ആശ്വാസതീരമണഞ്ഞു, പാതിജീവനില്ലാതെ
ആലക്കോട് (കണ്ണൂർ)
ഒരു വിരൽദൂരത്തിൽനിന്നാണ് ആൽബർട്ട് അഗസ്റ്റിൻ വെടിയേറ്റുപിടഞ്ഞത്, ഇപ്പോഴും പ്രിയപ്പെട്ടവന്റെ വിറങ്ങലിച്ച ശരീരം ഏതോ ആശുപത്രി മോർച്ചറിയിൽ കിടക്കുന്നതോർക്കുമ്പോൾ സൈബല്ലയുടെ ഹൃദയം നുറുങ്ങുന്നുണ്ട്. മകൾ മരീറ്റക്കൊപ്പം ആശ്വാസതീരമണഞ്ഞിട്ടും സൈബല്ലയുടെ മനസ്സിപ്പോഴും ആ ദുരന്തഭൂമിയിലാണ്. ഒമ്പതാം ക്ലാസുകാരിയായ മരീറ്റയോടൊപ്പം അവധി ആഘോഷിക്കാൻ ഏപ്രിൽ മൂന്നിനാണ് സുഡാനിലെ ഖാർത്തൂമിലെ ആൽബർട്ടിന്റെ അരികിലേക്കെത്തിയത്. സൈന്യവും അർധസൈന്യവും ഏറ്റുമുട്ടൽ തുടങ്ങിയ 15ന് വെകിട്ട് നാലിന് താമസസ്ഥലത്ത്, മകൻ ഓസ്റ്റിനുമായി ഫോണിൽ സംസാരിച്ചുനിൽക്കേയാണ് ആൽബർട്ടിന് വെടിയേറ്റത്.
പിന്നീടങ്ങോട്ട് ജീവിതം മാറിമറഞ്ഞു. ഭക്ഷണം കിട്ടാതെ, വെളിച്ചം കാണാതെ ദിവസങ്ങൾ ബങ്കറിൽ. ഖാർത്തൂമിൽനിന്ന് ഒരു കിലോമീറ്റർ കലാപഭൂമിയിലൂടെ കാൽനടയായി സഞ്ചരിച്ചാണ് വാഹനം കിട്ടുന്ന സ്ഥലത്തെത്തിയത്. അവിടെനിന്ന് ബസ്സിൽ ആൽബർട്ട് ജോലിചെയ്യുന്ന കമ്പനി ആസ്ഥാനത്തെത്തി. പിന്നീട് പോർട്ട് സുഡാൻ വിമാനത്താവളംവഴി ജിദ്ദയിലും അവിടെനിന്ന് വ്യാഴം രാവിലെ നെടുമ്പാശേരിയിലുമെത്തി. കൊച്ചി പാസ്പോർട്ട് ഓഫീസർ വിമാനത്താവളത്തിലെത്തി സൈബല്ലയെയും മകളെയും സ്വീകരിച്ച് കാറിൽ ആലക്കോടെ വീട്ടിലെത്തിച്ചു. കാനഡയിൽ വിദ്യാർഥിയായ മകൻ ഓസ്റ്റിൻ ചൊവ്വ രാവിലെ വീട്ടിലെത്തി.
ഇവരെ തിരിച്ചെത്തിച്ചതിൽ സംസ്ഥാന സർക്കാരിനോടും വിദേശകാര്യ മന്ത്രാലയത്തോടും ഏറെ കടപ്പാടുണ്ടെന്ന് ആൽബർട്ടിന്റെ പിതാവ് അഗസ്റ്റിൻ പറഞ്ഞു. ആൽബർട്ടിന്റെ മൃതദേഹം എത്രയും വേഗത്തിൽ നാട്ടിലെത്തിക്കാനുള്ള നടപടിയുണ്ടാകണമെന്നാണ് കുടുംബാംഗങ്ങളുടെ ആവശ്യം. കരസേനയിൽനിന്ന് വിരമിച്ച ആൽബർട്ട് ആറുമാസം മുമ്പാണ് സുഡാനിലേക്ക് പോയത്. ഖാർത്തൂമിലെ ദാൽ കമ്പനിയിൽ സെക്യൂരിറ്റി വിഭാഗം തലവനായിരുന്നു.
Credits Kerala || Deshabhimani Online News https://ift.tt/dlkOF3S
Comments