മറയ്ക്കാനാകില്ല പൊലീസ് ജാഗ്രത ; അന്വേഷണത്തിൽ നിർണായകമായത് കേരള പൊലീസ് ശേഖരിച്ച തെളിവുകൾ
തിരുവനന്തപുരം
എലത്തൂർ ട്രെയിൻ തീവയ്പുകേസിലെ പ്രതിയെ അതിവേഗത്തിൽ പിടികൂടാൻ കഴിഞ്ഞതിന്റെ പിന്നിലുള്ള കേരള പൊലീസിന്റെ മികവ് അതിവിദഗ്ധമായി മറയ്ക്കാൻ ശ്രമം. സംഭവം ഉണ്ടായ ഉടൻ കേരള പൊലീസ് സ്ഥലത്തെത്തി ശേഖരിച്ച തെളിവുകളാണ് അന്വേഷണത്തിൽ നിർണായകമായത്. കുറ്റവാളിയെ കണ്ടെത്താനാവശ്യമായ അടിയന്തര നടപടി, പൊള്ളലേറ്റവരെ ആശുപത്രിയിലെത്തിക്കൽ, സമൂഹത്തിലെ പരിഭ്രാന്തി അവസാനിപ്പിച്ച് എല്ലാം നിയന്ത്രണവിധേയമാക്കൽ എന്നിങ്ങനെ കൃത്യമായ പദ്ധതിയാണ് പൊലീസ് നടപ്പാക്കിയത്. മറ്റെവിടെയും കണ്ടിട്ടില്ലാത്ത ഈ ജാഗ്രത പ്രതിയിലേക്ക് വേഗത്തിൽ പൊലീസിനെ എത്തിക്കുകയായിരുന്നു. ഇതൊന്നും കാണാതെ പല മാധ്യമങ്ങളും പ്രതിപക്ഷവും കേരള പൊലീസിന് ഒരു ക്രഡിറ്റും കിട്ടരുതെന്ന നിർബന്ധബുദ്ധിയാണ് കാണിക്കുന്നത്.
അതേസമയം, രാജ്യത്തെ നടുക്കിയ സംഭവത്തിന്റെ പേരിൽ എന്തെങ്കിലും അവകാശവാദത്തിന് പൊലീസോ സംസ്ഥാന സർക്കാരോ മുതിർന്നില്ല. സംഭവത്തിന്റെ വിശദാംശങ്ങളും പിന്നിൽ ആരെങ്കിലുമുണ്ടെങ്കിൽ അവരെക്കൂടി പുറത്തുകൊണ്ടുവരാനുള്ള അതീവജാഗ്രതയോടെയുള്ള അന്വേഷണത്തിലാണ് ശ്രദ്ധ. കേരള പൊലീസിനെ അഭിനന്ദിച്ച മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര ഇന്റലിജൻസിന്റെയും മഹാരാഷ്ട്ര എടിഎസിന്റെയും സഹായം എടുത്തു പറഞ്ഞ് അഭിനന്ദിച്ചു.
പ്രതിയിലേക്ക് എത്താൻ ആവശ്യമായ പ്രാഥമിക തെളിവുകളും അതിവേഗത്തിലുള്ള നീക്കങ്ങളും പ്രധാനമാണ്. അതിന് കേരള പൊലീസ് മികവ് കാണിച്ചുവെന്ന വസ്തുതയാണ് കേന്ദ്ര ഏജൻസികളടക്കം ചൂണ്ടിക്കാട്ടിയത്. സംഭവമുണ്ടായി നിമിഷങ്ങൾക്കകം ട്രാക്ക് പരിശോധിച്ച് കണ്ടെത്തിയ ബാഗും അതിൽനിന്ന് ലഭിച്ച തെളിവുകളുംവച്ച് പൊലീസ് നടത്തിയ നീക്കം പ്രതിയിലേക്ക് എത്തുകയായിരുന്നു. ബാഗിൽനിന്ന് കിട്ടിയ ബുക്കിലെ കൈയക്ഷരം, ഷാരൂഖ് സെയ്ഫി എന്ന പേര്, മറ്റു ചില സ്ഥലപ്പേരുകൾ തുടങ്ങിയവയെല്ലാം നിർണായകമായി. കിട്ടിയ വിവരങ്ങൾ രാജ്യത്തെ വിവിധ അന്വേഷണ ഏജൻസികൾക്ക് കൈമാറിയതും ഫോൺട്രാക്ക് ചെയ്തതും പൊലീസ് തയ്യാറാക്കിയ രേഖാചിത്രവും പ്രതിയെ വേഗത്തിൽ പിടികൂടാൻ സഹായിച്ചു. രേഖാചിത്രം തയ്യാറാക്കുന്നത് എങ്ങനെയെന്നുപോലും അറിയാതെ കുപ്രചാരണം അഴിച്ചുവിട്ടതും പൊലീസിനെ മോശമായി ചിത്രീകരിക്കാനാണ്. കേരള പൊലീസിന്റെ സൈബർ വിഭാഗവും എടിഎസും നടത്തിയ പ്രവർത്തനവും നിർണായകമായി.
യാത്രയുടെ
രഹസ്യ സ്വഭാവം നഷ്ടമാക്കിയത്
ചാനലുകൾ
പ്രതി ഷാറൂഖ് സെയ്ഫിയുമായുള്ള പൊലീസിന്റെ യാത്ര പരസ്യമാക്കിയത് മാധ്യമങ്ങൾ. മഹാരാഷ്ട്ര ഭീകര വിരുദ്ധ സ്ക്വാഡ് കസ്റ്റഡിയിലെടുത്ത പ്രതിയെ ബുധനാഴ്ച ഉച്ചയോടെയാണ് നടപടിക്രമങ്ങൾ പൂർത്തിയാക്കി കേരള പൊലീസിന് കൈമാറിയത്. അതിവേഗം യാത്ര പുറപ്പെട്ട അന്വേഷകസംഘത്തെ പിന്തുടർന്ന ചാനൽ സംഘം അതിന്റെ രഹസ്യ സ്വഭാവം മാനിച്ചില്ല. പിന്നീട്, സുരക്ഷയുടെ പേരിൽ പൊലീസിനെ കുറ്റപ്പെടുത്താനാണ് ചാനലുകൾ ശ്രമിച്ചത്. കണ്ണൂർ മാമാക്കുന്ന് റോഡിൽവച്ചാണ് അന്വേഷകസംഘം സഞ്ചരിച്ച കാറിന്റെ ടയർ പഞ്ചറായത്. ടയർ മാറ്റാനായി നിർത്തിയപ്പോഴാണ് മാതൃഭൂമി സംഘം ദൃശ്യങ്ങൾ ചിത്രീകരിച്ചത്. ടയർ മാറ്റി സംഘം യാത്ര തുടരുന്നതിനിടെ ചാനൽ സംഘം കാറിനെ പിന്തുടർന്ന് ലൈവ് ടെലികാസ്റ്റ് നൽകുകയായിരുന്നു.
Credits Kerala || Deshabhimani Online News https://ift.tt/9ohvJ4A
Comments