എലത്തൂർ ട്രെയിൻ തീവയ്പ് : ‘ഹാൻഡ്ലറെ’ തേടി പൊലീസ് ; അന്വേഷണം ഷൊർണൂർ കേന്ദ്രീകരിച്ച്
കോഴിക്കോട്
എലത്തൂർ ട്രെയിൻ തീവയ്പ് കേസിലെ പ്രതി ഷാറൂഖ് സെയ്ഫിക്ക് കേരളത്തിൽ സഹായം നൽകിയ ‘ഹാൻഡ്ലറെ’ കണ്ടെത്താനുള്ള അന്വേഷണം ഊർജിതമാക്കി പൊലീസ്. ഷൊർണൂർ കേന്ദ്രീകരിച്ചാണ് അന്വേഷണം. പ്രതിക്ക് സാമ്പത്തിക സഹായം ഉൾപ്പെടെ ലഭിച്ചതായും സംശയമുണ്ട്.
ഡൽഹിയിൽനിന്ന് സമ്പർക്കക്രാന്തി എക്സ്പ്രസിൽ പുലർച്ചെ എത്തിയ ഷാറൂഖ് രാത്രി 7.24 വരെ ഷൊർണൂർ റെയിൽവേ സ്റ്റേഷനിലും പരിസരത്തുമായി ഉണ്ടായിരുന്നു. പ്രതി എവിടെയെല്ലാം പോയി, ആരൊക്കെയായി സമ്പർക്കം പുലർത്തി തുടങ്ങിയ കാര്യങ്ങളിൽ പൊലീസിന് നിർണായക വിവരം ലഭിച്ചതായാണ് അറിയുന്നത്. പ്രതിയുടെ കൈയിലുള്ള എടിഎം കാർഡ് തകരാറായിരുന്നു. പിന്നെ എങ്ങനെ പണം കിട്ടി എന്നതിലാണ് അന്വേഷണം. പ്രദേശത്തെ എടിഎം കൗണ്ടറുകളിൽനിന്നും ബാങ്ക് ശാഖകളിൽനിന്നും വിവരം ശേഖരിച്ചിട്ടുണ്ട്. പ്രതി ഒളിവിൽ കഴിഞ്ഞതായി കരുതുന്ന ഭാഗങ്ങളിൽ രഹസ്യാന്വേഷണ വിഭാഗം വ്യാപക തിരച്ചിൽ നടത്തുന്നുണ്ട്. സഹായം നൽകിയവർ വിദേശത്തേക്ക് ഉൾപ്പെടെ കടക്കാനുള്ള സാധ്യതയും അന്വേഷകസംഘം കാണുന്നു.
പ്രതി ചോദ്യംചെയ്യലുമായി സഹകരിക്കാത്ത പശ്ചാത്തലത്തിൽ ശാസ്ത്രീയ തെളിവുകളിലൂടെ ആസൂത്രകരിലേക്ക് എത്താനാണ് ശ്രമം. ഷൊർണൂരിലും പരിസരങ്ങളിലുമുള്ള സിസി ടിവി ദൃശ്യങ്ങൾ അന്വേഷക സംഘം ശേഖരിച്ചിട്ടുണ്ട്. ആലപ്പുഴ–-കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസിൽ തീവയ്ക്കുമ്പോൾ ഒപ്പം മറ്റാരെങ്കിലും ഉണ്ടായിരുന്നോ എന്നത് സ്ഥിരീകരിച്ചിട്ടില്ല. ആക്രമണശേഷം രക്ഷപ്പെടാൻ സഹായം ലഭിച്ചിരിക്കാനുള്ള സാധ്യതയും തള്ളുന്നില്ല.
ഞായറാഴ്ച അസുഖം അഭിനയിച്ചതിനാൽ ചോദ്യംചെയ്യൽ നടന്നില്ല. ഇയാൾ കേരളത്തിൽ ഇതിനുമുമ്പ് എത്തിയിട്ടുണ്ടോ എന്നകാര്യത്തിലും വ്യക്തത വരാനുണ്ട്. ‘ഹാൻഡ്ലർ’ സംഘത്തിലുള്ളവർക്ക് പ്രതിയുടെ നാടുമായി ബന്ധമുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. പ്രതിയുടെ കേരള ബന്ധവും സഹായം നൽകിയവരെയും മനസ്സിലാക്കിയശേഷം കേസ് എൻഐഎക്ക് കൈമാറിയേക്കും.
ഓട്ടോ ഡ്രൈവറുടെ മൊഴിയെടുത്തു
എലത്തൂരിൽ ട്രെയിനിന് തീയിട്ട കേസിലെ പ്രതി ഷാറൂഖ് സെയ്ഫി ഷൊര്‍ണൂരിൽ സഞ്ചരിച്ച ഓട്ടോയുടെ ഡ്രൈവറിൽനിന്ന് മൊഴിയെടുത്തു. പ്രത്യേക അന്വേഷകസംഘം ഷൊര്‍ണൂരിലെത്തിയാണ് കോഴിപ്പാറ പ്രദേശത്തെ ഓട്ടോ ഡ്രൈവറുടെ മൊഴിയെടുത്തത്. ഷൊർണൂർ പരുത്തിപ്ര റോഡിന് സമീപത്തുള്ള സ്റ്റാൻഡിൽനിന്ന് പ്രതി ഓട്ടോ വിളിച്ചെന്നാണ് ഡ്രൈവറുടെ മൊഴി. ഷൊർണൂർ നഗരസഭാ ഓഫീസ് വഴി പെട്രോൾ പമ്പിലെത്തി. പെട്രോൾ വാങ്ങി എസ്എംബി ജങ്ഷന് വഴി ഷൊർണൂർ ജങ്ഷന് റെയിൽവേ സ്റ്റേഷനിലെത്തിയെന്നുമാണ് മൊഴി.
ഷാറൂഖ് സെയ്ഫി നല്കിയ മൊഴിയില്‍നിന്ന് വ്യത്യസ്തമാണ് ഇയാളുടേത്. ഷൊർണൂർ ജങ്ഷന് റെയിൽവേ സ്റ്റേഷനിൽനിന്ന് ഓട്ടോ വിളിച്ച് പമ്പിലെത്തി പെട്രോൾ വാങ്ങി അതേ വാഹനത്തിൽ മടങ്ങിയെന്നായിരുന്നു ഷാറൂഖിന്റെ മൊഴി. കൃത്യത്തിന് ഉപയോഗിച്ച പെട്രോൾ വാങ്ങിയത് ഷൊർണൂർ പൊതുവാൾ ജങ്ഷന് സമീപമുള്ള ഐഒസി പമ്പിൽനിന്നാണെന്ന് സ്ഥിരീകരിച്ചിരുന്നു. ഇവിടെയുള്ള സിസിടിവി ദൃശ്യങ്ങൾ അന്വേഷക സംഘം ശേഖരിച്ചു. ഷാറൂഖ് സെയ്ഫിയെ ഓട്ടോഡ്രൈവര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്.
സഹകരിക്കുന്നില്ല, രോഗമഭിനയിച്ച് പ്രതി
ഷാറൂഖ് സെയ്ഫി ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ല. മൂത്ര തടസ്സവും വേദനയും ഉണ്ടെന്നുപറഞ്ഞാണ് നിസ്സഹകരണം. തുടർന്ന് മെഡിക്കൽ കോളേജ് മെഡിസിൻ മേധാവി ഡോ. ജയേഷിന്റെ നേതൃത്വത്തിലുള്ള സംഘം മാലൂർ കുന്ന് എആർ ക്യാമ്പിലെത്തി പരിശോധിച്ചു. കാര്യമായ ആരോഗ്യ പ്രശ്നങ്ങളില്ലെന്നാണ് വിലയിരുത്തൽ.
വ്യാഴാഴ്ച അറസ്റ്റ് ചെയ്തെങ്കിലും ഇതുവരെ കാര്യമായി ചോദ്യം ചെയ്യാനായിട്ടില്ല. ഒരു ദിവസം ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച ഡിസ്ചാർജ് ചെയ്തു. തുടർന്ന് ഒരു ദിവസം മാത്രമാണ് ചോദ്യം ചെയ്തത്. കരൾ രോഗ പരിശോധനയുൾപ്പെടെയുള്ളവയ്ക്കായി പ്രതിയെ തിങ്കളാഴ്ച മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കും. നേരത്തെ കരൾ രോഗം കണ്ടെത്തിയിരുന്നു. രക്തത്തിൽ എസ്ജിപിടിയുടെ അളവ് ക്രമാതീതമായി വർധിച്ചിരുന്നു. ഇത് കുറഞ്ഞതോടെയാണ് ഡിസ്ചാർജ് ചെയ്തത്.
Credits Kerala || Deshabhimani Online News https://ift.tt/eHq4CRs
Comments