കാത്തുനിന്നു, അമ്മ കണ്ണുതുറന്നില്ല; തനിയെ മടങ്ങി കുട്ടിക്കൊമ്പൻ
പത്തനംതിട്ട > ആറ്റിൽ കിടക്കുന്ന അമ്മയെ എഴുന്നേൽപ്പിക്കാൻ തുമ്പിക്കൈകൊണ്ട് ഒത്തിരിവട്ടം തട്ടി അവൻ കാത്തുനിന്നു. അനക്കമില്ലാതായപ്പോൾ നിസ്സഹായനെ പോലെ ചുറ്റും നോക്കി. ഏറെ നേരത്തെ കാത്തിരിപ്പിനൊടുവിൽ അവനറിഞ്ഞിട്ടുണ്ടാകണം ഇനി ഒപ്പം കുളിക്കാനും കളിക്കാനും അമ്മയുണ്ടാവില്ലെന്ന്. വടശേരിക്കര ഫോറസ്റ്റ് റേഞ്ചിൽ ഗുരുനാഥൻമണ്ണ് ഫോറസ്റ്റ് ഓഫീസ് അതിർഥിയിൽ പുളിഞ്ചാലിൽ കല്ലാറ്റിലാണ് 50 വയസിന് മുകളിൽ പ്രായം വരുന്ന പിടിയാനയുടെ ജഢം കണ്ടത്.
ബുധൻ രാവിലെ 9.30നാണ് ആനയെ ആറ്റിൽ ചെരിഞ്ഞ നിലയിൽ കണ്ടത്. റാന്നി- കോന്നി ഫോറസ്റ്റ് ഡിവിഷൻ അതിർഥിയാണിത്. ജഢത്തിനരികെ നിലയുറപ്പിച്ചിരുന്ന കുട്ടി കൊമ്പനെ വനം വകുപ്പ് ഉദ്യോഗസ്ഥർ വൈകിട്ടോടെ കാട്ടിലേയ്ക്ക് ഓടിച്ച് വിട്ടു. രാത്രി മഴ പെയ്ത് ജഢം ഒഴുകാതിരിക്കാൻ കയർ കെട്ടി ഇട്ടിരിക്കുകയാണ്. വ്യാഴം രാവിലെ പോസ്റ്റ്മോർട്ടം നടക്കും. പ്രായമായതാകാം മരണ കാരണം എന്ന് കരുതുന്നു.
ചൊവ്വ വൈകിട്ട് പ്രദേശത്തെ റബർ തോട്ടത്തിൽ ആനയുടെ സാന്നിധ്യമുള്ളതായി വനം വകുപ്പിന് വിവരം ലഭിച്ചിരുന്നു. ബുധൻ രാവിലെ കൊക്കാത്തോട്, ഗുരുനാഥൻമണ്ണ് ഫോറസ്റ്റ് സ്റ്റേഷൻ ഉദ്യോഗസ്ഥർ ആനയെ കണ്ടെത്തി. തുടർന്ന് അവശയായ അന ആറ്റിൽ ഇറങ്ങി വെള്ളം കുടിക്കുന്നതിനിടയിൽ മറിഞ്ഞ് വീഴുകയായിരുന്നു. വെള്ളം കുടിക്കുന്നതിനിടയിൽ ചെരിഞ്ഞു. പോസ്റ്റ്മോർട്ടത്തിന് ശേഷമെ മരണ കാരണം വ്യക്തമാകൂ. പ്രായം തന്നെയാകാം കാരണമെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
Credits Kerala || Deshabhimani Online News https://ift.tt/ByZCfu0
Comments