‘ഏതുണ്ടെടാ കാൽപ്പന്തല്ലാതെ’ ; ഫുട്ബോൾ നാൾവഴിയും വികാരവും പറഞ്ഞ് ലിറ്ററേച്ചർ ഫെസ്റ്റിവൽ
ഫോർട്ട് കൊച്ചി
ഫുട്ബോൾ വികാരവും ചരിത്രവും ആവേശത്തോടെ പറഞ്ഞ് യുവധാര യൂത്ത് ലിറ്ററേച്ചർ ഫെസ്റ്റിവലിലെ ‘ഏതുണ്ടെടാ കാൽപ്പന്തല്ലാതെ’ ചർച്ച. ഫുട്ബോൾ കേരളത്തിലേക്കുവന്ന വഴി പറഞ്ഞ് എഴുത്തുകാരൻ എൻ എസ് മാധവനാണ് ചർച്ചയ്ക്ക് തുടക്കമിട്ടത്. 20–-ാംനൂറ്റാണ്ടിന്റെ തുടക്കത്തിൽ കൊച്ചിയിൽ വന്നിറങ്ങിയ വിദേശ നാവികരിലൂടെയാണ് കേരളത്തിലേക്ക് ഫുട്ബോൾ എത്തിയതെന്ന് അദ്ദേഹം പറഞ്ഞു. പരേഡ് ഗ്രൗണ്ടിൽ അവർ ഫുട്ബോൾ കളിച്ചതും 1940കളിൽ പ്രശസ്തനായ ഡോളോ എന്ന ഐതിഹാസിക താരത്തെക്കുറിച്ചും കേരളത്തിലെ ആദ്യത്തെ ഫുട്ബോൾ ക്ലബ്ബിനെക്കുറിച്ചും കൂട്ടിച്ചേർത്തു. ഒരു ഉരുണ്ട വസ്തു കിടന്നാൽ തട്ടുകയെന്നത് മനുഷ്യന്റെ നൈസർഗിക വികാരമാണ്. അതുകൊണ്ടാണ് ജനാഭിനിവേശമായി ഫുട്ബോൾ വളർന്നതെന്നും അദ്ദേഹം പറഞ്ഞു.
ഫുട്ബോൾമൂലം എൽ സാൽവഡോറും ഹോണ്ടുറാസും തമ്മിലുണ്ടായ നൂറുമണിക്കൂർ നീണ്ട യുദ്ധത്തെക്കുറിച്ച് ഇ സന്തോഷ്കുമാർ പറഞ്ഞപ്പോൾ, ഫുട്ബോൾ ഇതിഹാസം പെലെയുടെ കളി കാണാൻ 1967ൽ നൈജീരിയയിൽ ഇരുവിഭാഗങ്ങൾ യുദ്ധം നിർത്തിവച്ച ചരിത്രം ഷൈജു ദാമോദരൻ കൂട്ടിച്ചേർത്തു. ഫുട്ബോളിലെ സ്ത്രീപങ്കാളിത്തവും ചർച്ചയായി. ബി കെ ഹരിനാരായണൻ, അഞ്ജന ശശി, അപർണ സെൻ എന്നിവരും സംസാരിച്ചു.
Credits Kerala || Deshabhimani Online News https://ift.tt/uGZ9VlI
Comments