ആറിൽ തിളങ്ങി ഗഹന , ആദ്യ നൂറിൽ 4 മലയാളികൾ ; സിവിൽ സർവീസില്‍ പെണ്‍തിളക്കം
ന്യൂഡൽഹി
സിവിൽ സർവീസ് ഫലം പ്രസിദ്ധീകരിച്ചപ്പോൾ ആറാം റാങ്ക് നേടി കോട്ടയം പാല സ്വദേശി ഗഹന നവ്യ ജയിംസ് കേരളത്തിന്റെ അഭിമാനമായി. യുപി ഗ്രേറ്റർ നോയിഡ സ്വദേശി ഇഷിത കിഷോറിനാണ് ഒന്നാം റാങ്ക്. തുടർച്ചയായ രണ്ടാം വർഷവും ആദ്യ മൂന്ന് റാങ്ക് പെൺകുട്ടികൾ നേടി. ആദ്യ പത്തിലെ ആറും പെൺകുട്ടികളാണ്. ആദ്യനൂറിൽ നാല് മലയാളികൾ ഇടംപിടിച്ചു. തിരുവനന്തപുരം ബാലരാമപുരം സ്വദേശി വി എം ആര്യ (36), കൊല്ലം ചവറ സ്വദേശി എസ് ഗൗതം രാജ് (63), ആലപ്പുഴ ചെട്ടികുളങ്ങര സ്വദേശി എസ് മാലിനി (86) എന്നിവരാണ് മറ്റ് റാങ്കുകാർ. 39 മലയാളികളാണ് ഇത്തവണ റാങ്ക് പട്ടികയിൽ ഇടം നേടിയത്. 2021ൽ ആദ്യപത്തിൽ മലയാളികളുണ്ടായിരുന്നില്ല.
പാല സെന്റ് തോമസ് കോളേജിലെ ഹിന്ദി വിഭാഗം മുൻ മേധാവി മുത്തോലി പുലിയന്നൂർ ചിറയ്ക്കൽ വീട്ടിൽ പ്രൊഫ. ജെയിംസ് തോമസിന്റെയും കാലടി സർവകലാശാല ഹിന്ദി വിഭാഗം മുൻ അധ്യാപിക ഡോ. ദീപ ജോർജിന്റെയും മകളാണ് ഗഹന. കോട്ടയം എംജി സർവകലാശാലയിലെ ഇന്റർനാഷണൽ റിലേഷൻസ് വിഭാഗത്തിൽ ഗവേഷകയാണ്.
റിപ്പോർട്ട് ചെയ്യപ്പെട്ട 1022 ഒഴിവുകളിലേക്ക് ഇത്തവണ 933 ഉദ്യോഗാർഥികളെയാണ് തെരഞ്ഞെടുത്തത്. ഇതിൽ നൂറുപേരുടെ ഫലം പ്രൊവിഷണലാണ്. 178 പേർ റിസർവ് ലിസ്റ്റിൽ ഉൾപ്പെട്ടു. ഇന്ത്യൻ റെയിൽവേ മാനേജ്മെന്റ് സർവീസിലേക്കുള്ള ഉദ്യോഗാർഥികളെ വീണ്ടും കണ്ടെത്താൻ തീരുമാനിച്ചതോടെയാണ് നിയമനങ്ങൾ അൽപ്പം വർധിച്ചത്. സംഘപരിവാറിന്റെ വിദ്വേഷ ആക്രമണങ്ങൾക്ക് ഇരയായ ജാമിയ മിലിയ റസിഡൻഷ്യൽ കോച്ചിങ് അക്കാദമിയിൽനിന്ന് ഇത്തവണ പരീക്ഷ ജയിച്ചത് 23 പേരാണ്. ജമ്മു കശ്മീരിലെ അനന്ത്നാഗ് സ്വദേശി വസീം അഹമ്മദ് ഭട്ട് ഏഴാംറാങ്ക് നേടി.
Credits Kerala || Deshabhimani Online News https://ift.tt/led5car
Comments