അരിക്കൊമ്പൻ ദൗത്യം ; സംസ്ഥാന സർക്കാരിന് ഹൈക്കോടതിയുടെ അഭിനന്ദനം
കൊച്ചി
അരിക്കൊമ്പൻ ദൗത്യം മികച്ചരീതിയിൽ പൂർത്തിയാക്കിയ സർക്കാരിനും ഉദ്യോഗസ്ഥർക്കും ഹൈക്കോടതിയുടെ അഭിനന്ദനം. വനമേഖലയോടുചേർന്ന ജനവാസമേഖലകളിലെ വന്യജീവി ആക്രമണം പഠിക്കാൻ വിദഗ്ധസമിതിയെ നിയോഗിക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു. വിദഗ്ധസമിതി പരിശോധനാ റിപ്പോർട്ട് മെയ് 17ന് സമർപ്പിക്കണം.
വനമേഖലയോടുചേർന്ന പഞ്ചായത്തുകളിൽ മനുഷ്യനും വന്യജീവികളുമായുള്ള സംഘർഷം നിരീക്ഷിക്കാൻ ഹൈക്കോടതി നിർദേശപ്രകാരം പ്രാദേശിക ജനപ്രതിനിധികളെയും ജില്ലാ ഭരണാധികാരികളെയും ഉൾപ്പെടുത്തി കർമസേനകൾ രൂപീകരിച്ചിട്ടുണ്ട്. ഇവർ നൽകുന്ന വിവരങ്ങൾ വിദഗ്ധസമിതിക്ക് പരിഗണിക്കാം. അരിക്കൊമ്പൻ കേസിലെ അമിക്കസ് ക്യൂറിയെ സമിതിയുടെ കൺവീനറായും നിയമിച്ചു. മറ്റ് അംഗങ്ങൾ ആരൊക്കെയാണെന്ന് കൺവീനറും അഡീഷണൽ അഡ്വക്കറ്റ് ജനറലും റിപ്പോർട്ട് നൽകണം. ചിന്നക്കനാലിലും സമീപപ്രദേശങ്ങളിലും നാശമുണ്ടാക്കിയ അരിക്കൊമ്പനെ പിടികൂടുന്നത് സംബന്ധിച്ച ഹർജികൾ പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ നിർദേശം. ജസ്റ്റിസ് എ കെ ജയശങ്കരൻനമ്പ്യാർ, ജസ്റ്റിസ് പി ഗോപിനാഥ് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് പരിഗണിക്കുന്നത്. വനമേഖലയിൽ മാലിന്യനിക്ഷേപത്തിനെതിരെ നടപടിയെടുക്കാനും കോടതി നിർദേശിച്ചു. വന്യമൃഗങ്ങൾ കാടിറങ്ങാൻ ഇത് കാരണമാകുന്നുവെന്ന് കോടതി നിരീക്ഷിച്ചു.
Credits Kerala || Deshabhimani Online News https://ift.tt/fJ8vGzD
Comments