മതത്തിന്റെ പേരിൽ സംവരണം 
നൽകാനാകില്ലെന്ന്‌ കർണാടകം


ന്യൂഡൽഹി
മതത്തിന്റെ അടിസ്ഥാനത്തിലുള്ള സംവരണം അനുവദിക്കാനാകില്ലെന്ന് നിലപാടെടുത്ത് കർണാടക സർക്കാർ. സംസ്ഥാനത്ത് മുസ്ലിങ്ങൾക്ക് അനുവദിച്ചിരുന്ന നാലു ശതമാനം സംവരണം റദ്ദാക്കിയ നടപടി ചോദ്യം ചെയ്തുള്ള ഹർജിയിലാണ് ബിജെപി സർക്കാർ സുപ്രീംകോടതിയെ നിലപാട് അറിയിച്ചത്. രാജ്യത്ത് കേരളത്തിൽ മാത്രമാണ് മതത്തിന്റെ അടിസ്ഥാനത്തിൽ സംവരണം അനുവദിക്കുന്നതെന്നും കർണാടകം സത്യവാങ്മൂലത്തിൽ വാദമുയര്ത്തി.

മതത്തിന്റെ അടിസ്ഥാനത്തിലുള്ള സംവരണം ഭരണഘടന അനുസരിച്ച് അനുവദനീയമാണെന്ന വസ്തുത സ്ഥാപിക്കാൻ ഹർജിക്കാർക്ക് കഴിയുമോ. മുൻകാലങ്ങളിൽ അത്തരം നടപടി ഉണ്ടായിട്ടുണ്ട്. എന്നാൽ, അതിന്റെ പേരിൽ എപ്പോഴും അത് തുടരണമെന്ന വാദത്തിൽ കഴമ്പില്ല. സാമൂഹ്യമായി പിന്നോക്കം നിൽക്കുന്നവരെ ഉയർത്തിക്കൊണ്ടുവരാനാണ് സംവരണം. ഒരു മതവിഭാഗത്തെ മുഴുവൻ അങ്ങനെ കണ്ട് സംവരണം അനുവദിക്കാൻ കഴിയില്ല. മുസ്ലിംമതത്തിലെ ചില സമുദായങ്ങളെ സാമൂഹ്യമായും സാമ്പത്തികമായും പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങളായി കർണാടകത്തിലും ഉൾപ്പെടുത്തിയിട്ടുണ്ട്. അതല്ലാതെ ഒരു മതത്തിന്റെ അടിസ്ഥാനത്തിൽമാത്രം സംവരണം അനുവദിക്കുന്ന സമ്പ്രദായം രാജ്യത്ത് കേരളത്തിലും സമീപകാലംവരെ കർണാടകത്തിലും അല്ലാതെ മറ്റൊരിടത്തും നിലനിൽക്കുന്നില്ലെന്നും കർണാടക സർക്കാർ വാദിച്ചു.

തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ മുസ്ലിങ്ങൾക്ക് അനുവദിച്ചിരുന്ന നാലു ശതമാനം സംവരണം റദ്ദാക്കിയ ബിജെപി സർക്കാരിന്റെ നടപടി വൻ വിവാദമായിരുന്നു. ഈ നടപടി ചോദ്യംചെയ്തുള്ള ഹർജികൾ പരിഗണിച്ച ജസ്റ്റിസ് കെ എം ജോസഫ് അധ്യക്ഷനായ ബെഞ്ച് സർക്കാർ നടപടി പ്രഥമദൃഷ്ട്യാ പിശകുകൾ നിറഞ്ഞതാണോയെന്ന സംശയം രേഖപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിലാണ്, മതാടിസ്ഥാനത്തിലുള്ള സംവരണം ഭരണഘടനാവിരുദ്ധമെന്ന വാദം ഉയർത്തി കർണാടക സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത്.



Credits National || Deshabhimani ​Online ​News https://ift.tt/eNfrZ25

Comments

Archive

Contact Form

Send