തനതുവരുമാനം കണ്ടെത്താൻ മാതൃകാ പദ്ധതികൾ വേണം : എം ബി രാജേഷ്
തൃശൂർ
പ്രാദേശിക ടൂറിസം, ഉത്തരവാദിത്ത ടൂറിസംപോലുള്ള പദ്ധതികൾ ഏറ്റെടുത്ത് തനത് വരുമാനം കണ്ടെത്താനുള്ള മാതൃകാപരമായ പ്രവർത്തനങ്ങൾ തദ്ദേശ ഭരണ സ്ഥാപനങ്ങൾ നടപ്പാക്കണമെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി എം ബി രാജേഷ് പറഞ്ഞു. പ്രാദേശിക സാമ്പത്തിക വികസനത്തിനായുള്ള പ്രവർത്തനത്തിൽ ബ്ലോക്ക് പഞ്ചായത്തുകൾക്ക് വലിയ പങ്കാണ് വഹിക്കാനുള്ളത്.
അധികാര വികേന്ദ്രീകരണത്തിൽ തദ്ദേശ സ്വയംഭരണ വകുപ്പ് ഏകോപനം മാത്രമാണ് നടത്തുന്നത്. യഥാർഥ ഭരണകേന്ദ്രം ത്രിതലഭരണ സംവിധാനമാണ്. കേരള ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷൻ കിലയിൽ സംഘടിപ്പിച്ച ശിൽപ്പശാലയുടെ സമാപന സമ്മേളനവും വാർഷിക ജനറൽ ബോഡി യോഗവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വാർഷിക ജനറൽ ബോഡി തയ്യാറാക്കിയ നിവേദനം കേരള ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷൻ അംഗങ്ങൾ മന്ത്രിക്ക് കൈമാറി. പരിപാടിയിൽ ഹരിതനിയമങ്ങളും പഞ്ചായത്തും, സുസ്ഥിര വികസനവും സംയോജന സാധ്യതകളും ബ്ലോക്ക് പഞ്ചായത്തുകളിലൂടെ എന്നീ വിഷയങ്ങളിൽ പഠനക്ലാസുകളും നടന്നു.
സമാപന സമ്മേളനത്തിൽ കേരള ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷൻ പ്രസിഡന്റ് ബി പി മുരളി അധ്യക്ഷനായി. അസോസിയേഷൻ ജനറൽ സെക്രട്ടറി സി എം കൃഷ്ണൻ, കില അർബൻ ചെയർ പ്രൊഫസർ ഡോ. അജിത്ത് കാളിയത്ത്, കേരള ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷൻ സെക്രട്ടറി കെ വി നഫീസ തുടങ്ങിയവർ സംസാരിച്ചു.
Credits Kerala || Deshabhimani Online News https://ift.tt/xpbv0cj
Comments