്യ സെക്രട്ടറി മയൂഖ് ബിശ്വാസിന്റെ നേതൃത്വത്തിൽ പ്രവർത്തകരും താരങ്ങൾക്കായി വേദിയിലെത്തി. സിഐടിയു, അഖിലേന്ത്യ കിസാൻ സഭ, മഹിളാ അസോസിയേഷൻ, കർഷക തൊഴിലാളി യൂണിയൻ, ഡിവൈഎഫ്ഐ, എസ്എഫ്ഐ സംഘടനകൾ സംയുക്തമായി രാജ്യവ്യാപക പ്രക്ഷോഭവും സംഘടിപ്പിച്ചു. ഗുസ്തിതാരങ്ങളുടെ പ്രക്ഷോഭത്തിൽ രാഷ്ട്രപതി ദ്രൗപതി മുർമു ഇടപെടണമെന്ന് സംയുക്ത പ്രസ്താവനയിൽ സംഘടനകൾ ആവശ്യപ്പെട്ടു.
പഞ്ചാബ്, ഹരിയാന, ഗുജറാത്ത്, രാജസ്ഥാൻ, ഉത്തർപ്രദേശ്, ബിഹാർ, തെലങ്കാന, ആന്ധ്രപ്രദേശ്, ഡൽഹി, കേരളം, തമിഴ്നാട്, മഹാരാഷ്ട്ര, പശ്ചിമ ബംഗാൾ, ഒഡിഷ, അസം, മണിപ്പുർ, ത്രിപുര, ജമ്മു കശ്മീർ തുടങ്ങിയ ഇടങ്ങളിലാണ് ധർണയും കോലംകത്തിക്കലും നടന്നത്. ഹരിയാനയിൽനിന്നടക്കം കർഷക നേതാക്കളും ഖാപ് പഞ്ചായത്ത് പ്രതിനിധികളും സമരവേദിയിലേക്ക് എത്തി.

Credits National || Deshabhimani Online News https://ift.tt/ksH3T9A
Comments