ആശ്വാസം ; ബഫർസോണിൽ ഇളവ് വരുത്തി സുപ്രീംകോടതി , സംസ്ഥാന സർക്കാരിന്റെ ഇടപെടൽ നിർണായകമായി
ന്യൂഡൽഹി
ബഫർ സോൺ സംബന്ധിച്ച കേരളത്തിന്റെ എല്ലാ ആശങ്കൾക്കും പരിഹാരം. ദേശീയ ഉദ്യാനങ്ങൾക്കും വന്യജീവി സങ്കേതങ്ങൾക്കും ഒരു കിലോമീറ്റർ ചുറ്റളവ് പരിസ്ഥിതിലോല മേഖലയാക്കണമെന്ന ഉത്തരവ് സുപ്രീംകോടതി ഭേദഗതി ചെയ്തു. ഇവിടത്തെ സ്ഥിരം നിർമാണങ്ങൾക്കേർപ്പെടുത്തിയ പൂർണവിലക്കും ജസ്റ്റിസ് അജയ് റസ്തോഗി അധ്യക്ഷനായ മൂന്നംഗബെഞ്ച് നീക്കി. എന്നാൽ ഖനനത്തിന് വിലക്കുണ്ടാകും. വന്യജീവി സങ്കേതം, ദേശീയ ഉദ്യാനം എന്നിവയുടെ കാര്യത്തിൽ അന്തിമവിജ്ഞാപനത്തിനും കരട് വിജ്ഞാപനത്തിനും പുറമെ വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ പരിഗണനയിലുള്ള ശുപാർശകളുടെ കാര്യത്തിലും ഇളവുണ്ടാകുമെന്ന് സുപ്രീംകോടതി വിധിയിൽ പറയുന്നു.
കേരളത്തിലെ 17 വന്യജീവി സങ്കേതങ്ങളുടെയും ആറ് ദേശീയ ഉദ്യാനങ്ങളുടെയും പരിസ്ഥിതിലോല മേഖല നിർണയിക്കാനുള്ള ശുപാർശ സംസ്ഥാന സർക്കാർ കേന്ദ്രസർക്കാരിന് കൈമാറിയിട്ടുണ്ട്. ഇതിൽ പെരിയാർ ദേശീയ ഉദ്യാനം, പെരിയാർ വന്യജീവി സങ്കേതം ഒഴിച്ചുള്ളവയുടെ കാര്യത്തിൽ കേന്ദ്രം കരടുവിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്. മതികെട്ടാൻ ദേശീയ ഉദ്യാനത്തിന്റെ കാര്യത്തിൽ അന്തിമവിജ്ഞാപനവും വന്നിട്ടുണ്ട്. അതിനാൽ പുതിയ ഉത്തരവ് കേരളത്തിന് ഏറെ ഗുണം ചെയ്യും. വനം,പരിസ്ഥിതി മന്ത്രാലയം കരട്, അന്തിമ വിജ്ഞാപനം പുറപ്പെടുവിച്ച എല്ലാമേഖലകളെയും ഒരു കിലോമീറ്റർ പരിസ്ഥിതിലോല മേഖലയാക്കണമെന്ന നിർദേശത്തിൽ നിന്ന് സുപ്രീംകോടതി ഒഴിവാക്കി.
2022 ജൂണിലെ സുപ്രീംകോടതി ഉത്തരവിൽ ഭേദഗതി ആവശ്യപ്പെട്ട് കേന്ദ്രസർക്കാരും ഉത്തരവ് സൃഷ്ടിച്ച ആശങ്ക ചൂണ്ടിക്കാട്ടി കേരള സർക്കാരുമാണ് സുപ്രീംകോടതിയെ സമീപിച്ചത്. സംസ്ഥാനസർക്കാരിനുവേണ്ടി മുതിർന്ന അഭിഭാഷകൻ ജയ്ദീപ്ഗുപ്തയും സ്റ്റാൻഡിങ് കോൺസൽ നിഷേരാജൻഷൊങ്കറും ഹാജരായി.
‘മുൻ ഉത്തരവ് കീറാമുട്ടിയായി’
ഒരു കിലോമീറ്റർ ചുറ്റളവ് ബഫർസോണായി നിലനിർത്തണമെന്ന കോടതിയുടെ മുൻഉത്തരവ് വലിയ പ്രശ്നം സൃഷ്ടിച്ചതായി പുതിയ ഉത്തരവിൽ കോടതിചൂണ്ടിക്കാട്ടി. രാജ്യത്തെ നൂറുകണക്കിന് ഗ്രാമങ്ങൾ പരിസ്ഥിതിലോല മേഖലയിലാണ്. ഗ്രാമീണർക്ക് വീടുകളുടെ അറ്റകുറ്റപ്പണി നടത്താൻ പറ്റാത്ത സാഹചര്യമുണ്ടാകും.
സ്കൂളുകൾ, അങ്കണവാടികൾ, ആശുപത്രികൾ, ജലസംഭരണികൾ തുടങ്ങിയവ നിർമിക്കാൻ കഴിയില്ല. ദേശീയപാതകളുടെ നിർമാണം, റെയിൽവേയുടെയും പ്രതിരോധവകുപ്പിന്റെയും അടിസ്ഥാന സൗകര്യപ്രവർത്തനങ്ങൾ തുടങ്ങിയ കാര്യങ്ങളും തടസ്സപ്പെടും. വന്യജീവികളുടെ സുരക്ഷയ്ക്ക് ആവശ്യമായ കാര്യങ്ങൾ ചെയ്യാൻ വനംവകുപ്പിനും പ്രയാസമാകും. കർഷകന് കാർഷികവൃത്തി തുടരാൻ അനുവാദം വാങ്ങേണ്ട സാഹചര്യമുണ്ടാകും.
പരിസ്ഥിതിലോല മേഖലകൾ നിർണയിക്കുന്നത് ആ മേഖലകളിലെ മനുഷ്യരുടെ ദൈനംദിന പ്രവൃത്തികൾ തടസ്സപ്പെടുത്താനല്ല. എന്നാൽ, കോടതി ഉത്തരവ് നടപ്പാക്കിയാൽ അത് ജനജീവിതം പൂർണമായും സ്തംഭിപ്പിക്കും. എല്ലായിടത്തും ഒരുപോലെ ഇത്രയും കിലോമീറ്റർ പരിസ്ഥിതിലോല മേഖലയായി തീരുമാനിക്കണമെന്ന നിർദേശം അപ്രായോഗികമാണ്–- ജസ്റ്റിസുമാരായ വിക്രംനാഥ്, സഞ്ജയ്കരോൾ എന്നിവർകൂടി അംഗങ്ങളായ ബെഞ്ച് നിരീക്ഷിച്ചു.
സർക്കാർ ഇടപെടലിനുള്ള
അംഗീകാരം: വനംമന്ത്രി
ബഫർസോൺ വിഷയത്തിൽ സംസ്ഥാന സർക്കാർ സ്വീകരിച്ച നിലപാട് പൂർണമായും അംഗീകരിച്ചുള്ളതാണ് സുപ്രീംകോടതി വിധിയെന്ന് വനംമന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. മലയോര ജനതയെ ആശങ്കയൊഴിവാക്കാൻ നിയമപരമായി സ്വീകരിക്കേണ്ട നടപടികൾ കൃത്യതയോടെ സംസ്ഥാന സർക്കാർ സ്വീകരിച്ചു. അതാണ് ഇന്നത്തെ വിധിക്ക് അടിസ്ഥാനം.
ജനവാസമേഖലകളെ പൂർണമായും ഒഴിവാക്കി സംസ്ഥാന സർക്കാർ കേന്ദ്രത്തിന് സമർപ്പിച്ച കരട് വിജ്ഞാപനം കോടതി ബുധനാഴ്ചത്തെ വിധിയിലൂടെ അംഗീകരിച്ചു. വന്യജീവി സങ്കേതങ്ങളിലോ ഒരു കിലോമീറ്റർ ചുറ്റളവിലോ ഖനനം അംഗീകരിക്കില്ല എന്ന നിലവിലെ നിലപാട് തുടരാനും കോടതി തീരുമാനിച്ചു. കേരളത്തിന്റെ അഭിഭാഷകൻ ചൂണ്ടിക്കാണിച്ച സുൽത്താൻ ബത്തേരി നഗരസഭയും ബ്ലോക്ക് പഞ്ചായത്തും പൂർണമായും ഇക്കോ സെൻസിറ്റീവ് സോണിൽ ഉൾപ്പെട്ടു എന്നത് ഈ വിധിക്ക് ആധാരമായി സുപ്രീംകോടതി പ്രത്യേകം പരാമർശിച്ചിട്ടുണ്ട്.
അന്തർസംസ്ഥാന അതിരുകൾ പങ്കിടുന്ന ഭാഗത്ത് ഈ കോടതിവിധി ബാധകമല്ലെന്നും വ്യക്തമാക്കി. പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങൾക്ക് അടിസ്ഥാനമില്ലെന്നതാണ് കോടതി വിധിയിലൂടെ വ്യക്തമാകുന്നതെന്നും മന്ത്രി പറഞ്ഞു.
Credits Kerala || Deshabhimani Online News https://ift.tt/0wu7bMV
Comments