ഇന്ത്യയിൽ നടപ്പാക്കുന്നത് ‘ഫാസിസം പ്ലസ്’: ആദവന്‍ ദീക്ഷണ്യ
കൊച്ചി
ഇന്ത്യയിൽ ഭരണാധികാരികൾ നടപ്പിൽവരുത്താൻ ശ്രമിക്കുന്നത് ‘ഫാസിസം പ്ലസ്’ ആണെന്ന് തമിഴ്നാട്ടിലെ പുരോഗമന കലാസാഹിത്യ സംഘടനയായ മുർപ്പോക്ക് എഴുത്താളർ കലൈഞർകൾ സംഘം ജനറൽ സെക്രട്ടറി ആദവൻ ദീക്ഷണ്യ. എതിരഭിപ്രായമുള്ളവർ ജനങ്ങളോട് നേരിട്ട് സംവദിക്കുന്നത് തടയാനാണ് അവർ അധികാരം ഉപയോഗിച്ച് ആവിഷ്കാരസ്വാതന്ത്ര്യത്തെ നിഷേധിക്കുന്നത്. ജനങ്ങളോട് നേരിട്ട് സംവദിച്ചുതന്നെ അതിനെ മറികടക്കണമെന്നും ആദവൻ ‘ദേശാഭിമാനി’യോട് പറഞ്ഞു.
‘നാടക് 25 നാടകപുസ്തകം' പ്രകാശിപ്പിക്കാൻ കൊച്ചിയിൽ എത്തിയതാണ് അദ്ദേഹം.
ജനങ്ങൾക്ക് ഏതു മതത്തിൽ വിശ്വസിക്കുന്നതിനും അത് പിന്തുടരുന്നതിനും സ്വാതന്ത്ര്യമുണ്ടെങ്കിലും ഭരണാധികാരികൾ എപ്പോഴും മതനിരപേക്ഷനിലപാട് പുലർത്തുന്നവരാകണം. ക്രൈസ്തവ, മുസ്ലിം മതങ്ങൾ പുറത്തുനിന്ന് വന്നതാണെങ്കിലും രാജ്യത്ത് അത് പിന്തുടരുന്നവർ ഇന്ത്യക്കാർതന്നെയാണ്. മതം, ജാതി, രാഷ്ട്രീയം, ലിംഗം എന്നിങ്ങനെ ജനങ്ങളെ വേർതിരിക്കാൻ ഓരോ മാർഗം ഫാസിസ്റ്റുകൾ തിരയുമ്പോൾ ‘ഞങ്ങളും നിങ്ങളും ഇല്ലാതെ നമ്മൾ ഒരുമിച്ചുനിൽക്കണ’മെന്നും അദ്ദേഹം പറഞ്ഞു.
തമിഴിലെ അറിയപ്പെടുന്ന എഴുത്തുകാരനാണ് ആദവൻ ദീക്ഷണ്യ. അധികാരത്തിന്റെ കഥ പറയുന്ന ‘മീശൈ എമ്പതു വെറും മയിർ’ എന്ന നോവെല്ലയും ‘കടവുളുക്ക് മുൻപിരുന്തേ ഉലകം ഇരുക്കിറത്’ എന്ന ലേഖനസമാഹാരവും അടക്കം നിരവധി പുസ്തകങ്ങളുടെ രചയിതാവാണ്. കാല, ഇരണ്ടാം ഉലകപ്പോരിൻ കടൈശി ഗുണ്ട് എന്നീ സിനിമകളുടെ സംഭാഷണവും രചിച്ചിട്ടുണ്ട്. തമിഴ്നാട് തീണ്ടാമൈ ഒഴിപ്പു മുന്നണി (അയിത്തോച്ചാടനമുന്നണി) സംസ്ഥാന വൈസ് പ്രസിഡന്റും പുതുവിസൈ എന്ന മാസികയുടെ എഡിറ്ററുമാണ്.
കെ ശ്രീലതയും സുഭശ്രീ കൃഷ്ണസ്വാമിയും ചേർന്ന് പരിഭാഷപ്പെടുത്തിയ അദ്ദേഹത്തിന്റെ കവിത 2011ലെ പോയട്രി ഇന്റർനാഷണലിൽ പ്രസിദ്ധീകരിച്ചു. ഭൂമിക്കും ജാതിയുണ്ട് എന്ന വരികളോടുകൂടിയാണ് ഈ കവിത അവസാനിക്കുന്നത്. സേലത്തിനടുത്ത് ഉത്തമചോഴപുരത്ത് ജനിച്ച ആദവൻ ദീക്ഷണ്യ ബിഎസ്എൻഎല്ലിൽനിന്ന് സ്വയം വിരമിച്ചതിനുശേഷം ധർമപുരി അരൂരിൽ താമസിക്കുന്നു.
Credits Kerala || Deshabhimani Online News https://ift.tt/gAhCNo9
Comments